താറാവുകള്‍ കൂട്ടമായി ചാകുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി സയന്‍സിലെ പ്രത്യേകസംഘം കുട്ടനാട്ടിലെത്തി. വൈശ്യംഭാഗം, പള്ളിപ്പാട് മേഖലകളില്‍നിന്ന് താറാവുകളുടെ സാംപിളുകള്‍ സംഘം ശേഖരിച്ചു. താറാവുകളുടെ ആന്തരികാവയവത്തിന്റെ സാംപിളുകളാണ് ശേഖരിച്ചത്. പരിശോധനയില്‍ ബാക്ടീരിയല്‍ ബാധയാണെന്നാണ് പ്രാഥമികനിഗമനം.

തിരുവല്ല മഞ്ഞാടിയിലും തിരുവനന്തപുരത്തെ വൈറോളജി ലാബിലും പരിശോധയ്ക്കയച്ച സാംപിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചില്ലെന്ന് വെറ്ററിനറി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായെടുത്ത സാംപിള്‍ വെറ്ററിനറി കോളേജില്‍ പരിശോധിച്ചശേഷം മൂന്നുദിവസത്തിനകം പ്രതിരോധമരുന്ന് നല്‍കും.

കൂടുതല്‍ പരിശോധനയ്ക്കായി ബെംഗളൂരുവിലെ സൗത്ത് ഇന്ത്യ റീജണല്‍ ഡയഗ്നോസ്റ്റിക് സെന്ററിലേക്ക് അയയ്ക്കുമെന്നും സംഘത്തിന് നേതൃത്വംനല്‍കിയ ഡോ. പി.എം. പ്രിയ പറഞ്ഞു. ഡോ. വിജയരാഘവന്‍, ഡോ. ജെസ്റ്റിന്‍ ഡേവിഡ്, ജില്ലാ വെറ്ററിനറി ചീഫ് ഓഫീസര്‍ ഡോ. ലേഖ, ഡോ. വൈശാഖ് മോഹന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവരുമുണ്ടായിരുന്നു.

Content Highlights: Preliminary conclusion is that bacterial infection is the cause of death of ducks in Kuttanad