ആധുനിക കാലഘട്ടത്തില്‍ ആരോഗ്യ പരിചരണ രംഗത്തും രോഗ ചികില്‍സാ രംഗത്തും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അത്യന്താപേക്ഷിതമാണ്. 1928-ല്‍ അലക്‌സാണ്ടര്‍ ഫ്‌ലെമിംഗ് എന്ന ശാസ്ത്രജ്ഞനാണ് 'പെന്‍സിലിന്‍' എന്ന ആന്റിബയോട്ടിക് ആദ്യമായി കണ്ടു പിടിച്ചത്. പ്രസ്തുത ഔഷധത്തിന്റെ ആവിര്‍ഭാവത്തോടു കൂടി മനുഷ്യാരോഗ്യ രംഗത്തു മാത്രമല്ല മൃഗ ചികില്‍സാ രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിന് കാരണമായി. ഇന്ന് പുതിയ ശ്രേണിയില്‍പ്പെട്ട ഒട്ടനവധി ആന്റിബയോട്ടിക്കുകള്‍ വിപണിയിലുണ്ട്.

ആന്റിബയോട്ടിക്കുകള്‍ - മൃഗാരോഗ്യരംഗത്ത്

മൃഗപരിപാലന രംഗത്ത് രോഗ ചികില്‍സയ്ക്കും ,നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. കൂടാതെ ചെറിയ കിടാവുകളിലും പന്നി, കോഴി എന്നിവയിലും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിനും, തീറ്റയെടുക്കല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു.

ഗുളിക , സിറപ്പ് എന്നിവയായി വായിലൂടെയും, കുത്തിവയ്പുകളുടെ രൂപത്തിലുമൊക്കെ കന്നുകാലികളടെ ശരീരത്തില്‍ പ്രവേശിക്കുന്ന ആന്റിബയോട്ടിക്കുകള്‍ അവിടെ വച്ച് തന്നെ വിഘടിക്കപ്പെടുന്നു. ഇങ്ങനെ വിഘടിക്കപ്പെടുന്ന വസ്തുക്കള്‍ ചാണകം, മൂത്രം, പാല്‍ തുടങ്ങിയ ശരീരസ്രവങ്ങളിലൂടെ പുറന്തള്ളപ്പെടുന്നുണ്ടെങ്കിലും, ചെറിയൊരംശം ശരീര കലകളില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ആന്റിബയോട്ടിക് ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിന്റെ അംശം ശരീര കലകളില്‍ നിന്നും സ്രവങ്ങളില്‍ നിന്നും പൂര്‍ണ്ണമായോ ദോഷകരമല്ലാത്ത സുരക്ഷിത പരിധി വരെയോ പുറന്തള്ളപ്പെടുന്നതിന് ഒരു നിശ്ചിത കാലാവധി ആവശ്യമാണ്.

ഇങ്ങനെ അവസാന ഡോസ് മരുന്ന് കഴിച്ചതിനു ശേഷം അത് പൂര്‍ണ്ണമായും ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ ആവശ്യമായ കാലാവധിയെയാണ് വിത്ത് ഡ്രോവല്‍ പിരീഡ് (പിന്‍വലിക്കല്‍ കാലാവധി ) എന്നു പറയുന്നത്. ഇത് ഓരോ ആന്റിബയോട്ടിക്കുകള്‍ക്കും വ്യത്യസ്തമായിരിക്കും. അതുപോലെ ഓരോ ഇനം മൃഗങ്ങളിലും, മരുന്ന് നല്‍കുന്ന രീതിയും മാര്‍ഗ്ഗവുമനുസരിച്ചും മാറ്റമുണ്ടാകും. ഒരേ മരുന്നിനു തന്നെ പാലിലെയും മാംസത്തിലെയും പിന്‍വലിക്കല്‍ കാലാവധിയും ഒരു പോലെയാവണമെന്നില്ല.

കന്നുകാലികളില്‍ അകിടു വീക്കം, കുരലടപ്പന്‍, തുടങ്ങിയ ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍, ഉപയോഗിച്ച മരുന്നിന്റെ പിന്‍വലിക്കല്‍ കാലാവധി കഴിഞ്ഞാല്‍ മാത്രമേ അതിന്റെ പാലും മാംസവും ഭക്ഷ്യയോഗ്യമാവുന്നുള്ളൂ. അതായത് ഒരു മരുന്നിന്റെ പാലിലെ, പിന്‍വലിക്കല്‍ കാലാവധി  രണ്ട് ദിവസമാണെന്നിരിക്കട്ടെ, പ്രസ്തുത മരുന്നിന്റെ അവസാന ഡോസിനു ശേഷം 2 ദിവസം കഴിഞ്ഞു മാത്രമേ പാല്‍ കുടിക്കാവൂ എന്നു സാരം.

അഥവാ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക് അംശം ഉപഭോക്താക്കളുടെ ശരീരത്തില്‍ പ്രവേശിക്കുകയും നിരവധിയായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

മനുഷ്യരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍

മനുഷ്യ ശരീരത്തിന് മരുന്നുകളോടുള്ള പ്രതികരണ ശേഷി കുറയുകയോ, നഷ്ടപ്പെടുകയോ ചെയ്യാം. രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്ക് എതിരെ പ്രതിരോധശേഷി കൈവരിക്കുകയും, ചില സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ അപകടകാരിയാകുകയും മാരക രോഗങ്ങള്‍ക്ക് ഹേതുവാകുകയും ചെയ്യുന്നു.

അതുവഴി കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ ഇത്തരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ ഔഷധമായി നല്‍കിയാല്‍ അവ ഫലപ്രദമാകാതെ വരുകയും ,കൂടുതല്‍ അളവില്‍ മരുന്ന് ഉപയോഗിക്കേണ്ടി വരുകയോ പുതുതലമുറയില്‍ പെട്ട ഉന്നത ശ്രേണി ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടി വരുകയും ചെയ്യുന്നു. 

ആന്റിബയോട്ടിക് അംശം കലര്‍ന്ന പാല്‍, മാംസം, ഇവയുടെ ഉപോല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നവരില്‍ ഭക്ഷ്യവിഷബാധയ്ക്കും ഭക്ഷ്യ അലര്‍ജി രൂപപ്പെടാനുമുള്ള സാധ്യതയുണ്ട്. പെന്‍സിലിന്‍ മരുന്നുകള്‍ ഇക്കാര്യത്തില്‍ മുന്‍ നിരയിലാണ്. ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ നിരന്തര ഉപയോഗം കാന്‍സര്‍, വന്ധ്യത, അമിതവണ്ണം അഥവാ പൊണ്ണത്തടി, ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം.

പാലുല്‍പ്പന്നങ്ങളില്‍ സൂക്ഷ്മാണക്കളുടെ പ്രവര്‍ത്തനം തടയപ്പെടുമെന്നതിനാല്‍ പാല്‍ പുളിപ്പിക്കല്‍ പ്രക്രിയ താറുമാറാകുന്നു. ആന്റിബയോട്ടിക്കുകള്‍ക്ക് പാസ്ചുറൈസ് ചെയ്ത പാലിലും തീരെ താഴ്ന്ന  o - 10 °F ഊഷ്മാവില്‍ പോലും നിലനില്‍ക്കാന്‍ സാധിക്കും.
 
മൃഗോല്‍പ്പന്നങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കാണപ്പെടാനുള്ള കാരണങ്ങള്‍

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, അധികഡോസ് നല്‍കല്‍, കൃത്യമായ പിന്‍വലിക്കല്‍ കാലാവധി പിന്തുടരാതിരിക്കുക തുടങ്ങിയവയെല്ലാം ഔഷധങ്ങളുടെ അംശം പാലിലും മറ്റ് ഉല്‍പ്പന്നങ്ങളിലും നിലനില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്.

അവിദഗ്ധ മൃഗചികിത്സ പ്രധാനപ്പെട്ട കാരണമാണ്

FDA മാനദണ്ഡമനുസരിച്ച് വളര്‍ത്തുമൃഗങ്ങളില്‍ ശരീരവളര്‍ച്ചാ നിരക്ക് കൂട്ടുന്നതിനോ, തീറ്റ പരിവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. അത്യാവശ്യമാണെങ്കില്‍ മാത്രമേ  ചികില്‍സയ്ക്ക്‌പോലും അവ ഉപയോഗിക്കാവൂ.  കൃത്യമായ ഡോസ് നല്‍കാതെ കുറഞ്ഞ അളവില്‍ മരുന്ന് നല്‍കുമ്പോഴും പ്രതിരോധ സ്വഭാവമുള്ള ബാക്ടീരിയകള്‍ കന്നുകാലികളില്‍ രൂപപ്പെടുന്നു. 

കരുതല്‍ മാര്‍ഗ്ഗങ്ങള്‍

ഭക്ഷ്യാവശ്യത്തിനുള്ള മൃഗോല്‍പ്പന്നങ്ങളില്‍ ആന്റിബയോട്ടിക് അംശം ഇല്ലാതാക്കുന്നതിന് ക്ഷീര കര്‍ഷകരും മൃഗസംരക്ഷണ രംഗത്തുള്ളവരും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ശാസ്ത്രീയ പരിപാലന മുറകളിലൂടെ രോഗ സാധ്യതകള്‍ കുറയ്ക്കുകയും, ഉല്‍പ്പാദന മികവ് നിലനിര്‍ത്തുകയും വേണം.

സ്വയം ചികില്‍സയും അവിദഗ്ധ ചികില്‍സയും ഒഴിവാക്കുക.

മരുന്നുകളുടെ  പിന്‍വലിക്കല്‍ കാലാവധി കഴിയുന്നതുവരെ പാലും പാലുല്‍പ്പന്നങ്ങളും വിപണനം ചെയ്യുകയോ , കന്നുകാലികളെ മാംസാവശ്യത്തിനായി നല്‍കുകയോ ചെയ്യരുത്.

വളര്‍ത്തുമൃഗങ്ങളുടെ ചികില്‍സാ രേഖകള്‍ കൃത്യമായി സൂക്ഷിക്കുക.

ഓരോ വളര്‍ത്തു മൃഗങ്ങള്‍ക്കും നല്‍കിയ മരുന്നിന്റെ പേര്, അളവ്,  മരുന്ന് നല്‍കാന്‍ തുടങ്ങിയതും  അവസാനിച്ചതുമായ തീയ്യതികള്‍,നല്‍കിയ രീതി തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണം

മരുന്ന് കുപ്പിയുടെ ലേബലില്‍,  മരുന്നിന്റെ ഡോസ് , ഉപയോഗം, കൊടുക്കേണ്ട രീതി, പിന്‍വലിക്കല്‍ കാലാവധി, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ രേഖപെടുത്തേണ്ടതാണ്.

എക്‌സ്ട്രാ ലേബല്‍ മരുന്നുകള്‍ (ELD) അനുവദനീയമായ രീതിയില്‍ മാത്രം ഉപയോഗിക്കുക. അതായത് മനുഷ്യനില്‍ മാത്രമോ, ചില പ്രത്യേക ഇനം മൃഗങ്ങളില്‍ മാത്രമോ ചികില്‍സയ്ക്കായി ഉപയോഗിക്കേണ്ട മരുന്നുകള്‍ മറ്റ് മൃഗങ്ങളില്‍ ഉപയോഗിക്കരുത്.

 മാംസത്തിലെ  ആന്റിബയോട്ടിക് അംശം ഫ്‌ലോര്‍ പ്ലേറ്റ് ടെസ്റ്റ് FPT  ഉപയോഗിച്ച് കണ്ടെത്താം.

ആന്റിബയോട്ടിക്  അംശം പാലിലുള്ള പക്ഷം , അത് മായം ചേര്‍ത്ത ഭക്ഷണമായി കണക്കാക്കപ്പെടുമെന്ന് കര്‍ഷകരെ ബോധവല്‍ക്കരിക്കണം. തങ്ങള്‍ ഉല്‍പ്പാദിപ്പ് നല്‍കുന്ന പാലിലൂടെയും മാംസത്തിലൂടെയും ആന്റിബയോട്ടിക്കുകള്‍ മനുഷ്യന്റെ ഭക്ഷ്യ ശൃംഖലയില്‍ പ്രവേശിക്കുന്നില്ലെന്ന് ഓരോ കര്‍ഷകനും മൃഗസംരക്ഷണ പ്രവര്‍ത്തകനും ഉറപ്പുവരുത്തണം.

 അതു വഴി ഈ തലമുറയുടെ മാത്രമല്ല, ഭാവി തലമുറയുടെ കൂടി ആരോഗ്യത്തെയാണ് താന്‍ സംരക്ഷിക്കുന്നതെന്നുള്ള ഒരു ബോധ്യം അവരിലുണ്ടാക്കണം.

Content highlights: Agriculture, Animal husbandry, Anti biotic usage in domestic animals