ക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ്. ഓര്‍ത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ. വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാര്‍. വൈറസുകളെ അവയിലടങ്ങിയ ഉപരിതല പ്രോട്ടീന്‍ ഘടനയുടെ അടിസ്ഥാനത്തില്‍ ഉപഗ്രൂപ്പുകളായി വീണ്ടും തരംതിരിച്ചിട്ടുണ്ട്. ദേശാടന പക്ഷികളാണ് ഈ രോഗം പടര്‍ത്തുന്നത്. പ്രത്യേകിച്ച് നീര്‍പക്ഷികള്‍. ഇത്തരം പക്ഷികളില്‍ സ്വാഭാവികമായി ചെറിയ അളവില്‍ കണ്ടുവരുന്ന വൈറസുകള്‍ വളര്‍ത്തുപക്ഷികളിലേക്ക് പടരുന്നതോടെ വിനാശകാരികളാകുന്നു. താറാവ്, അരയന്നം തുടങ്ങിയ നീര്‍പക്ഷികള്‍ രോഗലക്ഷണങ്ങളില്ലാതെ രോഗവാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ്. 

കോഴി, താറാവ്, കാട, ടര്‍ക്കി എന്നു തുടങ്ങി എല്ലായിനം വളര്‍ത്തുപക്ഷികളേയും രോഗം ബാധിക്കാം. താറാവ്, ദേശാടനപ്പക്ഷികള്‍ എന്നിവയില്‍ രോഗം ഉണ്ടാകാമെങ്കിലും രോഗലക്ഷണങ്ങളും മരണനിരക്കും പൊതുവെ കുറവായിരിക്കും. രണ്ടു രീതിയിലാണ് ഈ രോഗം പക്ഷികളില്‍ കാണപ്പെടുന്നത്. വീര്യംകുറഞ്ഞ രോഗാണു (എല്‍പിഎഐ) മൂലമുണ്ടാകുന്ന രോഗബാധ വലിയ രോഗലക്ഷണങ്ങളോ, മരണമോ ഉണ്ടാക്കുന്നില്ല. എന്നാല്‍ തീവ്ര സ്വഭാവത്തിലുള്ളവയായ (എച്ച്പിഎഐ) വിഭാഗം രോഗാണു പെട്ടെന്നുള്ള കൂട്ടമരണത്തിനും, വലിയ മരണനിരക്കിനും കാരണമായേക്കാവുന്നവയാണ്. സാധാരണഗതിയില്‍ പക്ഷിപ്പനി പെട്ടെന്ന് മനുഷ്യരിലേക്ക് പടരില്ലെങ്കിലും, ഇന്‍ഫ്ളൂവന്‍സ എ വിഭാഗം വൈറസുകള്‍ പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ കെല്‍പ്പുള്ള ഒരു രോഗാണുവാണ്. പ്രത്യേകിച്ച് ഒ5ച1, ഒ7ച9, ഒ9ച2 എന്നിവ ഇത്തരത്തില്‍ മനുഷ്യരിലേക്ക് പടരുന്ന വൈറസ് ടൈപ്പുകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. 

പക്ഷികളിലെ ലക്ഷണങ്ങള്‍

രോഗലക്ഷണങ്ങളും പകര്‍ച്ചനിരക്കും രോഗതീവ്രതയും മരണനിരക്കുമെല്ലാം വൈറസിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും. തീവ്രത കുറഞ്ഞ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ബാധയില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍, ശ്വസനതടസ്സം, മുട്ടയുത്പാദനം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമാണ് പക്ഷികള്‍ പ്രകടിപ്പിക്കുക. എന്നാല്‍ അതിതീവ്ര വൈറസ് ബാധയില്‍ പച്ചകലര്‍ന്ന വയറിളക്കം, തലയും പൂവും ആടയുമെല്ലാം വീങ്ങി നീലനിറമാവല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചശേഷം ഒന്നോ രണ്ടോ ദിവസത്തിനകം പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങും. ലക്ഷണങ്ങള്‍ ഏതെങ്കിലും പ്രകടമാവുന്നതിന് മുന്‍പ് തന്നെ പക്ഷികള്‍  കൂട്ടമായി ചത്തുവീഴാനും അതിതീവ്ര വൈറസ് ബാധയില്‍ സാധ്യതയുണ്ട് 

രോഗവ്യാപനം 

രോഗവാഹകരായ പക്ഷികളും രോഗബാധിതരായ പക്ഷികളും അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും സ്രവങ്ങളും കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അവയുടെ  ശരീരസ്രവങ്ങളും കാഷ്ഠവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രങ്ങള്‍ അടക്കമുള്ള ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. ചെറിയ ദൂരപരിധിയില്‍ വായുവിലൂടെയും രോഗവ്യാപനം നടക്കും. 

പക്ഷിപ്പനി മനുഷ്യരില്‍ 

സാധാരണയായി പക്ഷികളില്‍ മാത്രമായി ഒതുങ്ങുന്ന വൈറസുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്കും പടര്‍ന്നേക്കാം. അസുഖം ബാധിച്ച പക്ഷികളുടെ വിസര്‍ജ്ജ്യവസ്തുക്കള്‍, സ്രവങ്ങള്‍ എന്നിവയിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. പക്ഷിപ്പനി വൈറസിലെ ഒ5ച1 എന്ന വൈറസ് വര്‍ഗമാണ് അപകടകാരിയും മനുഷ്യരില്‍ മരണഹേതുവായിട്ടുള്ളതും.

രോഗം ബാധിച്ച  പക്ഷികളുമായി നിരന്തര സമ്പര്‍ക്കം പൂര്‍ത്തിയവര്‍ മാത്രമാണ് ഇത്തരത്തില്‍ മരണപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ക്കുക. രോഗം ബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവര്‍, കോഴിഫാമുകളില്‍ ജോലിയെടുക്കുന്നവര്‍, അറവുശാല നടത്തുന്നവര്‍ എന്നിവരാണ് രോഗസാധ്യതയുള്ളവര്‍. അസുഖം ബാധിച്ച പക്ഷികളുടെ വിസര്‍ജ്ജ്യം, സ്രവങ്ങള്‍ എന്നിവ വഴിയും ദേഹത്തുള്ള മുറിവുകള്‍ വഴിയും പകരാം. ചുമ, സാധാരണ പനി, കഫക്കെട്ട്, ശ്വാസംമുട്ടല്‍, പേശിവേദന, തൊണ്ട വേദന എന്നിവ സാധാരണ ലക്ഷണങ്ങള്‍. ന്യൂമോണിയ പോലുള്ള സങ്കീര്‍ണ്ണതകളാണ് മരണകാരണം. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹരോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ അപകടകാരണമാകാം. 

മനുഷ്യനില്‍ ഇന്‍ഫ്ളൂവന്‍സയ്ക്ക് നല്‍കുന്ന മരുന്നുകള്‍ തന്നെയാണ് നല്‍കുന്നത്. പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഇല്ല. രക്തപരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്താം. വളര്‍ത്തുപക്ഷികളുമായും, രോഗബാധയുള്ള പക്ഷികളുമായും അടുത്ത് പെരുമാറുന്നവര്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വൈദ്യപരിശോധന നടത്തുന്നത് നല്ലതാണ്. രോഗമുള്ളവയെ  ശുശ്രൂഷിക്കുമ്പോള്‍  പ്രത്യേകം ശ്രദ്ധിക്കണം.  ശരീരത്തില്‍ മുറിവുള്ളപ്പോള്‍ വളര്‍ത്തുപക്ഷികളുമായി  അടുത്ത് പെരുമാറുന്നത് ശ്രദ്ധയോടെ വേണം.

ഫാമുകളില്‍ ജോലിചെയ്യുന്നവര്‍, കോഴി/താറാവ് കര്‍ഷകര്‍, അറവുശാല ജീവനക്കാര്‍ എന്നിവര്‍ വ്യക്തിശുചിത്വം പാലിക്കണം. ഇത്തരം ജോലി ചെയ്യുന്നവര്‍ മുഖാവരണം, ബൂട്ടുകള്‍, കയ്യുറകള്‍ എന്നിവ ധരിക്കണം. ഫിനോള്‍, ഫോര്‍മലിന്‍,  ബ്ലീച്ചിംഗ് പൗഡര്‍, മുമ്മായം എന്നിവ തളിച്ചു പരിസരം വൃത്തിയാക്കണം അണുനാശിനികള്‍, സോപ്പ് എന്നിവ ഉപയോഗിച്ച് കുളിക്കണം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ മേല്‍പ്പറഞ്ഞ ജോലിക്കാര്‍ ഉടന്‍ ചികിത്സ തേടണം. 

മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങള്‍

വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ ഇതു പ്രതിരോധിക്കാനായി ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. വളര്‍ത്തുപക്ഷികളുമായി ദേശാടനപ്പക്ഷികളുടെയും, കാട്ടുപക്ഷികളുടെയും, സമ്പര്‍ക്കം തടയാന്‍ ഫലപ്രദമായ ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. കാട്ടുപക്ഷികളെയും, ദേശാടനപക്ഷികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഭക്ഷണഅവശിഷ്ടങ്ങളും മറ്റും ഫാമിന്റെ  ചുറ്റുവട്ടങ്ങളില്‍ നിക്ഷേപിക്കരുത്.  ഫാമുകളിലേക്ക് പുതിയ കോഴികളേയും, അലങ്കാരപക്ഷികളേയും കൊണ്ടുവരുമ്പോള്‍ മൂന്നാഴ്ചയെങ്കിലും മുഖ്യഷെഡ്ഡിലെ പക്ഷികള്‍ക്കൊപ്പം ചേര്‍ക്കാതെ മാറ്റിപ്പാര്‍പ്പിച്ച് ക്വാറന്റൈന്‍ പരിചരണം നല്‍കാന്‍ ശ്രദ്ധിക്കണം.

പല ഇനത്തിലും പ്രായത്തിലുമുള്ള പക്ഷികളെ ഒരുമിച്ച് വളര്‍ത്തുന്നത് ഒഴിവാക്കണം. ഫാമുകളില്‍ വ്യക്തിശുചിത്വ നിര്‍ബന്ധമാക്കുകയും കൂടുകള്‍ സ്ഥിരമായി  അണുനശീകരണം നടത്തി സൂക്ഷിക്കുകയും വേണം. കൂട്ടമരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. വീര്യം കൂടിയ  അണുനാശിനികള്‍ (ലൈസോള്‍ (1:5000), കോസ്റ്റിക്  സോഡ (2%), പൊട്ടാസ്യം പെര്‍മാംഗനേറ്റ് (1:1000) ) ഉപയോഗിച്ച് ഫാം ശുചീകരണം നടത്തണം . ഫാമിലേക്ക് വരുന്ന വാഹനങ്ങള്‍, ഉപകരണങ്ങള്‍ തൊഴിലാളികള്‍, എന്നിവയെയെല്ലാം അണുനശീകരണത്തിന് ശേഷം മാത്രമേ ഫാമിനുള്ളില്‍ പ്രവേശിക്കാവൂ. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനം. അനാവശ്യസന്ദര്‍ശകരെ ഫാമില്‍ അനുവദിക്കരുത്. 

മുട്ട, ഇറച്ചി എന്നിവയുടെ ഉപയോഗം

രോഗബാധയുള്ള പ്രദേശങ്ങളില്‍ മുട്ട, ഇറച്ചി എന്നിവയുടെ ഉപയോഗത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ പക്ഷിപ്പനിമൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഇറച്ചിയും, മുട്ടയും നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക. 70 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് നശിച്ചുപോകുന്നു. മുട്ടയുടെ വെള്ളയും, മഞ്ഞയും നന്നായി കട്ടിയാകുന്നതുവരെ പുഴുങ്ങി ഉപയോഗിക്കുന്നത് പൂര്‍ണ്ണ സുരക്ഷിതമാണ്. ഇറച്ചിയും നന്നായി പാചകം ചെയ്ത് കഴിക്കുക. ശരാശരി 70 ഡിഗ്രിക്ക്  മുകളില്‍ 15 മിനിറ്റ് ചൂടാക്കിയാല്‍ വൈറസ് നശിക്കുന്നു. നന്നായി പാകം ചെയ്ത് മാംസം ഭക്ഷിക്കുന്ന മലയാളിക്ക് ആശങ്കയ്ക്ക് വകയില്ല. 

ഫ്രിഡ്ജിലോ, ഫ്രീസറിലോ സൂക്ഷിക്കുന്ന മാംസം ഒരുമണിക്കൂര്‍ നേരം വെള്ളത്തില്‍ ഇട്ടുവെച്ചതിനുശേഷം നന്നായി പാചകം ചെയ്തു കഴിക്കുക. മുട്ടയും, ഇറച്ചിയും ഫ്രിഡ്ജിന്റെ താഴെ തട്ടുകളില്‍ അടഞ്ഞ പാത്രത്തില്‍ സൂക്ഷിക്കുക. തുടര്‍ന്നുവരുന്ന വെള്ളം മറ്റു വസ്തുക്കളിലേക്ക് ഒഴുകുന്നത് ഇത് തടയും. ഇറച്ചി പാചകം ചെയ്യാന്‍ എടുത്തതിനുശേഷം കൈകളും, ഉപയോഗിച്ച പാത്രങ്ങളും ചൂടുവെള്ളത്തില്‍ സോപ്പുപയോഗിച്ച് കഴുകിയെടുക്കണം.

Content Highlights: Prevention and Treatment of Avian Influenza A Viruses ( Bird flu)