ലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ ചമ്പക്കുളം, തലവടി തുടങ്ങിയ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങിയ സംഭവം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. പ്രാദേശികമാധ്യമങ്ങള്‍ ഈ സംഭവം ഏറെ പ്രാധാന്യത്തോടെയാണ് വാര്‍ത്തയാക്കിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ H5N1 ഏവിയന്‍ ഇന്‍ഫ്‌ലുന്‍സ കണ്ടെത്തിയ സാഹചര്യത്തില്‍ താറാവുകളുടെ മരണകാരണം പക്ഷിപ്പനിയായിരിക്കുമോ എന്നായിരുന്നു കര്‍ഷകരുടെയും പ്രദേശവാസികളുടെയും ആശങ്ക. 

എന്നാല്‍ ചത്ത താറാവുകളുടെ പോസ്റ്റുമോര്‍ട്ടം, മറ്റ് ലാബ്  പരിശോധനകള്‍ക്കുമൊടുവില്‍ കൂട്ടമരണത്തിന്റെ യഥാര്‍ത്ഥ കാരണം റൈമെറെല്ലോസിസ് എന്ന സാംക്രമിക താറാവ് രോഗമാണെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ സ്ഥിരീകരണം. തിരുവല്ല പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ വച്ചാണ് പരിശോധനകള്‍ നടന്നത്. റൈമെറെല്ല രോഗം താറാവുകളില്‍ മാരകമാണെങ്കിലും മനുഷ്യരിലേക്കോ മറ്റ് വളര്‍ത്തുമൃഗങ്ങളിലേക്കോ പകരുന്ന രോഗങ്ങളില്‍ ഒന്നല്ലാത്തതിനാല്‍ ആശങ്കകള്‍ വേണ്ടതില്ല. താറാവുകളില്‍ രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് മൃഗസംരക്ഷണവകുപ്പ് രോഗപ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

റൈമെറെല്ല രോഗം: താറാവുകര്‍ഷകര്‍ അറിയേണ്ടത്

താറാവുകളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ മുഖ്യമാണ് റൈമെറെല്ല രോഗം. ന്യൂ ഡക്ക് രോഗം എന്നും ഡക്ക് സെപ്റ്റിസീമിയ എന്നും  റൈമെറെല്ല രോഗത്തിന് വിളിപ്പേരുകള്‍ ഉണ്ട്. റൈമെറെല്ല അനാറ്റിപെസ്റ്റിഫെര്‍ എന്ന ബാക്ടീരിയ രോഗാണുക്കളാണ് രോഗകാരണം. മലിനമായ പരിസരങ്ങളില്‍ നിന്നും ശരീരത്തിലെ മുറിവുകളിലൂടെയും തീറ്റയിലൂടെയും വായുവിലൂടെയുമെല്ലാമാണ് രോഗാണുക്കള്‍ താറാവുകളുടെ ശരീരത്തില്‍ എത്തിച്ചേരുന്നത്. രോഗബാധിതരായ താറാവുകള്‍ അവയുടെ ശരീരസ്രവങ്ങളിലൂടെയും, കാഷ്ഠത്തിലൂടെയും രോഗാണുക്കളെ പുറന്തള്ളും. ഈ താറാവുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അവയുടെ കാഷ്ഠം കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം പോലുള്ള ഫാം ഉപകരണങ്ങള്‍ എന്നിവയിലൂടെയും മറ്റ് താറാവുകളിലേക്ക് രോഗം പടരും.

ഏത് പ്രായത്തിലുള്ള താറാവുകളെയും രോഗം പിടികൂടാമെങ്കിലും 1 മുതല്‍ 7  ആഴ്ചവരെ വരെ പ്രായമുള്ള താറാവുകളിലാണ് കൂടുതല്‍ രോഗസാധ്യത. രോഗബാധയേറ്റ താറാവിന്‍ കുഞ്ഞുങ്ങളില്‍ മരണനിരക്ക് 75  ശതമാനം വരെയാണ് . റൈമെറെല്ല രോഗം പ്രധാനമായും താറാവുകളെയാണ് ബാധിക്കുന്നതെങ്കിലും ടര്‍ക്കികള്‍, വാത്തകള്‍,  അരയന്നങ്ങള്‍ തുടങ്ങിയ വളര്‍ത്തുപക്ഷികളിലും  രോഗത്തിന് സാധ്യത ഉണ്ട്. 

രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ച് 2 മുതല്‍ 5 ദിവസത്തിനകം താറാവുകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. തലതാഴ്ത്തി തൂങ്ങി നില്‍ക്കല്‍, തീറ്റയെടുക്കാതിരിക്കല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, ചിറകുകളുടെയും കാലുകളുടെയും  തളര്‍ച്ച, നടക്കാനും നീന്താനുമുള്ള മടി, തലയുടെയും കഴുത്തിന്റെയും വിറയല്‍, ഇടക്കുള്ള തുമ്മല്‍, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും സ്രവമൊലിക്കല്‍, ദുര്‍ഗന്ധത്തോടുകൂടിയ പച്ചയും വെള്ളയും കലര്‍ന്ന വയറിളക്കം തുടങ്ങിയവയാണ് രോഗത്തിന്റെ ആരംഭലക്ഷണങ്ങള്‍. 

രോഗബാധയേറ്റ താറാവിന്‍ കുഞ്ഞുങ്ങള്‍ തറയില്‍ മലര്‍ന്ന് വീണ് അവയുടെ കാലുകള്‍ വിടര്‍ത്തി കിടക്കുന്നതും കാണാം. റൈമെറെല്ലയുടെ ലക്ഷണങ്ങള്‍ പലപ്പോഴും താറാവുകളിലെ തന്നെ വസന്തരോഗത്തോട്  (താറാവ് പ്‌ളേഗ് ) സമാനത പുലര്‍ത്തുന്നുന്നവയാണ്. രോഗബാധയേല്‍ക്കുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍ രോഗലക്ഷങ്ങള്‍ തുടങ്ങിയാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂട്ടമായി ചത്തുവീഴും. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പ് തന്നെ ചത്തുപോവാനും ഇടയുണ്ട്. 

രോഗത്തെ പ്രതിരോധിക്കാന്‍

  • രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് രോഗനിര്‍ണയത്തിനും ചികിത്സകള്‍ ഉറപ്പാക്കുന്നതിനുമുള്ള  ക്രമീകരണങ്ങള്‍ ചെയ്യണം. സ്വയം ചികിത്സ അരുത്. റൈമെറെല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍ പക്ഷിപ്പനി, താറാവ് വസന്ത, താറാവുകളിലെ കോളറ ( അറ്റാക്ക് രോഗം/ പാസ്ച്ചുറല്ല രോഗം), പൂപ്പല്‍ വിഷബാധ  തുടങ്ങിയ  രോഗങ്ങളുമായി സമാനത പുലര്‍ത്തുന്നതിനാല്‍ കൃത്യമായ രോഗനിര്‍ണയം അതീവ പ്രധാനമാണ്. മാത്രമല്ല കള്‍ച്ചര്‍,  ആന്റിബയോട്ടിക് സെന്‍സിറ്റിവിറ്റി പരിശോധനകള്‍ നടത്തി കൃത്യമായ മരുന്ന് കണ്ടെത്താനുള്ള സംവിധാനങ്ങളും രോഗനിര്‍ണയ കേന്ദ്രങ്ങളില്‍ ഉണ്ട്.
  • രോഗലക്ഷണങ്ങള്‍ കാണിക്കുന്ന താറാവുകളെ കൂട്ടത്തില്‍ നിന്ന് മാറ്റിയിട്ട്  പരിചരിക്കണം.  അവയെ മറ്റ് താറാവുകള്‍ക്കൊപ്പം മേയാന്‍ അയക്കരുത്
  • റൈമെറെല്ല രോഗത്തിനെതിരെ ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സകള്‍ ലഭ്യമാണ്. പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി  വര്‍ദ്ധിപ്പിക്കാന്‍ കരള്‍ ഉത്തേജക മരുന്നുകള്‍,  ധാതു ജീവക  മരുന്നുകള്‍, മിത്രാണുമിശ്രിതങ്ങളായ പ്രോബയോട്ടിക്കുകള്‍, എന്നിവയും നല്‍കാം. രോഗ ബാധയില്ലാത്ത പക്ഷികളില്‍ രോഗപ്രതിരോധത്തിനായി  ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിന്‍ പ്രകാരം  ആന്റിബയോട്ടിക് മരുന്നുകള്‍ ചേര്‍ത്ത്  നല്‍കാവുന്നതാണ്.
  • താറാവ് വസന്ത രോഗത്തിനെതിരെയും താറാവുകളിലെ പാസ്ച്ചുറല്ല രോഗത്തിനെതിരെയും വാക്‌സിനുകള്‍ ലഭ്യമാണെങ്കിലും റൈമെറെല്ല രോഗം തടയാന്‍ വാക്‌സിനുകള്‍ ലഭ്യമല്ല. താറാവ് വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ മതിയായ ശുചിത്വവും ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക എന്നത് മാത്രമാണ് രോഗം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.  ഓരോ പുതിയ ബാച്ച് താറാവിന്‍ കുഞ്ഞുങ്ങളെ കൊണ്ട് വരുന്നതിന് മുന്‍പും കൂടും പരിസരവും ജൈവമാലിന്യങ്ങള്‍ നീക്കി അണുനാശിനികള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. വിവിധ പ്രായത്തിലുള്ള താറാവുകളെ ഒരുമിച്ച് പാര്‍പ്പിക്കുന്നതും പരിപാലിക്കുന്നതും ഒഴിവാക്കുന്നതാണ് ഉത്തമം.  രോഗമില്ലാത്ത  പ്രജനനനകേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ താറാവിന്‍ കുഞ്ഞുങ്ങളെ വാങ്ങാവൂ .
  • ഒരു കാരണവശാലും  മാലിന്യം നിറഞ്ഞ ജലാശയങ്ങളില്‍ താറാവിന്‍ കുഞ്ഞുങ്ങളെ മേയാന്‍ വിടരുത്. മലിനജലം കുടിക്കാനും നീന്തിക്കുളിക്കാനും താറാവുകള്‍ക്ക് നല്‍കുകയുമരുത്. 

Content Highlights: Riemerella anatipestifer infection in domestic ducks in Alappuzha