ആട്ടിയകറ്റിയാലും വീടുതേടിയെത്തുന്ന പൂച്ചക്കുഞ്ഞിന്റെ സ്നേഹവും ഏതിരുട്ടിലും മാറ്റുകുറയാത്ത നായയുടെ വിശ്വാസ്യതയും ഒരിക്കലും പഴങ്കഥയല്ല... നായ്ക്കുട്ടിയും പൂച്ചയും മാത്രമല്ല, മീനും കിളിയും എന്തിന് ഒച്ചിനെ വരെ ഓമനിച്ച് വളര്‍ത്തുന്നവര്‍ നമുക്കുചുറ്റുമുണ്ട്. വീട്ടോമനകളെ വളര്‍ത്തുന്നവരില്‍ പലര്‍ക്കും ഏകാന്തതയുടെയും വിഷാദത്തിന്റെയും ഒറ്റത്തുരുത്തില്നിന്ന് കരകയറിയ നിരവധി കഥകള്‍ പറയാനുണ്ടാകും. ജീവിതപ്രശ്നങ്ങളാല്‍ മാനസിക പ്രശ്നമനുഭവിക്കുന്നവര്‍ക്ക് 'പെറ്റ് തെറാപ്പി' ആശ്വാസമാണെന്ന് മനഃശാസ്ത്ര വിദഗ്ധനായ സി.ജെ. ജോണ്‍ പറയുന്നു.
ലാബ്രഡോര്‍ റിട്രീവര്‍, ഡോബര്മാന്, ഡാഷ് ഹണ്ട്, ചൗ ചൗ, ബുള്‍ഡോഗ് തുടങ്ങിയ നായകള്‍ വിപണിയില്‍ പ്രിയപ്പെട്ടതാണ്. ഫാന്‍സി പ്രാവുകളായ ബൊക്കാറ ട്രബറ്റര്, ഫാന്‍ ടെയില്‍, ജാക്കോബിന്‍ തുടങ്ങിയ ലക്ഷണമൊത്ത പ്രാവുകള്‍ക്ക് ലക്ഷങ്ങള്‍ വരെയാണ് വിലവരുന്നത്. ലൗ ബേര്‍ഡ്സ്, ജാവ, ബഡ്ജീസ് തുടങ്ങിയ പക്ഷികള്‍ക്ക് 2,500 രൂപ വരെ വിലയുണ്ട്. 'ബഡ്ജീസി'നെയാണ് പൊതുവേ ആളുകള്‍ 'ലൗ ബേഡ്' എന്ന് തെറ്റിദ്ധരിക്കുന്നത്. ലൗ ബേര്‍ഡ്സ് തത്തയെപോലുള്ള ചെറിയ പക്ഷികളാണ് എന്നതാണ് സത്യം.
'പേര്‍ഷ്യന്‍ ക്യാറ്റു'കള്‍ക്ക് 10,000 മുതലാണ് വില വരുന്നത്. ഡിസ്കസ്, നിയോണ്‍ ടെട്രാ, വിവിധതരം ഗപ്പികള്‍, എയ്ഞ്ചല്‍ ഫിഷ്, എക്കാലത്തേയും പ്രിയപ്പെട്ട ഗോള്‍ഡന്‍ ഫിഷ് തുടങ്ങിയവും മത്സ്യവിപണിയില്‍ തിളങ്ങിനില്ക്കുന്നുന്നു. പരിധിയില്ലാതെ സ്നേഹിക്കാന്‍ അവര്ക്കാകുമെന്നതു തന്നെയാണ് പെറ്റ്സ് വളര്‍ത്തലും വ്യവസായവും ദിനംപ്രതി വളരുന്നതിനുള്ള കാരണം.
ചില ആരോമല്കാര്യങ്ങള്
കലൂരില്‍ 'പെറ്റ്സ് ആഗ്രോസ്' കടയുടമ സതീഷ്കുമാറിന് തന്റെ ഗ്രേ പാരറ്റിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ നൂറ് നാവാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 40,000 രൂപയ്ക്ക് അദ്ദേഹം ഈ ചാരത്തത്തയെ വാങ്ങുന്നത്. പറയുന്നതനുസരിച്ചും അദ്ദേഹത്തിന്റെ ൈകയിലുരുമ്മിയും അത് എത്രസമയം വേണമെങ്കിലും ഇരിക്കും. എന്നാല്‍, പരിചയമില്ലാത്തവര്‍ തൊടുകയാണെങ്കില്‍ മൂര്‍ച്ചയുള്ള കൊക്കുകൊണ്ടുള്ള കൊത്ത് കിട്ടിയെന്നിരിക്കും.

3,000 രൂപയിലധികമാണ് ഇതിന്റെ ഒരുമാസത്തെ ഭക്ഷണത്തിനുള്ള ചെലവ്. വളഞ്ഞുനീണ്ട വിരലുകളില്‍ അത് അണിഞ്ഞിരിക്കുന്നത് ഒരു 'ക്ലോസ് റിങ്' ആണ്. മുട്ടവിരിഞ്ഞ് പത്ത് ദിവസത്തിനുള്ളിലാണ് 'ക്ലോസ് റിങ്' പക്ഷികള്‍ക്ക് അണിയിക്കുന്നത്. പക്ഷിയെക്കുറിച്ചുള്ള ഡി.എന്‍.എ. വിവരമുള്‍പ്പെടെ അതിലുണ്ടാകും. മോഷ്ടിക്കപ്പെട്ടാലും നഷ്ടപ്പെട്ടാലും തിരച്ചറിയാന്‍ കഴിയുന്ന അടിസ്ഥാനരേഖ കൂടിയാണിത്. ക്ലോസ് റിങ്ങിനു പകരം 'കട്ട് റിങ്ങു'കളും പക്ഷികളെ അണിയിക്കാറുണ്ട്. ക്ലോസ് റിങ്ങ് ഊരിമാറ്റാന്‍ കഴിയില്ലന്നതാണ് അതിന്റെ പ്രത്യേകത... കട്ട് റിങ്ങുകള്‍ ഊരിയെടുക്കാം.
ഈ സ്നേഹത്തിന് വിലയിടാനാവില്ല
തട്ടുതട്ടുകളായി വെല്‍വെറ്റ് പാകിയ 'ക്യാറ്റ് ട്രീ' കണ്ടിട്ടുണ്ടോ...? മടിയനായ 'പേര്‍ഷ്യന്‍ ക്യാറ്റ്' വരെ ഓടിയും ചാടിയും അതിലങ്ങനെ കളിച്ചിരുന്നോളും. പിറന്നാള്‍ സമ്മാനമായി വീട്ടിലെ ചെറിയ കുട്ടിക്കെന്നപോലെ പെറ്റ് ഷോപ്പിങിനെത്തുന്നവര്‍ ഇത് വാങ്ങാതെ പോകില്ല. പൂച്ചയ്ക്ക് കാര്യം സാധിക്കാനുള്ള 'ലിറ്റര്‍ ബോക്സി'നും ആവശ്യക്കാരേയാണ്. സ്വകാര്യതയുടെ കാര്യത്തില്‍ പൂച്ചയ്ക്ക് നിര്‍ബന്ധമുള്ളതിനാല്‍, അത് സ്വയം തുറന്ന് കയറി വിസര്‍ജനം നടത്തിക്കോളും. 2,500 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
വീട്ടോമനകള്ക്ക് സുഖസൗകര്യമൊരുക്കാനുള്ള 'പെറ്റ് ഷോപ്പിങ്' ദിനംപ്രതി വളരുന്ന ബിസിനസാണ്. കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളേക്കാള്‍ വ്യത്യസ്തയുള്ള കളിപ്പാട്ടങ്ങളാണ് പെറ്റ് ഷോപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. ഒറ്റയ്ക്കിരുന്നാല്‍ ബോറടിച്ച് കാര്യങ്ങള്‍ വഷളാക്കുന്നവരാണ് നായ്ക്കളധികവും. അത്തരക്കാര്‍ക്കാണ് ഇത്തരം 'പെറ്റ് ടോയ്സ്' ഉപകാരപ്പെടുന്നത്. 500 രൂപയ്ക്ക മുകളിലാണ് വിലയെങ്കിലും വാങ്ങിക്കുന്നതില്‍ ഉടമകള്‍ മടികാണിക്കാറില്ല.
കൂടും വീടും ബോര്‍ഡിങ്ങും
എളുപ്പത്തില്‍ മടക്കിയെടുക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ കൂടുകള്‍ക്കാണ് ആവശ്യക്കാര്‍ അധികം ട്രേയും വിസ്താരവും ഉള്ളതായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. 3,000-ത്തിന് മുകളിലേക്കാണ് ഇവയുടെ വില. കെന്നലുകളിലും പെറ്റ് വളര്‍ത്തുന്നവരും 'ഡേ കെയര്‍' സംവിധാനം നല്കി വരുന്നുണ്ട്.
വിദേശത്തേക്കോ ദൂരയാത്രയ്ക്കോ പോകേണ്ടിവരുന്നവര്ക്കാണ് ഇത്തരം 'ബോര്‍ഡിങ്' സംവിധാനം പ്രയോജനപ്പെടുന്നത്. ദിവസംപ്രതിയാണ് ഇതിന് പണം നല്‍കേണ്ടത്. ഭക്ഷണവും സമയവും അനുസരിച്ച് ഇതില്‍ വ്യത്യാസം വരും. അരുമകളായി പട്ടിയെയും പൂച്ചയെയും പക്ഷികളെയും മീനുകളെയും വളര്‍ത്തുന്നവര്‍ ഒരുപാടുണ്ട് നമുക്കിടയില്‍... അതിന്റെ വിപണനലോകം വളരെ വിശാലവുമാണ്... പെറ്റ്സ് വിപണിയില്‍നിന്നുള്ള കാഴ്ചകള്‍...

കെയറില്ലാതെ പറ്റില്ല
24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് 'കൊച്ചിന് പെറ്റ് ഹോസ്പിറ്റല്‍'. ആരോമലുകള്ക്ക് അസുഖം വന്നാല്‍ മനസ്സ് തകര്‍ന്നെത്തുന്ന പോകുന്നവരാണ് ഉടമകള്‍. പ്രസവം, ശസ്ത്രക്രിയ തുടങ്ങിയ മനുഷ്യജീവന് തുല്യമായിത്തന്നെ ആരോമലുകളെ പരിപാലിക്കുന്നവര്‍... ഇവിടേക്ക് ആളുകള്‍ ഓടിയെത്തുന്നു. എക്സ്റേ, സ്കാനിങ്, രക്തനിര്‍ണയം തുടങ്ങി എല്ലാത്തരം ചികിത്സയും സ്വകാര്യ പെറ്റ് ഹോസ്പിറ്റലുകളില്‍ ലഭ്യമാണ്.
സര്‍ക്കാര്‍ മൃഗാശുപത്രിയുടെ പരിമിതമായ സൗകര്യങ്ങളില്‍ പലര്‍ക്കും സംതൃപ്തിയില്ലെന്നുള്ളതും ഇവരെ സമീപിക്കാന്‍ കാരണമാണ്. തെരുവില്‍ വളരുന്നവയെപ്പോലെ, വീട്ടില്‍ വളര്ത്തുന്നവയ്ക്ക് സ്വയം ജീവിക്കാനുള്ള സാമര്‍ഥ്യവും പ്രതിരോധശക്തിയുമില്ല. പൂര്‍ണമായും യജമാനനെ ആശ്രയിച്ചാണ് അവര്‍ ജീവിക്കുന്നത്... പ്രതികൂല സാഹചര്യങ്ങളെ അവര്‍ അതിജീവിക്കുകയുമില്ല.
ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനായി വളരെ പണം മുടക്കേണ്ടിവരും. പ്രീമിയം ബ്രാന്‍ഡ് ഡോഗ് ഫുഡിന് വില കിലോയ്ക്ക് 500 രൂപയാണ്. പൂച്ചയുടേതാകട്ടെ 1,500 രൂപ മുതലാണ്. കൂടാതെ, മള്‍ട്ടി വിറ്റാമിന്‍ പേസ്റ്റ്, കാത്സ്യം ടോണിക്, മീനെണ്ണ, വായ്നാറ്റം മാറാന്‍ ച്യൂയിംഗം തുടങ്ങി വിവിധതരം വസ്തുക്കളും വിപണിയില്‍ ചൂടപ്പംപോലെ വിറ്റുപോകുന്നുണ്ട്.
ആരോമലുകള്ക്കായി ലക്ഷങ്ങള്‍ മുടക്കുന്നവര്‍ പലപ്പോഴും മറന്നുപോകുന്ന കാര്യമുണ്ട്... പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന കാര്യം. നഗരത്തില്‍ മോണിങ് വാക്കിനും ഈവനിങ് വാക്കിനുമായി നായ്ക്കളേയും പൂച്ചകളേയും കൂട്ടി എത്തുന്നവര്‍ നിരവധിയുണ്ട്. പൊതുവഴിയിലും പാര്‍ക്കിലും ഇവയുമായെത്തി, വിസര്ജിപ്പിച്ച് കൊണ്ടുപോകുന്ന രീതിയുമുണ്ട് പലര്‍ക്കും.
മുറികളില്‍ അടഞ്ഞിരിക്കുന്ന ഇത്തരം ഓമനമൃഗങ്ങള്‍ക്ക് വ്യായാമം നല്‍കുകയെന്നതും ഈ നടത്തത്തിന്റെ പിന്നിലുണ്ട്. എന്നാല്‍, ഇവയുടെ വിസര്ജ്യംമൂലം പൊതുവഴികള്‍ വൃത്തികേടാക്കുന്ന രീതി മാറ്റാന്‍ ഉടമകള്‍ തയ്യാറാകണം... ജീവികളല്ലല്ലോ, യജമാനരല്ലേ നന്നാവേണ്ടത്...?
Content Highlights: Pet Care Centers