കോഴിവളര്‍ത്തലും അനുബന്ധ കാര്യങ്ങളും പഠിപ്പിക്കാന്‍ കോഴ്‌സുകള്‍ നിലവിലുണ്ടെന്നത് ആശാവഹമായ കാര്യമാണ്. എന്നാല്‍ ഇത്തരം കോഴ്‌സുകളുടെ പിന്‍ബലമില്ലാതെ തന്നെ കൃഷിയിലേക്കിറങ്ങിയ ചെറുപ്പക്കാര്‍ നമുക്കിടയിലുണ്ട്. ചിലര്‍ നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നു. മറ്റു ചിലര്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ലാഭം കൊയ്യുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃഷിയിലേക്കിറങ്ങി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും മാതൃകയായ അജ്‌സലിന്റെ വളര്‍ച്ച നഷ്ടങ്ങളില്‍ നിന്നായിരുന്നു. അങ്ങേയറ്റം ക്ഷമയും മനക്കരുത്തും ഉണ്ടെങ്കില്‍ മാത്രമേ കോഴി ഫാം എന്ന സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളുവെന്ന് തെളിയിച്ച അജ്‌സലിന്റെ അനുഭവങ്ങളിലൂടെ.

കുട്ടിക്കര്‍ഷകനായ അജ്‌സലിനെ പരിചയപ്പെടാം

എങ്ങനെ കോഴി വളര്‍ത്തണം? ഒരു വിവരവുമില്ല.....

'2006 മുതലാണ് ഞാന്‍ ഫാം തുടങ്ങിയത്. ബ്രോയിലര്‍ ഫാമും കാട വളര്‍ത്തലും തുടങ്ങിയത് 2010 ലാണ്. എങ്ങനെ കോഴികളെ വളര്‍ത്തണമെന്ന് എനിക്ക് ഒരു രൂപവുമില്ലായിരുന്നു. എന്റെ വലിയുപ്പയാണ് ഫാം നിര്‍മിക്കാന്‍ വേണ്ട കാര്യങ്ങളൊക്കെ ചെയ്തത്. 1000 ബ്രോയിലര്‍ കോഴിയും 16000 കാടയും 700 നാടന്‍ കോഴികളെയുമാണ് അന്ന് ഞാന്‍ വളര്‍ത്തിക്കൊണ്ടിരുന്നത്. കോഴികള്‍ക്ക് പെട്ടെന്ന് മോര്‍ട്ടാലിറ്റി വരും. ബ്രൂഡര്‍ ന്യൂമോണിയ ബാധിച്ചാല്‍ 16-ാമത്തെ ദിവസമാണ് രോഗം തിരിച്ചറിയുന്നത്. 7000 കാടകളും അസുഖം വന്ന് ചത്തുപോയി. എന്നിട്ടും ഞാന്‍ പിന്തിരിഞ്ഞില്ല.' അജ്‌സല്‍ തന്റെ നഷ്ടങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

'100 രൂപയ്ക്ക് സാധനം വാങ്ങിയിട്ട് 50 രൂപ നഷ്ടത്തില്‍ എനിക്ക് വില്‍ക്കേണ്ടി വന്നിട്ടുണ്ട്. ആ നഷ്ടം സഹിച്ച് ഞാന്‍ മുന്നോട്ട് പോയതുകൊണ്ടാണ് ഇപ്പോള്‍ എനിക്ക് ഒരു സ്ഥാനം കിട്ടിയത്. 2013 ലാണ് ഞാന്‍ എസ്.എസ്.എല്‍.സി കഴിയുന്നത്. ഒട്ടേറെ നഷ്ടങ്ങള്‍ക്കിടയിലും കൃഷിയിലേക്കിറങ്ങിയപ്പോള്‍ എനിക്ക് അംഗീകാരങ്ങള്‍ കിട്ടിത്തുടങ്ങി. പിന്നെ ഞാന്‍ ഈ മേഖലയില്‍ നിന്ന് പിന്‍മാറിയിട്ടില്ല.'  കര്‍ഷകനെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളില്‍ നിന്നു മാത്രമേ കരകയറാന്‍ കഴിയുകയുള്ളുവെന്നതാണ് യാഥാര്‍ഥ്യമെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് അജ്‌സലിന്റെ അനുഭവങ്ങള്‍.

പൗള്‍ട്രി ഫാം തുടങ്ങണോ? ഈ ചെറുപ്പക്കാരന്റെ വാക്കുകള്‍ കേള്‍ക്കൂ

'2016 മുതലാണ് ഞാന്‍ കേരള വെറ്ററിനറി ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്. അവിടെ എല്ലാ വിധ പരിശീലനങ്ങളും സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളും എനിക്ക് തന്നു. ഇപ്പോള്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ എന്ന തസ്തികയില്‍ എനിക്ക് അവസരവും തന്നു. അവരുടെ സഹകരണത്തോടെ 'അജൂസ് ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി ഞാന്‍ നടത്തുന്നു'. അജ്‌സല്‍ തന്റെ ബിസിനസ് സംരംഭത്തെക്കുറിച്ച് വിവരിക്കുന്നു.

നല്ല രുചിയും ഗുണവുമുള്ള മാംസം ആവശ്യക്കാര്‍ക്ക് എത്തിക്കാനാണ് അജ്‌സല്‍ ശ്രമിക്കുന്നത്. തൃശൂര്‍ മണ്ണുത്തി യൂണിവേഴ്‌സിറ്റിയാലാണ് പ്രൊസസിങ്ങ് പ്ലാന്റ്. ഹൈപ്പര്‍ മാര്‍ക്കറ്റ് വഴി വിദേശത്തേക്ക് ഇറച്ചി കയറ്റി അയക്കുന്നു. ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാവിധ പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിക്കാന്‍ വേണ്ട എല്ലാ സാധനങ്ങളും സ്വന്തം കമ്പനിയില്‍  ഈ ചെറുപ്പക്കാരന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു കൂടാതെ വളങ്ങളും കീടനാശിനികളും വിത്തുകളും ആവശ്യക്കാര്‍ക്ക് കൊടുക്കുന്നുണ്ട്. കാടമുട്ട, ഇറച്ചി, അച്ചാറുകള്‍, ഉണക്കമീന്‍, ഉണക്കയിറച്ചി, ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയെല്ലാം സ്വന്തമായി തയ്യാറാക്കി വിപണിയിലെത്തിക്കുന്നു. 10 നാടന്‍ ചിക്കനും അവയെ വളര്‍ത്താനുള്ള കൂടും ഇപ്പോള്‍ കൊടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഫാമുകള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. എഗ്ഗര്‍ നഴ്‌സറിയാണ് അടുത്ത ഘട്ടം. 

പുറത്തു നിന്ന് കാണുന്നവര്‍ക്ക് ലാഭവും നഷ്ടവും തിരിച്ചറിയാന്‍ കഴിയില്ല

'ഞങ്ങള്‍ തയ്യാറാക്കുന്ന ഇറച്ചിയില്‍ രക്തത്തിന്റെ അംശം ഒട്ടുമില്ല. ആന്റിബയോട്ടിക്കുകള്‍ ഒന്നും ഉപയോഗിക്കുന്നില്ല. ഞങ്ങള്‍ തന്നെ ഹാച്ചിങ്ങ് ചെയ്യുന്ന കോഴികളാണ് അജൂസ് ഫാംസിലൂടെ വില്‍പന നടത്തുന്നത്.' രക്തം മുഴുവനും വാര്‍ന്നു പോയ ഇറച്ചി മാത്രമേ നമ്മള്‍ ഉപയോഗിക്കാവൂ എന്ന് അജ്‌സല്‍ ഓര്‍മിപ്പിക്കുന്നു. 

കേരളത്തില്‍ ഹാച്ചിങ്ങ് സൗകര്യങ്ങള്‍ കുറവാണെന്ന് അനുഭവത്തില്‍ നിന്ന് അജ്‌സല്‍ ഓര്‍മിപ്പിക്കുന്നു. ബ്രോയിലര്‍ കോഴികള്‍ വരുന്നത് തമിഴ്‌നാട്ടിലെ വെങ്കടേശ്വര ഹാച്ചിങ്ങ്, സുഗുണ, എസ്.കെ.എം തുടങ്ങിയ കമ്പനികളില്‍ നിന്നാണ്. ഈ കോഴിക്കുഞ്ഞുങ്ങള്‍ ഇവിടെയെത്തുമ്പോള്‍ 38 മുതല്‍ 48 രൂപ വരെയാണ് വില. 50 കിഗ്രാം കോഴിത്തീറ്റയ്ക്ക് വില 1400 രൂപയാണ്. റമദാന്‍ മാസത്തില്‍ കോഴിയിറച്ചിക്ക് നല്ല രീതിയില്‍ മാര്‍ക്കറ്റ് ഉണ്ടായെങ്കിലും തീരെ മാര്‍ക്കറ്റില്ലാത്ത അവസ്ഥയും അജ്‌സല്‍ അനുഭവിച്ചിട്ടുണ്ട്.

ഏതെങ്കിലും ബുക്കിലോ ഫോണിലോ കണ്ടുപഠിക്കേണ്ട സംവിധാനമല്ല പൗള്‍ട്രി പ്രൊഡക്ഷന്‍. ഇന്ന് നിരവധി ആളുകള്‍ കോഴി ഫാം തുടങ്ങാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്. പക്ഷേ പെട്ടെന്ന് തന്നെ എല്ലാം ഉപേക്ഷിച്ച് പോകുന്ന അവസ്ഥയാണുള്ളതെന്ന് അജ്‌സല്‍ പറയുന്നു. 

Ajsal

ഗള്‍ഫില്‍ നിന്ന് ജോലി ഉപേക്ഷിച്ചു വരുന്നവര്‍ കൈയില്‍ സ്ഥലമുണ്ടെന്നും കോഴി ഫാം തുടങ്ങാമെന്നും ചിന്തിച്ച് ചാടിയിറങ്ങും. കോഴിക്കൃഷിയെക്കുറിച്ചും മാര്‍ക്കറ്റിനെക്കുറിച്ചും നല്ല രീതിയില്‍ പഠിച്ചതിനുശേഷമേ പുതിയ കര്‍ഷകര്‍ ഈ രംഗത്തേക്ക് ഇറങ്ങാവൂ എന്ന് അജ്‌സല്‍ ഓര്‍മപ്പെടുത്തുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു സംരംഭമാണ് കോഴി ഫാം എന്നത് എല്ലാവരും തിരിച്ചറിയണം. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് കോഴി ഫാം ലാഭത്തിലാണോ നഷ്ടത്തിലാണോ പോകുന്നതെന്ന് അറിയാന്‍ കഴിയില്ലെന്നതാണ് ശരിയായ വസ്തുത.

ജോലി കിട്ടില്ലെന്ന് മാത്രം നിങ്ങള്‍ പറയരുത്   

മുന്നോട്ടുള്ള തലമുറകള്‍ക്ക് കോഴിയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് അജ്‌സല്‍ പറയുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ടാകാം. ഹോട്ടലില്‍ കയറിയാല്‍ മലയാളി ആദ്യം ചോദിക്കുന്നത് ചിക്കന്‍ ബിരിയാണിയാണെന്ന് പറയുമ്പോള്‍ മിക്കവാറും ആളുകള്‍ അംഗീകരിക്കും. ഇത്തരമൊരു വിഷയത്തില്‍ പഠനം നടത്തുന്ന കുട്ടികള്‍ക്ക് പ്രയോജനം മാത്രമേ ഉണ്ടാകൂ എന്നുതന്നെയാണ് അജ്‌സല്‍ വ്യക്തമാക്കുന്നത്. 

'തിരുവിഴാംകുന്ന് വെറ്ററിനറി കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ടും നല്ല അവസരമാണ് ലഭിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ഈ മേഖലയില്‍ പഠനം നടത്തുന്നതുകൊണ്ട് വലിയ ഉപകാരമാണ് ഉണ്ടാകാന്‍ പോകുന്നത്. പഠിച്ച കോഴ്‌സില്‍ ജോലിയില്ല എന്നു മാത്രം നിങ്ങള്‍ പറയരുത്. ഉദാഹരണമായി, ഞാന്‍ ഒരു കാര്യം ഓര്‍മപ്പെടുത്തുകയാണ്. എസ്. എസ്.എല്‍.സി ഉണ്ടെങ്കിലേ നമുക്ക് മുന്നോട്ട് പഠിക്കാന്‍ പറ്റുകയുള്ളു. അതുപോലെ കോഴിക്കൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബാലപാഠങ്ങള്‍ പഠിച്ചെടുക്കാന്‍ ഇത്തരമൊരു കോഴ്‌സ് നല്ലതാണ്. എന്റെ ഫാമില്‍ നിന്നാണ് വ്യക്തിപരമായി ഞാന്‍ വിവരങ്ങള്‍ പഠിച്ചെടുത്തത്. അനുഭവത്തില്‍ നിന്നാണ് പഠിച്ചത്. ഇവിടെ തുടക്കക്കാരായ നിങ്ങള്‍ക്ക് പഠിക്കാന്‍ വലിയ അവസരമാണ് ഇവര്‍ നല്‍കുന്നത്.' അജ്‌സല്‍ വ്യക്തമാക്കുന്നു.

എങ്ങനെ കൃഷി തുടങ്ങണം? ഏതു രീതിയില്‍ കൃഷി ലാഭകരമാക്കണം, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നിവയെക്കുറിച്ചെല്ലാം അജ്‌സല്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. ടെന്‍ഷന്‍ പിടിച്ച ജോലിക്കിടയില്‍ ഇത്തിരി മനസമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ നല്ലൊരു പച്ചക്കറിത്തോട്ടം ഒരുക്കിത്തരാനും അജ്‌സല്‍ തയ്യാര്‍. 

മണ്ണുത്തിയിലെയും വയനാട്ടിലെയും വെറ്ററിനറി യൂണിവേഴ്‌സിറ്റികളിലും ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ യൂണിറ്റുകളിലും കൃഷിയോട് താത്പര്യമുള്ളവര്‍ക്കുമെല്ലാം അജ്‌സല്‍ പരിശീലനം നല്‍കുന്നു.

'ഒരു കോഴി ഫാം ഉണ്ടാക്കാനായി ആദ്യം ചെയ്യേണ്ടത് പ്ലാന്‍ വരയ്ക്കുകയെന്നതാണ്. ഇത് യഥാര്‍ഥത്തില്‍ വ്യവസായവുമല്ല, കൃഷിയുമല്ല. അതുകൊണ്ടുതന്നെ ഫാം തുടങ്ങുന്നവര്‍ക്ക് സബ്‌സിഡിയും കാര്യങ്ങളും കിട്ടാത്ത അവസ്ഥയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് പേപ്പറുകള്‍ ശരിയാക്കിക്കിട്ടാന്‍ മൂന്ന് മാസങ്ങളെടുക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പേപ്പര്‍ കോഴിക്കര്‍ഷകരുടെ കൈയില്‍ കിട്ടാനുള്ള സാഹചര്യമുണ്ടാകണം. അങ്ങനെയാണെങ്കില്‍ വെറും മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഫാം തുടങ്ങാന്‍ കഴിയും. മലിനീകര നിയന്ത്രണ ബോര്‍ഡും പഞ്ചായത്തും ഇലക്ട്രിസിറ്റി ബോര്‍ഡും അനുമതി തരാത്തത് കാരണം ആറുമാസങ്ങളായിട്ടും ഫാം തുടങ്ങാന്‍ കഴിയാത്ത പല കര്‍ഷകരെയും എനിക്ക് അറിയാം.' ജീവിതമാര്‍ഗമായി കോഴിക്കൃഷി തിരഞ്ഞെടുക്കുന്ന കര്‍ഷകരോട് സര്‍ക്കാര്‍ കുറച്ചുകൂടി അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് അജ്‌സല്‍. 

യഥാര്‍ഥത്തില്‍ കേരളത്തില്‍ കോഴിവളര്‍ത്തല്‍ മേഖലയിലുള്ള വെല്ലുവിളികള്‍ എന്തെല്ലാമാണ്? പരിചയസമ്പന്നരായ കര്‍ഷകരുടെ അനുഭവങ്ങള്‍ അറിയാം......(തുടരും)

Contact number : Ajsal : 90205 65667

Content highlights: Agriculture, Animal husbandry, Poultry farming

Read more

Part 1- വിപണിയില്‍ ഡിമാന്‍ഡ്, തൊഴിലവസരം ഏറെ, വഴിയറിയാതെ കേരളം

Part 3: കേരളത്തിലെ കോഴിക്കൃഷി ഇന്നും 'അടുക്കള മുറ്റത്തെ കോഴിക്കൃഷി' തന്നെ !...... വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്താം: feedback@mpp.co.in