ക്ഷിപ്പനിയെ തുടര്‍ന്ന് മൂന്നുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കാതിരുന്ന കൊല്ലം കുരീപ്പുഴ ടര്‍ക്കിഫാമില്‍ വില്‍പ്പനയ്ക്കായി പുതിയ ഇനം ടര്‍ക്കിക്കുഞ്ഞുങ്ങളെ വിരിയിച്ചു. രോഗപ്രതിരോധശേഷി കൂടിയ അമേരിക്കന്‍ ഇനമായ ബെല്‍സ്വില്ലെ ടര്‍ക്കികളെയാണ് വിരിയിച്ചത്.

ഫാമിലെ ഇന്‍ക്യുബേറ്ററിലാണ് 5000-ത്തിലേറെ കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്. ഇറച്ചിക്കുള്ള ടര്‍ക്കികളുടെ വില്‍പ്പന ഓണത്തിന് തുടങ്ങും.

പകര്‍ച്ചവ്യാധികള്‍ ഇല്ലാത്തതിനാല്‍ രോഗപ്രതിരോധമരുന്നുകളോ ആന്റിബയോട്ടിക്കുകളോ ടര്‍ക്കികളില്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് പൂര്‍ണമായും സുരക്ഷിതമായ ഇറച്ചിയെന്ന കീര്‍ത്തി ഇതിനുണ്ട്.

ടര്‍ക്കിഫാമില്‍ നേരത്തെ ഉണ്ടായിരുന്ന ബ്രോണ്‍സ്, ലാര്‍ജ് വൈറ്റ് എന്നീ ഇനങ്ങള്‍ പൂര്‍ണവളര്‍ച്ചയില്‍ എട്ടുമുതല്‍ 12 കിലോവരെ ഭാരമെത്തുമായിരുന്നു. എന്നാല്‍ ബെല്‍സ്വില്ലെയാകട്ടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഉതകുന്നരീതിയില്‍ അഞ്ച് കിലോവരെമാത്രമേ തൂക്കമുണ്ടാവുകയുള്ളൂ.

തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുടെ ഫാമില്‍നിന്ന് 2017 ഓഗസ്റ്റിലാണ് ബെല്‍സ്വില്ലെ ഇനത്തില്‍പ്പെട്ട 40 ടര്‍ക്കിക്കോഴികളെ കൊണ്ടുവന്നത്. രണ്ടുവര്‍ഷത്തെ കൊത്തുമുട്ടകള്‍ ശേഖരിച്ചാണ് ഫാമിലെ ഇന്‍ക്യുബേറ്ററില്‍ കുഞ്ഞുങ്ങളെ വിരിയിച്ചത്. ഒന്നുമുതല്‍ രണ്ടുമാസംവരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്.

വെള്ളത്തൂവലുകള്‍ ഉള്ളതിനാല്‍ കാഴ്ചയില്‍ സ്വീകര്യത ഏറെയുള്ള ബെല്‍സ്വില്ലെ ഇനത്തിന് കൊളസ്‌ട്രോള്‍ രഹിതമായ ഇറച്ചിയാണ്. സെപ്റ്റംബര്‍ മധ്യത്തോടെ മുതിര്‍ന്ന ടര്‍ക്കികളെയും വില്‍ക്കാന്‍ കഴിയുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബി.അജിത്ബാബുവും പി.ആര്‍.ഒ. ഡോ. ഡി.ഷൈന്‍കുമാറും പറഞ്ഞു. രാവിലെ എട്ടുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് ഫാമില്‍ വില്‍പ്പന. ഫോണ്‍: 0474-2799222.

Content Highlights: Regional Poultry Farm(Turkey Farm) Kollam, Kerala