കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനിടയിലാണ് ടെന്നീസ് താരം സാനിയ മിര്‍സ അഭിനയിച്ച ഇറച്ചിക്കോഴികളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഡ്വര്‍ടൈസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് ഇന്ത്യ നിരീക്ഷിച്ചത്. ആള്‍ ഇന്ത്യ പൗള്‍ട്രി ഡെവലപ്‌മെന്റ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തിലാണ് സാനിയ പ്രത്യക്ഷപ്പെട്ടത്. കോഴികള്‍ പെട്ടെന്ന് വളരാനും തൂക്കം കൂടാനും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുവെന്ന വാദഗതി ശരിയാണോ? നിപ്പ വൈറസിന് കോഴികളുടെ ശരീരത്തില്‍ അതിജീവിക്കാന്‍ കഴിയുമോ? മന്ത് രോഗികളുടെ രക്തം കുത്തിവെച്ചാണോ കോഴികള്‍ക്ക് തൂക്കം വര്‍ദ്ധിക്കുന്നത്? ചിക്കന്‍ പ്രേമികളെ അങ്കലാപ്പിലാക്കാന്‍ ഇതൊക്കെ തന്നെ ധാരാളം. പാവം കോഴികളുടെ കഷ്ടകാലമോര്‍ത്ത് സഹതപിച്ചവരും കുറവല്ല. ഇത്തരം വാദഗതികളില്‍ എന്തെങ്കിലും കഴമ്പുണ്ടോ?

saniya

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും രണ്ടു വര്‍ഷമായി കോഴികളുടെ ഫാം നടത്തുകയും  ചെയ്യുന്ന ഡോ.മുനീര്‍ കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നുവെന്ന പ്രചാരണങ്ങളെ ശക്തമായി എതിര്‍ക്കുന്നു. 'സംശയമുണ്ടെങ്കില്‍ ഒരു ബ്രോയിലര്‍ കോഴിയെ നിങ്ങള്‍ വളര്‍ത്തിനോക്കൂ. നിങ്ങള്‍ വീട്ടിലുള്ള ഭക്ഷണം കൊടുത്താല്‍ 35 ദിവസങ്ങള്‍ കൊണ്ടുതന്നെ പൂര്‍ണവളര്‍ച്ചയെത്തും. ശരിയായ രീതിയില്‍ ഏറ്റവും സുരക്ഷിതമായ ഇറച്ചിയാണ് ബ്രോയിലര്‍ കോഴികളുടേത്.  കോഴികള്‍ക്ക് രോഗം വന്നാല്‍ ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അസുഖം ഭേദമായാല്‍ മാത്രമേ കോഴികളെ വില്‍ക്കാന്‍ പാടുള്ളു.'

നിപ്പാ വൈറസിന് ബ്രോയിലര്‍ കോഴികളുമായി ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ബി വി 380 കോഴികളെ കൂട്ടില്‍ അടച്ചു മാത്രമേ വളര്‍ത്താന്‍ കഴിയുകയുള്ളു. കേരളത്തില്‍ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ നല്ലത് ഗ്രാമശ്രീ എന്നയിനത്തില്‍പ്പെട്ട കോഴികളാണെന്നും അവയ്ക്ക് വീട്ടിലുണ്ടാക്കുന്ന സാധാരണ ഭക്ഷണം നല്‍കിയാല്‍ത്തന്നെ പൂര്‍ണ വളര്‍ച്ചയെത്തുമെന്നും ഇദ്ദേഹം വിശദമാക്കുന്നു.

മണ്ണുത്തിയിലെ എ ഐ സി ആര്‍ പിയിലെ സീനിയര്‍ സയന്റിസ്റ്റായ ഡോ.ബിനോയ് ചാക്കോയും ഹോര്‍മോണ്‍ കുത്തിവെക്കുന്നുവെന്ന വാദഗതികളെ എതിര്‍ക്കുന്നു. 'പെട്ടെന്ന് വളര്‍ച്ചയുണ്ടാകുന്നതുകൊണ്ടാണ് ബ്രോയിലര്‍ കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ടെന്ന് സാധാരണക്കാര്‍ വിശ്വസിക്കുന്നത്. വിദേശയിനം കോഴികളാണ് പാരന്റ് സ്റ്റോക്കായി ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി ബ്രോയിലര്‍ കോഴികളുടെ വളര്‍ച്ചാഘട്ടത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബ്രോയിലര്‍ കോഴികള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്താന്‍ 10 കൊല്ലം മുമ്പ് ആറ് ആഴ്ച വേണമായിരുന്നു. ജനിതകപരമായ മാറ്റങ്ങള്‍ കാരണം ഇപ്പോള്‍ വെറും മുപ്പത്തഞ്ച് ദിവസങ്ങളായി മാറി. ഇനി പത്ത് കൊല്ലം കഴിഞ്ഞാല്‍ നാല് ആഴ്ചകള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്ന രീതിയിലുള്ള ജനിതക മാറ്റങ്ങള്‍ ഉണ്ടായി വരും. 1970കളില്‍ 15 ആഴ്ചകള്‍ വേണമായിരുന്നു. അതുപോലെ തന്നെ 72 ആഴ്ചകള്‍ കൊണ്ട് ഒരു കോഴി ഇടുന്ന മുട്ടകളുടെ എണ്ണം 250 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 310 മുട്ടകള്‍ കിട്ടുന്നുണ്ട്.' ഡോ.ബിനോയ് പറയുന്നത് ബ്രോയിലര്‍ കോഴികളില്‍ വര്‍ഷങ്ങളായി ജനിതകമാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നാണ്.
 
അത്യുത്പാദന ശേഷിയുള്ള കോഴികളായ ബി.വി 380 ഒരു വര്‍ഷത്തില്‍ ബ്രൗണ്‍നിറത്തിലുള്ള 290 മുട്ടകളിടും. ഇത്തരം കോഴികള്‍ക്ക് നാടന്‍തീറ്റയെക്കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ ഭക്ഷണവും നല്‍കേണ്ടി വരും. കോഴിവസന്തയാണ് കോഴികളെ പ്രധാനമായും ബാധിക്കുന്നത്. ക്രോണിക് റെസ്പിരേറ്ററി ഡിസീസാണ് തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന കോഴിക്കുഞ്ഞുങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത്. ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്നുണ്ട്. ഇത് കാരണം കേരളത്തിലെ കോഴികള്‍ക്കും ഈ അസുഖം ബാധിക്കുന്നുണ്ട്. 

നിപ്പ വൈറസും കോഴിയും തമ്മില്‍ ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല: ഡോ.സാബിന്‍ ജോര്‍ജ് 

broiler chicken'പ്രജനന പ്രക്രിയ വഴി മാംസോത്പാദനത്തിന് വേണ്ടി മാത്രം ഉത്പാദിപ്പിച്ചെടുത്ത കോഴിയിനങ്ങളാണ് ബ്രോയിലര്‍ കോഴികള്‍.  ഹോര്‍മോണ്‍ കുത്തിവെച്ച്  രണ്ടും മൂന്നും ആഴ്ച പ്രായത്തില്‍ കോഴികളെ ബലൂണ്‍ പോലെ വീര്‍പ്പിച്ചെടുക്കാം എന്നായിരുന്നു വാര്‍ത്ത.  ഇത്തരം വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ല.  ഒന്നാമതായി ഹോര്‍മോണ്‍ ചികിത്സ, അല്ലെങ്കില്‍  പ്രയോഗം നിയമം മൂലം നിരോധിക്കപ്പെട്ടവയാണ്.  വളര്‍ച്ചയ്ക്കാവശ്യമായ 'ഗ്രോത്ത് ഹോര്‍മോണ്‍' ഒരു 'പ്രോട്ടീന്‍' ഹോര്‍മോണാണ്.  തീറ്റയിലോ, കുടിവെള്ളത്തിലോ  ചേര്‍ത്ത് ഇത് നല്‍കുകയാണെങ്കില്‍  ഏതൊരു 'പ്രോട്ടീന്‍' പോലെയും  അതിവേഗം ദഹനപ്രക്രിയയിലൂടെ  ഈ ഹോര്‍മോണ്‍ വിഘടിക്കപ്പെടുന്നു.   ആയതിനാല്‍ ഈ  ഹോര്‍മോണുകള്‍  കോഴിയുടെ തൂക്കം വര്‍ദ്ധിപ്പിക്കും എന്നു പറയുന്നതില്‍ യാതൊരു  അടിസ്ഥാനവുമില്ല.  ഇത്തരം ഹോര്‍മോണുകള്‍ ഒരു ചെറിയ  അളവിലെങ്കിലും  വളര്‍ച്ചയ്ക്ക് സഹായിക്കുമെങ്കില്‍ തന്നെ, അത് നിരന്തരം  ഇഞ്ചക്ഷന്‍ മുഖേന നല്‍കേണ്ടതായിട്ടുണ്ട്. എന്നാല്‍ പതിനായിരക്കണക്കിനും, ലക്ഷക്കണക്കിനും കോഴികളെ  ഒരുമിച്ച് വളര്‍ത്തിയെടുക്കുന്ന കോഴിഫാമുകളില്‍ ഇത് ഒട്ടും പ്രായോഗികമല്ല.' മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസില്‍ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സാബിന്‍ ജോര്‍ജ് പറയുന്നു. 

സ്റ്റിറോയ്ഡ് ഹോര്‍മോണുകള്‍ വളരെ വില കൂടിയതും കോഴികളില്‍ ഗുണം ചെയ്യാത്തവയുമാണെന്ന് ഡോ.സാബിന്‍ സൂചിപ്പിക്കുന്നു. 55 ഗ്രാമോളം തൂക്കം  വരുന്ന ഒരു ദിവസം പ്രായമുള്ള ബ്രോയ്‌ലര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യ 4-5 ദിവസം വരെ ഗ്ലൂക്കോസ്, ജീവകങ്ങള്‍ എന്നിവ വെള്ളത്തില്‍ ചേര്‍ത്തു നല്‍കാറുണ്ട്. ഈ പ്രായത്തില്‍ രോഗാണുബാധയ്ക്ക് സാധ്യത  അധികമായതിനാല്‍ ചിലര്‍ ആന്റിബയോട്ടിക്കുകള്‍ നേരിയ തോതില്‍  ചേര്‍ത്തു വരുന്നു. ഇത് ഉപദ്രവകരമല്ലെന്ന് ഡോ. സാബിന്‍ പറയുന്നു. 

broiler chicken
വര: മനോജ് കുമാര്‍ തലയമ്പലത്ത്‌

ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇനി ആന്റി ബയോട്ടിക്കുകളുടെ സാന്നിദ്ധ്യമില്ലാത്ത മാംസവിഭവങ്ങള്‍ മാത്രമേ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ പാടുള്ളു. വെറ്ററിനറി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം അവരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ തീറ്റയില്‍ ചേര്‍ക്കാവൂ. അതുപോലെ തന്നെ മനുഷ്യരുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ തീറ്റയില്‍ ചേര്‍ക്കാതിരിക്കുക. ഏത് ആന്റിബയോട്ടിക് ഉപയോഗിച്ചാലും ഇറച്ചി മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് ഉപയോഗം നിര്‍ത്തുന്നതാണ് നല്ലത്. 

നിപ്പ വൈറസും കോഴിയും തമ്മില്‍ ഒരു ബന്ധവുമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും സസ്തനി കുടുംബത്തില്‍പ്പെട്ട വവ്വാലിനെയും കോഴിയെയും തമ്മില്‍ ഇക്കാര്യത്തില്‍ താരതമ്യം ചെയ്യാവുന്നതല്ലെന്നും ഡോ.സാബിന്‍ വ്യക്തമാക്കുന്നു. 

പെണ്‍കുട്ടികള്‍ക്ക് കോഴിയിറച്ചി കഴിക്കാം; അമിതമായി കഴിക്കാതിരിക്കുക:  ഡോ.മരിയ ലിസ മാത്യു

Broiler chickenകോഴിക്ക് ഹോര്‍മോണ്‍ കൊടുക്കുകയെന്നത് പ്രായോഗികമായ കാര്യമേയല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഡോ.മരിയ ലിസ മാത്യു. 'വല്ലാതെ ശരീരഭാരം കൂടുമ്പോള്‍ കാല്‍ തളര്‍ന്നുപോകും. മഹോദരം എന്ന അസുഖവും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ കൃത്രിമമായ രീതിയില്‍ കോഴിയെ വണ്ണം വെപ്പിക്കാന്‍ ഒരു കര്‍ഷകനും ആഗ്രഹിക്കില്ല. അതുമാത്രമല്ല  ഹോര്‍മോണിന് വില കൂടുതലുമാണ്. കോഴിക്ക് കുത്തിവെപ്പ് നടത്തണമെങ്കില്‍ ഒരാള്‍ കോഴിയെ പിടിക്കണം. മറ്റൊരാള്‍ കുത്തിവെക്കണം. ഇതിനൊക്കെ ഭാരിച്ച പണച്ചെലവും വരും. ഏതു കര്‍ഷകനാണ് ഇത്രയും പണം ചിലവാക്കി കുത്തിവെപ്പ് നടത്തുന്നത്?' ഹോര്‍മോണ്‍ കുത്തിവെച്ചല്ല കോഴിയെ വളര്‍ത്തുന്നതെന്ന് പ്രചരിപ്പിക്കേണ്ടത് ചെറുപ്പക്കാരാണെന്ന് ഇവര്‍ ഓര്‍മപ്പെടുത്തുന്നു. 

'കോഴിയുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ക്ക് ഒരു പഞ്ഞവുമില്ല. പെണ്‍കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭിച്ചാല്‍ ശരീരപുഷ്ടിയുണ്ടാകുമെന്ന് അംഗീകരിക്കാന്‍ മലയാളികള്‍ മടിക്കുകയാണ്.  നല്ല ഭക്ഷണം ലഭിച്ചാല്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും വളരും. മനുഷ്യക്കുഞ്ഞുങ്ങള്‍ മാത്രമല്ല; മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഇങ്ങനെ വളര്‍ച്ചയുണ്ടാകും. പെണ്‍കുട്ടികള്‍ കോഴിയിറച്ചി കഴിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല. പക്ഷേ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.' ഡോ.മരിയ ഓര്‍മിപ്പിക്കുന്നു.

മന്ത് രോഗികളുടെ രക്തം കുത്തിവെച്ചാണ് കോഴികള്‍ക്ക് തൂക്കം കൂടുന്നതെന്ന വാര്‍ത്തകള്‍ പാവപ്പെട്ട കോഴിക്കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതാക്കുന്നതെന്നും ഇത്തരം മണ്ടന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഡോ.മറിയ ലിസ മാത്യു വ്യക്തമാക്കുന്നു.

ഏറ്റവും വലുപ്പവും പെട്ടെന്ന് വളരുന്നതുമായ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുകയും അടുത്ത ബന്ധത്തിലുള്ള പിടയെയും പൂവനെയും തമ്മില്‍ ക്രോസ് ചെയ്യാതിരിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. അവയുടെ കുഞ്ഞുങ്ങളെ വീണ്ടും തിരഞ്ഞെടുക്കുന്നു. അങ്ങനെ ലക്ഷക്കണക്കിന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇപ്രകാരം സെലക്റ്റീവ് ബ്രീഡിങ്ങ് നടത്തിയാണ് 35 അല്ലെങ്കില്‍ 40 ദിവസം കൊണ്ട് 2 കിലോ തൂക്കം വെക്കുന്ന കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചിരിക്കുന്നതെന്നാണ് ഡോ.മറിയ വ്യക്തമാക്കുന്നത്.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നുണ്ടെങ്കിലും കൃത്രിമമായ ഭക്ഷണമോ ആന്റിബയോട്ടിക്കോ ഹോര്‍മോണോ കൊടുത്തിട്ടാണോ കോഴിക്കുഞ്ഞുങ്ങള്‍ വളരുന്നതെന്ന കാര്യത്തില്‍ ഭക്ഷണപ്രേമികള്‍ക്കുള്ള ആശങ്ക പിന്നെയും ബാക്കി.  

കേരളത്തിലെ കോഴിക്കര്‍ഷകരുടെയും ചിക്കന്‍ പ്രേമികളുടെയും പ്രശ്‌നങ്ങള്‍ക്ക് ആര് പരിഹാരം കാണും? (തുടരും)

Part 1: വിപണിയില്‍ ഡിമാന്‍ഡ്, തൊഴിലവസരം ഏറെ, വഴിയറിയാതെ കേരളം

Part 2: കൈയില്‍ പൈസയുണ്ടെന്ന് കരുതി നിങ്ങള്‍ ബ്രോയിലര്‍ ഫാം തുടങ്ങരുത്

Part 3: കേരളത്തിലെ കോഴിക്കൃഷി ഇന്നും 'അടുക്കള മുറ്റത്തെ കോഴിക്കൃഷി' തന്നെ !

Part 4: കോഴിക്കര്‍ഷകരെ വളരാന്‍ അനുവദിക്കാത്തത് തമിഴ്‌നാട്ടില്‍ നിന്നുള്ള ലോബികളോ?

Content highlights: Nipah virus, Hormone injection  in broiler chicken, Anti-biotic, Poultry farming