കര്‍ഷകര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തി ഇറച്ചിക്കോഴി കുഞ്ഞിന്റെ വില കുത്തനെ ഉയരുന്നു. നിലവില്‍ 50 രൂപയാണ് ഒരു ഇറച്ചിക്കോഴി കുഞ്ഞിന്റെ വില. കഴിഞ്ഞ മാസം 27 രൂപ വരെ വിലയുണ്ടായിരുന്നിടത്താണ് ഒറ്റയടിക്ക് 23 രൂപയോളം കൂടിയത്. കോഴിക്കുഞ്ഞിന്റെ വിലകൂടിയതോടെ ഫാമുകളിലെ ഉത്പാദനം കുറയുകയും വിപണിയില്‍ ഇറച്ചിവില ഉയരുകയും ചെയ്തിട്ടുണ്ട്.
വലിയ വിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്‍ക്കുന്നത് നഷ്ടമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉത്പാദനച്ചെലവിന് ആനുപാതികമായി വിലകിട്ടാത്തതിനാല്‍ ചെറുകിട ഫാം ഉടമകള്‍ കൃഷിയില്‍നിന്ന് പിന്മാറിത്തുടങ്ങി. കോവിഡിന് തൊട്ടുമുമ്പ് ഏഴ് മുതല്‍ 20 രൂപ വരെയായിരുന്നു ശരാശരി ഒരു ഇറച്ചിക്കോഴി കുഞ്ഞിന്റെ വില. ജില്ലയില്‍ മൂന്ന് ഹാച്ചറികള്‍ മാത്രമാണുള്ളത്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്.
ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടയുടെ വില വര്‍ധിച്ചതാണ് കുഞ്ഞിന്റെ വിലയുയരാന്‍ കാരണം. മുമ്പ് 18 രൂപവരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 32 രൂപവരെയാണ് ഒരു മുട്ടയുടെ വില. കോവിഡ് പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാവാതെ മുട്ടക്കോഴികളെ വിറ്റൊഴിവാക്കിയതോടെയാണ് അടവിരിയിക്കാനുള്ള മുട്ടയ്ക്ക് ക്ഷാമം നേരിട്ടതും വിലകൂടിയതും. വിലയുയര്‍ന്നതിനൊപ്പം കോഴിക്കുഞ്ഞുങ്ങള്‍ക്ക് ക്ഷാമവും നേരിടുന്നുണ്ട്.
ഒരു കോഴിക്കുഞ്ഞിനെ 45 ദിവസം വളര്‍ത്തി വലുതാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ 185 രൂപയോളം ചെലവുവരുന്നുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഫാമുകളില്‍നിന്ന് കഴിഞ്ഞദിവസംവരെ കച്ചവടക്കാര്‍ കോഴികളെ എടുത്തിരുന്നത് കിലോയ്ക്ക് 90 രൂപ നിരക്കിലാണ്. അതായത് ശരാശരി രണ്ട് കിലോയുള്ള കോഴിക്ക് കിട്ടുന്നത് 180 രൂപ. കര്‍ഷകന് നഷ്ടം അഞ്ച് രൂപ. ഇത്തരത്തില്‍ വളര്‍ത്തുന്ന കോഴികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നഷ്ടത്തിന്റെ തോതും കൂടും. വില ഉയരുമെന്ന് പ്രതീക്ഷിച്ച് 45 ദിവസം കഴിഞ്ഞും വില്‍ക്കാതിരുന്നാല്‍ ചെലവ് പിന്നെയും കൂടും.
വിപണിയില്‍ വിലയുണ്ട്, കര്‍ഷകര്‍ക്ക് നേട്ടമില്ല
കോവിഡ് കാലത്ത് ഫാമുകളില്‍ ഇറച്ചിക്കോഴി ഉത്പാദനം പകുതിയില്‍ താഴെയായി കുറഞ്ഞിരുന്നു. ഇതോടെ കുറച്ചുകാലമായി വിപണിയില്‍ ഇറച്ചിവില ഉയര്‍ന്നുനില്‍ക്കുകയാണ്. ഇറച്ചിക്ക് 180 രൂപയും കോഴിക്ക് 130 രൂപയുമാണ് കിലോയ്ക്ക് ശരാശരി വില. വിപണിയില്‍ കോഴിയിറച്ചിക്ക് വിലകൂടിയിട്ടും അതിന്റെ നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കോവിഡ് പ്രതിസന്ധിയിലുണ്ടായ നഷ്ടങ്ങളില്‍നിന്ന് കരകയറാനാവാതെ കര്‍ഷകര്‍ വലയുകയാണ്.
കോവിഡ് വ്യാജ പ്രചാരണവും പക്ഷിപ്പനിയും ഒന്നിച്ച് വന്നതോടെ ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞിരുന്നു. ആ സമയത്ത് ആവശ്യക്കാരില്ലാതായതോടെ വാകേരിയിലെ ഹാച്ചറി ഉടമയായ വി.എം. സുനില്‍ 30,000 കോഴിക്കുഞ്ഞുങ്ങളെയാണ് വെറുതേ കൊടുത്ത് ഒഴിവാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇത്തരത്തില്‍ കര്‍ഷകര്‍ക്കും ഹാച്ചറി ഉടമകള്‍ക്കും കോവിഡ് കാലത്ത് ഭീമമായ നഷ്ടമുണ്ടായി. വന്‍കിട കുത്തക കമ്പനികളാണ് കേരളത്തിലെ ഇറച്ചിക്കോഴി വിപണിയെ നിയന്ത്രിക്കുന്നത്.
ഉത്പാദനം കുറഞ്ഞു
ഹാച്ചറികളില്‍ ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടയുടെ വില ഇരട്ടിയോളം വര്‍ധിച്ചതിനാലാണ് കുഞ്ഞുങ്ങളുടെ വിലയും കൂടിയത്. അടവിരിയിക്കാനുള്ള മുട്ടയ്ക്ക് ക്ഷാമമുണ്ട്. ഇതിനാല്‍ കോഴിക്കുഞ്ഞ് ഉത്പാദനം കുറഞ്ഞു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നാണ് ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടയെത്തിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. - വി.എം. സുനില്‍, ഹാച്ചറി ഉടമ, വാകേരി.
കര്‍ഷകര്‍ക്ക് നഷ്ടംമാത്രം
ഇറച്ചിക്കോഴി കുഞ്ഞിന്റെ വിലയിലുണ്ടായ വര്‍ധന കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. 45 ദിവസം വളര്‍ത്തിയാണ് കര്‍ഷകര്‍ കോഴിയെ വില്‍ക്കുക. ഇക്കാലത്ത് മൂന്നരമുതല്‍ നാല് കിലോവരെ തീറ്റ വേണ്ടിവരും. തീറ്റയ്ക്ക് മാത്രമായി 120 രൂപയോളം ചെലവ് വരും. മരുന്ന്, വൈദ്യുതി, അറക്കപ്പൊടി, പണിക്കൂലി തുടങ്ങിയ ചെലവുകൂടി കണക്കാക്കുമ്പോള്‍ വലിയ നഷ്ടമാണുണ്ടാകുന്നത്. കോഴികളെ കൃത്യസമയത്ത് വിറ്റഴിച്ചില്ലെങ്കില്‍ തീറ്റച്ചെലവ് കൂടും. ഈ സമയത്ത് ചൂട് സഹിക്കാതെ കോഴികള്‍ ചത്തുപോകും. ഇതോടെ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. - ജോജി വര്‍ഗീസ്, കോഴിക്കര്‍ഷകന്‍.
Content Highlights: Prices of broiler chicken rise further