മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ മൂക്കുത്തി സഹായിക്കുമെന്നാണ് സങ്കല്പം. പക്ഷേ മൂക്കുത്തിയണിയുന്ന കോഴികള്‍ക്ക് സൗന്ദര്യം ഉണ്ടാകില്ലെന്നു മാത്രമല്ല, നേര്‍ക്കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. കോഴികള്‍ പരസ്പരം കൊത്തുകൂടി ചാകുന്നത് തടയാനാണ് പ്രത്യേകതരം മൂക്കുത്തി ഇപ്പോള്‍ പരീക്ഷണാര്‍ഥം ഉപയോഗിക്കുന്നത്. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിനുകീഴിലുള്ള പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രമാണ് കോഴികള്‍ക്കായി ''പിന്‍ലെസ് പീപ്പര്‍'' എന്ന മൂക്കുത്തിപോലുള്ള ഉപകരണം വിദേശത്തുനിന്ന് എത്തിച്ചിരിക്കുന്നത്. കോഴികളുടെ ചുണ്ടിനുമേല്‍ ഇടുന്ന ക്ലിപ്പാണിത്.

കോഴിയുടെ കാഴ്ച മറയ്ക്കത്തക്കവിധം ചുണ്ടിനുമേലാണ് ഇത് പിടിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ കോഴികള്‍ കണ്ണടവെച്ചതുപോലെ തോന്നും. നേരിട്ടുള്ള കാഴ്ച മറയുന്നതിനാല്‍ കോഴികള്‍ക്ക് പരസ്പരം കൊത്താന്‍ കഴിയില്ല. തീറ്റയെടുക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ തടസ്സമുണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്.

കൂട്ടിലിട്ടു കോഴികളെ വളര്‍ത്തുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇവയുടെ കൊത്തുകൂടല്‍. പലപ്പോഴും കോഴികള്‍ ചത്തുപോകാറുണ്ട്. കോഴികള്‍തന്നെ മുട്ടകള്‍ കൊത്തിപ്പൊട്ടിക്കുന്നതും കര്‍ഷകര്‍ക്ക് നഷ്ടത്തിനു കാരണമാകുന്നു. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും മൂക്കുത്തി പരിഹാരമാകും. ആളുകളെ കൊത്തുന്ന പൂവന്‍കോഴികളെയും മൂക്കുകുത്തിയാല്‍ തളയ്ക്കാം. 

കൊട്ടാരക്കര സ്വദേശിയും പത്തനംതിട്ട കെ.വി.കെ.യിലെ മൃഗശാസ്ത്രവിഭാഗം മേധാവിയുമായ ഡോ. സെന്‍സി മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് വിദേശങ്ങളില്‍ ഉപയോഗിക്കുന്ന പിന്‍ലെസ് പീപ്പര്‍ കേരളത്തിലും ഫലപ്രദമാണെന്നു കണ്ടെത്തിയതും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതും. കെ.വി.കെ. മേധാവി ഡോ. സി.പി.റോബര്‍ട്ടിന്റെ നിര്‍ദേശാനുസരണം ഇവ പ്രാദേശികമായി നിര്‍മിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

Pinless peepers

കൊത്തുകാര്‍ പുതുതലമുറക്കാര്‍

പരസ്പരം കൊത്തിച്ചാകുന്ന ശീലം കൂടുതലുള്ളത് കോഴികളിലെ പുതുതലമുറക്കാര്‍ക്കാണ്. ബി.വി.-380, അതുല്യ തുടങ്ങിയ ഇനങ്ങളാണ് ഇതില്‍ മുമ്പന്‍മാര്‍. കൂട്ടിലിട്ടു വളര്‍ത്തുന്നവയില്‍ 10 മുതല്‍ 20 ശതമാനം വരെ കോഴികള്‍ കൊത്തുമൂലം ചാകുന്നതായാണ് കണക്കുകള്‍. ഇത്തരം സാഹചര്യങ്ങളില്‍ വളരുന്നത് മുട്ടയുത്പാദനം കുറയുന്നതിനും കാരണമാകും. എല്ലാ കോഴികള്‍ക്കും ഇത് ഇടണമെന്നില്ല. കൂട്ടത്തിലെ കൊത്തുകാരെ കണ്ടെത്തി അവയ്ക്കുമാത്രം പിന്‍ലെസ് പീപ്പര്‍ അണിയിച്ചാല്‍ മതിയാകും.

വില 25 രൂപ

ഒരു കോഴിക്ക് മൂക്കുത്തിയിടാനുള്ള ചെലവ് 25 രൂപ മാത്രം. കോഴിയുടെ വിലയും മുട്ടയുടെ വിലയും കണക്കാക്കുമ്പോള്‍ ഇത് ചെറിയ തുകയാണ്. അമേരിക്കയില്‍നിന്നാണ് ഇവ വരുത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആവശ്യക്കാരേറിയാല്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും തീരുമാനമുണ്ട്.

തുറന്നുവിടാന്‍ കഴിയില്ല

മുന്‍കാലങ്ങളില്‍ കോഴികളെ കൂട്ടില്‍നിന്ന് പറമ്പിലേക്ക് തുറന്നുവിടുമായിരുന്നു. പറമ്പുകള്‍ കുറഞ്ഞതും തെരുവുനായ്ക്കള്‍, കീരി എന്നിവയുടെശല്യം കൂടിയതും കോഴികളെ തുറന്നുവിടാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കി. നാട്ടുകോഴികളെ പോലും കൂട്ടിലടച്ചിട്ട് വളര്‍ത്താനേ കഴിയൂ.

Content Highlights: Pinless peepers for chickens