ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കില്ലെന്ന നിലപാട് നിയമപരമല്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചത്കഴിഞ്ഞ ആഴ്ചയിലാണ്. വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ വ്യക്തികള്‍ക്കും സംരക്ഷിക്കപ്പെടാന്‍ മൃഗങ്ങള്‍ക്കും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഫ്‌ളാറ്റുകളില്‍ പോലും മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ മൃഗങ്ങളെ സംരക്ഷിക്കുന്നതു തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊച്ചി കലൂരിലെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന റോഷന്‍ എന്നയാള്‍ വളര്‍ത്തുനായയെ കൂടെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളും റോഷന്റെ പ്രതികരണങ്ങളും മാധ്യമശ്രദ്ധ നേടിയിരുന്നു. ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഫ്‌ളാറ്റുകളില്‍ വളര്‍ത്തുമൃഗങ്ങളെ പ്രത്യേകിച്ച് നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് ആശ്വാസമാകും. എങ്കിലും ഫ്‌ളാറ്റുകളില്‍ നായ്ക്കളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. 

യോജിച്ച ഇനത്തെ തിരഞ്ഞെടുക്കുക

ഫ്ളാറ്റുകളിലെ ജീവിതം പരിമിതികളുള്ളതാണ്. അതിനാല്‍ അത്തരം ജീവിതശൈലിയോടു ഒത്തുപോകുന്ന ഇനങ്ങളെ വേണം തിരഞ്ഞെടുക്കേണ്ടത്. നായയുടെ വലുപ്പത്തെക്കാള്‍ അവയുടെ ഊര്‍ജ്ജനിലയ്ക്ക് അല്ലെങ്കില്‍ അവ എത്രമാത്രം ആക്ടീവാണെന്നതിന് പ്രാധാന്യം നല്‍കണം. വികാരങ്ങളിലും പ്രവൃത്തികളിലും മിതത്വം പാലിക്കുന്ന നൈസര്‍ഗ്ഗിക ഗുണമുള്ള ഇനങ്ങള്‍ ഉത്തമം. ഉദാഹരണത്തിന് ശാന്തപ്രകൃതിയുള്ള ഗ്രേറ്റ് ഡെയ്ന്‍ പോലെയുള്ള വലിയ ഇനങ്ങളാണ് എപ്പോഴും ഓടി നടന്ന് കുരയ്ക്കുന്ന സ്വഭാവം കാണിക്കുന്ന പോമറേനിയന്‍ പോലെയുള്ള ചെറിയ ഇനങ്ങളെക്കാള്‍ ഫ്‌ളാറ്റില്‍ വളര്‍ത്താന്‍ അനുയോജ്യം. ബുള്‍ഡോഗ്, ഡാഷ്ഹണ്ട്, ഷിവാവ, പഗ്, ചൗ ചൗ, മിനിയേച്ചര്‍ പുഡില്‍, മാള്‍ട്ടീസ്, ഇന്ത്യന്‍ സ്പിറ്റ്സ്, ലാബ്രഡോര്‍ റിട്രീവര്‍ എന്നിവയൊക്കെ ഫ്‌ളാറ്റ് വാസത്തിന് ഇണങ്ങും. നീളന്‍ രോമങ്ങളുള്ള ഇനങ്ങളേക്കാള്‍ കുറിയ രോമമുള്ള ഇനങ്ങളാവും നല്ലത്. വീട്ടിലുള്ളവരോടും സന്ദര്‍ശകരോടും അയല്‍വാസികളോടും സൗഹൃദത്തോടെ പെരുമാറാന്‍ കഴിയുന്ന ബ്രീഡുകള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ചേര്‍ന്നവയാകും.

പരിപാലനത്തില്‍ വേറിട്ട ശ്രദ്ധ

മിക്ക നായ ജനുസ്സുകള്‍ക്കും കൃത്യമായ വ്യായാമം  ആവശ്യമാണ്. ദിവസേന കുറച്ചു നേരമെങ്കിലും പുറത്ത് നടക്കാന്‍ കൊണ്ടുപോകുന്നത് ഗുണം ചെയ്യും. അധികം വ്യായാമം ആവശ്യമില്ലാത്ത ഇനമാണെങ്കില്‍ ഫ്ളാറ്റിനുള്ളില്‍ കളിപ്പാട്ടങ്ങള്‍ നല്‍കി കളിക്കാന്‍ അവസരമൊരുക്കാം. നായയെ വളര്‍ത്തുന്നുണ്ടെങ്കില്‍ ഫ്ളാറ്റിന്റെ താഴ്ന്ന നിലകളില്‍ താമസിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കില്‍ ഫ്ളാറ്റിനു വെളിയില്‍ തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനത്തിനും പതിവു നടത്തത്തിനുമായി നായ്ക്കളെ കൊണ്ടുപോകാന്‍ എളുപ്പമാകും. ഉയര്‍ന്ന  നിലകളിലാണ് താമസമെങ്കില്‍ ഫ്ളാറ്റിന്റെ ബാത്റൂമിലോ സുരക്ഷിതമായ ബാല്‍ക്കണികളിലോ മലവിസര്‍ജ്ജനത്തിനായി 'പോട്ടി' ഒരുക്കി നല്‍കാം. ഇത് വിജയിക്കണമെങ്കില്‍ ആറാഴ്ച പ്രായമുള്ളപ്പോള്‍ മുതല്‍ പത്രക്കടലാസുകള്‍ക്കുമേല്‍ ശോധന ചെയ്യാന്‍ നായ്ക്കുട്ടിയെ പരിശീലിപ്പിച്ചു തുടങ്ങണം. 

ഫ്ളാറ്റില്‍ താമസിക്കാനെത്തുന്ന നായ്ക്കുട്ടിക്ക് ബാത്റൂം പോലൊരു കൃത്യമായ മുറിയിലോ അല്ലെങ്കില്‍ വലിയ ഒരു മുറിയുടെ പ്രത്യേക ഭാഗത്തോ ഭാഗത്തോ മാത്രമേ തുടക്കത്തില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാവൂ. ടോയ്ലെറ്റ് പരിശീലനം നേടുന്നതുവരെ ഇതു തുടരണം. വലിയ മുറിയുടെ ഒരു ഭാഗത്ത് ഒരു ചൈല്‍ഡ് ഗേറ്റ് വച്ചു വേര്‍തിരിച്ച് അവിടെ ഒരു കൂടും  ഒരുക്കി നല്‍കാം. വീട്ടുകാര്‍ ജോലിക്കു പോകുന്ന സമയത്തും ഉറങ്ങുന്ന സമയത്തും നായ്ക്കുട്ടിയെ ഈ കൂട്ടില്‍ കയറ്റി വാതിലടയ്ക്കണം. ഉറങ്ങാനും വിശ്രമിക്കാനുമുള്ള സുരക്ഷിത സ്ഥലമാണ് കൂടെന്ന് നായ്ക്കുട്ടിയെ അങ്ങനെ പഠിപ്പിക്കാം. അല്‍പ്പം കൂടി വലുതാകുമ്പോള്‍, മാറ്റ് തറയില്‍ വിരിച്ച് നായയുടെ സ്ഥലം വേര്‍തിരിക്കണം. അതുവഴി ച്യൂ ടോയ്‌സ് ചവയ്ക്കുന്നതിന്റെയും കളിക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതും തറയില്‍  കറകള്‍ വീഴുന്നതുമെല്ലാം ഒഴിവാക്കാന്‍ കഴിയും. 

നായ്ക്കള്‍ക്ക് ടോയ്ലറ്റ് പരിശീലനം നല്‍കുക എന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളി. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളേക്കാള്‍ കൃത്യമായ ഭക്ഷണക്രവും ദിനചര്യകളും ഫ്ളാറ്റുകളിലെ നായ്ക്കള്‍ക്ക് ഉണ്ടായിരിക്കണം. വയര്‍ നിറച്ച് ആഹാരം നല്‍കിയതിനുശേഷം വിസര്‍ജ്ജനത്തിനുള്ള ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഫ്ളാറ്റിനകത്തോ പുറത്തോ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ട സ്ഥലത്തേക്ക് നായ്ക്കുട്ടിയെ കൊണ്ടുപോകണം. പുറത്ത് കൊണ്ടുപോകുമ്പോള്‍ നായ എത്ര അനുസരണയുള്ളതാണെങ്കിലും ശരി അതിനെ ലീഷുപയോഗിച്ച് നിയന്ത്രിച്ചിരിക്കണം. മലമൂത്ര വിസര്‍ജ്ജനത്തിനായി  ഫ്ളാറ്റിന്റെ പൊതുഇടങ്ങള്‍ ഉപയോഗിക്കരുത്. 

വിസര്‍ജ്യം കൃത്യമായി നീക്കുകയും വേണം. നായ്ക്കളുടെ മൂത്രം പൂച്ചെടികള്‍ക്ക് നല്ലതല്ലായെന്നതോര്‍ക്കുക. മലമൂത്ര വിസര്‍ജ്ജനത്തിന്റെ സമയമാകുമ്പോള്‍ നായ വീടിന്റെ  വാതിലിനടുത്തേക്ക് ഓടിച്ചെന്ന് വാലാട്ടി നിന്ന് പുറത്തുപോകാനായി ശ്രമിക്കുന്നത് പരിശീലനം വിജയിച്ചതിന്റെ ലക്ഷണമാണ്. നായ്ക്കള്‍ അപരിചിതരെ ഭയപ്പെടുമെന്നതിനാല്‍ സ്ഥിരം കാണുന്ന അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ എന്നിവരെ നായ്ക്കുട്ടിക്കു പരിചയപ്പെടുത്തിക്കൊടുക്കണം. ഉടമ ജോലിക്കു പോകുമ്പോള്‍ ഫ്‌ളാറ്റില്‍ പകല്‍ മുഴുവന്‍ ഏകാന്തതയില്‍ കഴിയേണ്ടിവരുമ്പോള്‍, ബോറടി മൂലമാകാം നായ്ക്കള്‍ അസ്വസ്ഥരായി സോഫയും മറ്റും കടിച്ചുകീറിയേക്കാം. ഇതൊഴിവാക്കാനായി അവയ്ക്ക് പലതരം കളിപ്പാട്ടങ്ങള്‍ നല്‍കണം. 

കുടുംബാംഗങ്ങള്‍ ദിവസവും കുറച്ചു സമയമെങ്കിലും നായയോടൊത്ത് ചെലവിടുകയും അവയെ ശ്രദ്ധിക്കുകയും ചെയ്യുന്നത് ഏറെ നല്ലത്. കൂടുതല്‍ ദിവസങ്ങള്‍ ഫ്ളാറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുന്ന അവസരങ്ങളില്‍ നായയ്ക്കു മുന്‍പരിചയമുള്ള ഡോഗ് സിറ്ററുടെ സേവനം ലഭിക്കുമെങ്കില്‍ നല്ലത്.  വീടിനകത്തു വളര്‍ത്തുന്ന നായ്ക്കളുടെ ചര്‍മ്മപ്രശ്‌നക്കള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും അടിയന്തിര വൈദ്യസഹായം തേടുകയും വേണം. രോമം ദിവസേന ബ്രഷ് ചെയ്യുകയും നഖവും രോമങ്ങളും ഇടയ്ക്കിടെ വെട്ടുകയും വേണം. ആഴ്ചയിലൊരിക്കലെങ്കിലും ഫര്‍ണീച്ചര്‍, കാര്‍പെറ്റ് എന്നിവ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കി രോമങ്ങളില്ലെന്ന് ഉറപ്പാക്കണം.

അപ്പാര്‍ട്മെന്റുകളില്‍ അല്ലെങ്കില്‍ ഫ്‌ളാറ്റുകളില്‍ ഓമനമൃഗങ്ങളെ വളര്‍ത്തുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ് റസിഡന്റ്‌സ് അസോസിയേഷനുകള്‍ ചെയ്യേണ്ടത്. ഓമനമൃഗങ്ങള്‍ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിക്കൊണ്ടിരിക്കുന്നതിനാല്‍ അവയെ ഫ്‌ളാറ്റുകളാണെങ്കില്‍ പോലും വളര്‍ത്താന്‍ തീരെ അനുവദിക്കാതിരിക്കുകയെന്നത് വരും കാലങ്ങളില്‍ പ്രായോഗികമല്ല. പൊതുവായി നല്‍കുന്ന നിബന്ധനകള്‍ എല്ലാവരും കൃത്യമായി പാലിക്കാന്‍ ശ്രമിക്കുകയെന്നതാണ് പ്രധാനം. ഉദാഹരണത്തിന്, നായ്ക്കളുട ശരീരഭാരം, വലുപ്പം, ഇനങ്ങള്‍ എന്നിവ സംബന്ധിച്ച് പൊതുധാരണ ഉണ്ടാക്കാം. കൂടാതെ മുന്‍കരുതലായി പെറ്റ് ഡിപ്പോസിറ്റ് പോലുള്ള സംവിധാനങ്ങളും നിര്‍ബന്ധമാക്കാം. നായ്ക്കളെ പേടിയുള്ളവരും ഇഷ്ടപ്പെടാത്തവരുമൊക്കെ ഫ്ളാറ്റില്‍ താമസിക്കുന്നുണ്ടാകും. ഫ്ളാറ്റിലെ നായയെ വളര്‍ത്തുന്നത് അവര്‍ ഇഷ്ടപ്പെട്ടുകയുമില്ല. അതിനാല്‍ ലഭ്യമായ സൗകര്യങ്ങള്‍ കണക്കിലെടുത്താവണം ഫ്ളാറ്റിലെ നായ വളര്‍ത്തല്‍.

Content Highlights: Pets in Apartment Complex