ടിക്കല്‍ ആളെ കണ്ടാല്‍ ശൗര്യത്തോടെ നില്‍ക്കുന്ന കാവല്‍ പദവിയില്‍നിന്ന് വളര്‍ത്തുനായകളുടെ സ്ഥാനം വീടിനുള്ളിലേക്ക് മാറുന്നു. ലോക്ഡൗണില്‍ കുട്ടികളടക്കം വീടുകളിലേക്ക് ഒതുങ്ങിയപ്പോഴാണ് കൂടുതല്‍ അരുമയായി നായകളുടെ അകത്തുവാസം കൂടിയത്. കഴിഞ്ഞവര്‍ഷം ലോക്ഡൗണിനു ശേഷമാണ് ഇത്തരമൊരു പ്രവണത കൂടിവന്നതെന്ന് വെറ്ററിനറി സര്‍വകലാശാലയില്‍ നടക്കുന്ന പഠനത്തില്‍ പറയുന്നു. 

കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ തുടങ്ങിയ ശേഷം സംസ്ഥാനത്ത് വില്‍പ്പന നടന്നതില്‍ കാവല്‍ നായകളെക്കാള്‍ 40 ശതമാനം അധികമാണ് വീടിനുള്ളില്‍ വളര്‍ത്തുന്ന നായകളുടെ എണ്ണം. സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ വീടുകളില്‍ അകപ്പെട്ടുപോയ കുട്ടികളാണ് അരുമനായ്ക്കളുടെ ഇഷ്ടക്കാര്‍. മുമ്പ് ഉയര്‍ന്ന സാമ്പത്തികശേഷി ഉള്ളവര്‍ മാത്രം വാങ്ങിയിരുന്ന ശൈലിക്കും മാറ്റമുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന സര്‍വകലാശാലയിലെ വിജ്ഞാന വ്യാപനവിഭാഗം അധ്യാപകന്‍ ഡോ. ടി.എസ്. രാജീവ് പറയുന്നു.

അരുമനായകള്‍ക്കായി ആവശ്യമുന്നയിക്കുന്ന കുട്ടികളില്‍ പ്രായവ്യത്യാസമില്ലെന്നതാണ് മറ്റൊരു കണ്ടെത്തല്‍. പെണ്‍കുട്ടികളാണ് കൂടുതലും ആഭിമുഖ്യം കാട്ടുന്നത്. ബീഗിള്‍, ഷിറ്റ്സു, പഗ്ഗ് എന്നീ ഇനങ്ങളാണ് പ്രിയമുള്ളവയില്‍ മുന്‍നിരക്കാര്‍. പഞ്ഞിക്കെട്ടു പോലെ തോന്നിക്കുന്ന ഇത്തരം ഇനങ്ങള്‍ക്ക് 10,000 മുതല്‍ 50,000 രൂപയാണ് വില.

ലോക്ഡൗണിനു മുമ്പ് കുഞ്ഞുങ്ങള്‍ ഉണ്ടായി മൂന്നു മാസംവരെ കച്ചവടക്കാരുടെ കൈവശം നില്‍ക്കുമായിരുന്നു. എന്നാല്‍, ഒന്നരവര്‍ഷമായി 30 ദിവസത്തിനിപ്പുറം കുഞ്ഞുങ്ങള്‍ വിറ്റു പോവുന്നുണ്ട്. വീടിനുള്ളില്‍ വളര്‍ത്തുന്ന ഇവയ്ക്ക് പരിചരണച്ചെലവാണ് പ്രധാനമായുള്ളത്. ഇത്തരം നായകളെ വളര്‍ത്താന്‍ പ്രതിമാസം ആയിരം രൂപ മതി. ജര്‍മന്‍ ഷെപ്പേഡ് പോലുള്ള കാവല്‍ നായകള്‍ക്ക് പ്രതിമാസം 4000 രൂപ ചെലവു വരും.

Content Highlights: Role of pet dogs shifts from guard duty to indore pets