വീട്ടുമുറ്റത്തും വാണിജ്യാടിസ്ഥാനത്തിലും ശാസ്ത്രീയമായ രീതിയില്‍ കോഴിവളര്‍ത്തല്‍ സംരംഭത്തില്‍ ഏര്‍പ്പെടാം. വിവിധ സാഹചര്യങ്ങളില്‍ കോഴി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഇനങ്ങള്‍

ഗ്രാമലക്ഷ്മി (ആസ്‌ട്രോവൈറ്റ),ഗ്രാമപ്രിയ, അതുല്യ (ഐ.എല്‍.എം90), കലിംഗാ ബ്രൗണ്‍ (റോഡോവൈറ്റ്), പാസ്സ് ജ്യോതി, ഗിരിരാജ തുടങ്ങിയ സങ്കര വര്‍ഗക്കോഴികളാണ് കേരളത്തിന് അനുയോജ്യം. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിന്റെ സ്ഥാപനങ്ങളിലും സ്വകാര്യ ഹാച്ചറികളിലും കോഴിക്കുഞ്ഞുങ്ങള്‍ ലഭിക്കും.

വീട്ടുവളപ്പില്‍

hen

10-12 കോഴികളെ വീട്ടുവളപ്പില്‍ പകല്‍സമയം തുറന്നുവിട്ട് തീറ്റിപ്പോറ്റുകയും രാത്രികാലങ്ങളില്‍ മാത്രം കൂടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന രീതി അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും നിറഞ്ഞ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണ്.

ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഒരു കോഴിക്ക് ഒരു ചതുരശ്ര അടി സ്ഥലം അനുവദിക്കണം. 4 അടി നീളവും 3 അടി വീതിയും 2 അടി പൊക്കവുമുള്ള കൂട്ടില്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. കൂട് തറനിരപ്പില്‍ നിന്നും 1-2 അടി ഉയരത്തില്‍ കാലുകള്‍ കൊടുത്തുവെയ്ക്കുന്നതാണ് നല്ലത്. കൂട്ടിനുള്ളില്‍ തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും സജ്ജീകരിക്കണം. സുരക്ഷിതമായതും യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്ന കൂടുകളായിരിക്കണം നിര്‍മിക്കേണ്ടത്. കമ്പിവേലികള്‍ കൊണ്ടോ ചെലവ്‌ കുറഞ്ഞ കൂടുകള്‍ പ്രാദേശികമായി നിര്‍മിക്കാം. കൂട് വീടിന്റെ പരിസരത്തുള്ള ഉയര്‍ന്ന പ്രദേശത്താണ് വെക്കേണ്ടത്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാന്‍ പറ്റുന്ന തരത്തിലുള്ളവയുമായിരിക്കണം.

പച്ചക്കറി കൃഷിയും ചെടികളും മറ്റും വീട്ടുമുറ്റത്തുണ്ടെങ്കില്‍ കോഴികള്‍ അവ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അടുത്തടുത്ത് വാസസ്ഥലങ്ങള്‍ ഉള്ളപ്പോള്‍ വീടുകളിലെ കോഴികളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഇത്തരക്കാര്‍ക്ക് കോഴിക്കൂടിനു ചുറ്റും ഒരു കോഴിക്ക് 5 ചതുരശ്ര അടി എന്ന കണക്കില്‍ കമ്പിവേലിയോ പ്‌ളാസ്റ്റിക് വലയോ കൊണ്ട് വേലികെട്ടിത്തിരിച്ച് പകല്‍ സമയം തുറന്നുവിടാം. 

കോഴിക്കൂടും പരിസരവും പതിവായി വൃത്തിയാക്കണം. കാലാകാലങ്ങളില്‍ റിപ്പയര്‍ ചെയ്തു പെയിന്റടിക്കുകയും മാറ്റി സ്ഥാപിക്കുകയും വേണം.

പത്തില്‍കൂടുതല്‍ കോഴിക്കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍

chick

ഡീപ്പ് ലിറ്റര്‍ (അറുക്കപ്പൊടി ഉപയോഗിച്ച്) സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം. മുട്ടയുല്‍പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്ക് 2.25 ചതുരശ്ര അടി സ്ഥലം അനുവദിക്കണം. എഗ്ഗര്‍ നഴ്‌സറിയാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം മതിയാകും. ഡിപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം. മുട്ടയുല്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം മതിയാകും. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ഒരു ദിവസം പ്രായമാകുമ്പോള്‍ മുതലുള്ള കോഴിക്കുഞ്ഞുങ്ങളെ കൃത്രിമച്ചൂട് നല്‍കി വളര്‍ത്താന്‍ സാധിക്കുന്നു. 

പട്ടണങ്ങളില്‍

കമ്പിഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം.  45 x 40 x 23 സെന്റീമീറ്റര്‍ വലിപ്പമുള്ള ഒരു കൂട്ടത്തില്‍ നാല് കോഴികളെ വരെ വളര്‍ത്താം. കൂടിന്റെ തറയ്ക്ക് മുന്നിലേക്ക് ചെറിയ ചരിവ് നല്‍കുന്നു. മുട്ടശേഖരിക്കാന്‍ ഇത് രണ്ടു തട്ടായി വളര്‍ത്തിയാല്‍ കൂടുതല്‍ കോഴികളെ വളര്‍ത്താം. കൂടിനുള്ളില്‍ തന്നെ തീറ്റയ്ക്കും വെള്ളത്തിനുമുള്ള പ്രത്യേക തരത്തിലുള്ള പാത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ഓരോ തട്ടിലെയും കാഷ്ഠം അടിയിലുള്ള ട്രേയില്‍ ശേഖരിക്കപ്പെടും. 

ടെറസ്സില്‍

100 കോഴികളെ വരെ ടെറസ്സില്‍ അഥവാ മട്ടുപ്പാവില്‍ വളര്‍ത്തുന്നതിനുള്ള കൂടുകള്‍ ലഭ്യമാണ്. 

വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍

കാലാവസ്ഥയിലെ മാറ്റങ്ങള്‍ ബാധിക്കാത്ത ഇ.സി ഹൗസുകളിലോ എലിവേറ്റഡ് ഷെഡ്ഡുകളിലോ കൂടുകളില്‍ വളര്‍ത്താവുന്നതാണ്. ഒരു കൂട്ടില്‍ 25,000-30,000 വരെ കോഴികളെ വളര്‍ത്താം. ഇത്തരം ഷെഡ്ഡുകളില്‍ ഒരു തൊഴിലാളി മതിയാകും. തീറ്റയും വെള്ളവും ഓട്ടോമാറ്റിക് രീതിയിലാണ് നല്‍കുന്നത്. മുട്ടശേഖരണവും പ്രതിരോധ കുത്തിവെയ്പും വരെ യന്ത്രവല്‍ക്കരണത്തിലൂടെ നടക്കുന്നു. എന്നാല്‍ വളരെയധികം മുതല്‍മുടക്ക് ഈ രീതിയിലുണ്ട്. 

പരിപാലനം

മുട്ടക്കോഴിവളര്‍ത്തല്‍ ലാഭകരമാക്കാന്‍ ശാസ്ത്രീയ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. മുട്ടക്കോഴികളുടെ വളര്‍ച്ചാഘട്ടത്തെ മൂന്നായി തിരിച്ചിരിക്കുന്നു.

0-8 ആഴ്ച - കോഴിക്കുഞ്ഞുങ്ങള്‍
9-19 ആഴ്ച - വളരുന്ന കോഴികള്‍ 
20 ആഴ്ച മുതല്‍ വലിയ കോഴികള്‍

കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനം (ബ്രൂഡിംഗ്)

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തൂവല്‍ വളര്‍ച്ച എത്തുന്നതുവരെ കൃത്രിമ ചൂട് നല്‍കി വളര്‍ത്തുന്നതിനെയാണ് ബ്രൂഡിംഗ്‌ എന്ന് പറയുന്നത്. അന്തരീക്ഷത്തിലെ ചൂടിനെ ആസ്പദമാക്കിയാണ് ബ്രൂഡിംഗ് കാലാവധി നിശ്ചയിക്കുന്നത്. സാധാരണ 2-3 ആഴ്ചയാണ് ബ്രൂഡിംഗ് കാലാവധി. മഴക്കാലമെങ്കില്‍ 3-4 ആഴ്ച വരെയാകാം. ബ്രൂഡിംഗിനായി ഡിപ്പ് ലിറ്റര്‍ കൂടുകളോ ബാറ്ററി ബ്രൂഡിംഗ് കൂടുകളോ തെരഞ്ഞെടുക്കാം. കോഴിക്കുഞ്ഞുങ്ങള്‍ എത്തുന്നതിന് രണ്ട് ആഴ്ച മുന്‍പ് കൂടൊരുക്കല്‍ തുടങ്ങണം.

ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി എന്ന നിരക്കില്‍ ഏതെങ്കിലും അണുനാശിനി ഉപയോഗിച്ച് കൂടിന്റെ തറ, ചുമരുകള്‍ എന്നിവിടങ്ങളില്‍ 3:1 എന്ന അനുപാതത്തില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും കൂടി കലര്‍ത്തി വെള്ളയടിക്കണം. അതിനുശേഷം കൂട് ഉണങ്ങാനായി സമയം അനുവദിക്കുക.

കൂട് നല്ല പോലെ ഉണങ്ങിയശേഷം തറയില്‍ വിരിപ്പായി അറുക്കപ്പൊടി, ചിന്തേരു പൊടി, ചെറുതായി നുറുക്കിയ വയ്‌ക്കോല്‍, നിലക്കടലത്തോട് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. കൂട്ടില്‍ വിരിയിക്കുന്നതിനുമുന്‍പായി ഇവ വെയിലത്ത് നന്നായി ഉണക്കണം. കോഴിക്കുഞ്ഞുങ്ങളുടെ കാലുകള്‍ക്ക് ക്ഷതം സംഭവിക്കാതിരിക്കാന്‍ അതില്‍ ഉള്ള മുള്ളാണികള്‍, കൂര്‍ത്ത തടിച്ചീളുകള്‍,മറ്റു കട്ടിയുള്ള വസ്തുക്കള്‍ എന്നിവ മാറ്റുക.

തറയില്‍ 5 സെന്റീ മീറ്റര്‍ കനത്തില്‍ വേണം, ലിറ്റര്‍ വിരിയിക്കാന്‍. അതിനുമുകളില്‍ 250 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനായി ഒരു മീറ്റര്‍ വ്യാസമുള്ള കുട്ടയോ തകരമോ ഹോവറായി കെട്ടിതൂക്കുകയോ ഇഷ്ടിക കൊണ്ട് പൊക്കി വയ്ക്കുകയോ ചെയ്യാം. അതില്‍ നിന്ന് കൃത്രിമ ചൂട് നല്‍കുന്നതിനായി ഒരു കോഴിക്കുഞ്ഞിന് ഒരു വാട്ട് എന്ന നിരക്കില്‍ 40 വാട്ടിന്റെയും 60 വാട്ടിന്റെയും ബള്‍ബുകള്‍ തൂക്കിയിടാം. ബള്‍ബുകള്‍ തറയില്‍ നിന്ന് 50 സെന്റീമീറ്റര്‍ ഉയരത്തിലായിരിക്കണം. ഹോവര്‍ അതിനനുസൃതമായി ക്രമീകരിക്കുക. കോഴിക്കുഞ്ഞുങ്ങള്‍ ബ്രൂഡറിന് വെളിയിലേക്ക് പോകാതിരിക്കാന്‍ 1 അടി പൊക്കമുള്ളതും ഹോവറില്‍ നിന്നും 2 അടി വ്യാസമുള്ളതുമായ ചിക് ഗാര്‍ഡ് ഉപയോഗിക്കണം. 

തീറ്റ

8 ആഴ്ച വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സമീകൃതാഹാരമാണ് സ്റ്റാര്‍ട്ടര്‍ തീറ്റ. സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 20 ശതമാനം പ്രോട്ടീന്‍ അഥവാ മാംസ്യം ഉണ്ടായിരിക്കണം. വിവിധ കമ്പനികളുടെ തരിരൂപത്തിലും ഗുളിക രൂപത്തിലുമുള്ള തീറ്റ മാര്‍ക്കറ്റില്‍ ലഭ്യമാണ്. മഞ്ഞച്ചോളം, കടലപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, ഉണക്കക്കപ്പ, ഗോതമ്പ്,നുറുക്ക് അരി, ഉപ്പില്ലാത്ത ഉണക്കമീന്‍ ,ധാതുലവണമിശ്രിതം ഇവയൊക്കെ വേണ്ടുന്ന അളവില്‍ പൊടിച്ചുചേര്‍ത്തതാണ് സമീകൃത തീറ്റ.

ആദ്യത്തെ 2-3 ദിവസം തീറ്റ ഹോവറിനു കീഴില്‍ പേപ്പറിലോ ട്രേകളിലോ നല്‍കാവുന്നതാണ്. അതിനുശേഷം കുഞ്ഞുങ്ങള്‍ക്കുള്ള ഗ്രില്‍ വച്ച് നീണ്ട തീറ്റപാത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

പ്രതിരോധ കുത്തിവെപ്പുകള്‍

നമ്മുടെ നാട്ടിലെ കോഴികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളായ മാരക്‌സ്, കോഴിവസന്ത, കോഴിവസൂരി, ഐ.ബി.ഡി എന്നിവയ്‌ക്കെതിരെ നിര്‍ബന്ധമായും കുത്തിവെയ്പ് എടുക്കണം. കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ ഹാച്ചറികളില്‍ നിന്നും മാരക്‌സ് രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് നല്‍കാറുണ്ട്. 

കര്‍ഷകര്‍ നിര്‍ബന്ധമായും നല്‍കേണ്ട കുത്തിവെയ്പ്പുകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ് പാലോട് എന്ന മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തില്‍ നിന്നും മൃഗാശുപത്രികള്‍ മുഖേനയും, മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ വാങ്ങാവുന്നതാണ്. വീട്ടുവളപ്പില്‍ വളര്‍ത്തുന്ന കോഴികള്‍ക്കും പ്രതിരോധ കുത്തിവെയ്പുകള്‍ ബാധകമാണ്. പ്രതിരോധ കുത്തിവെപ്പുകള്‍ അതിരാവിലെ നല്‍കുന്നതാണ് ഉത്തമം. പ്രതിരോധ കുത്തിവെപ്പു മൂലമുള്ള ക്ഷീണം ഒഴിവാക്കാനായി വിറ്റാമിന്‍ സി പോലുള്ള മരുന്നുകള്‍ നല്‍കാവുന്നതാണ്.


വിവരങ്ങള്‍ക്ക് കടപ്പാട് : ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ