തൃശ്ശൂര്‍: അമിതഭക്ഷണം ഓമനമൃഗങ്ങളെ ജീവിതശൈലീരോഗികളാക്കുന്നു. ഒരു വയസ്സുകഴിഞ്ഞാല്‍ ഒരു നേരത്തിനുപകരം മൂന്നു നേരവും ഭക്ഷണം കൊടുക്കുന്നതാണ് അമിത വണ്ണത്തിന്റെ കാരണം. നായകളിലാണ് രോഗം കൂടുതല്‍, തൊട്ടുപിന്നില്‍ പൂച്ചകളും.

സംസ്ഥാനത്തെ മൃഗാസ്പത്രികളില്‍ എത്തുന്നതില്‍ 10 ശതമാനം ഓമനമൃഗങ്ങളും ജീവിതശൈലികൊണ്ട് അസുഖം വന്നവയാണെന്നാണ് വെറ്ററിനറി സര്‍വകലാശാലയുടെ വിലയിരുത്തല്‍. ഓടിച്ചാടി നടക്കുന്നതു കുറയുന്നതുമൂലം പേശികള്‍ക്കുള്ള ചലനങ്ങള്‍ ഇല്ലാതാവുന്നതും രോഗങ്ങളുടെ മറ്റൊരു കാരണമാണ്. (മനുഷ്യര്‍ക്ക് വ്യായാമമില്ലാത്തതുകൊണ്ട് രോഗം വരുന്നതുപോലെ). എല്ലാം കൊഴുപ്പടിയുന്നതു കൊണ്ടുള്ള പ്രശ്നങ്ങള്‍.

സന്ധിവീക്കം

തടികൂടുകയും പേശീചലനം കുറയുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്നു. ഈ പ്രശ്നമുള്ള നായകള്‍ ഒന്നര വയസ്സിനുശേഷം മുടന്തിയാകും നടക്കുക. ചിലത് മുയല്‍ ചാടുന്ന പോലെയാണ് സഞ്ചരിക്കുക. ഓമനമൃഗത്തിന്റെ വികൃതിയായി ഈ ചാട്ടത്തെ കാണുന്നവരുമുണ്ട്. ഒരു പ്രത്യേക ഇനം നായയ്ക്ക് ഇടുപ്പെല്ലിന് പ്രശ്നം കണ്ടുവരാറുമുണ്ട്. രൂക്ഷമായാല്‍ കാലുകള്‍ തളരും. ഇരുന്നു നിരങ്ങേണ്ടിവരും.

പ്രമേഹം

അമിതവണ്ണം ഇവയുടെ ശരീരത്തിലും ഇന്‍സുലിന്റെ കുറവുണ്ടാക്കുന്നുണ്ട്. ഗുളികകള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇന്‍സുലിന്‍ കുത്തിവയ്പ് ഇന്ത്യയില്‍ അത്ര പ്രചാരമായിട്ടില്ല. പ്രമേഹംമൂലം കരളും വൃക്കയും തകരാറിലാവുന്നുമുണ്ട്.

ശ്വാസതടസ്സം

കൊഴുപ്പടിഞ്ഞ് നെഞ്ചിന്റെ വികാസം പ്രയാസമാവുമ്പോള്‍ ഇത്തരം ജീവികള്‍ ശ്വാസതടസ്സം മൂലം കഷ്ടപ്പെടാറുണ്ട്. ചെറുതായൊന്ന് ഓടിയാല്‍ പോലും ഇവ ശ്വാസോച്ഛ്വാസത്തിന് പ്രയാസപ്പെടും.

ഹൃദ്രോഗം

ചെറിയ ശരീരത്തിന് ഇണങ്ങുന്ന, ഹൃദയം വലിയ ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യാനാവാതെ വരുമ്പോളാണ് ഇവ ഹൃദ്രോഗത്തിന് അടിപ്പെടുന്നത്. ഹൃദയത്തിലേക്ക് രക്തം എത്താത്ത അവസ്ഥയുണ്ടാകുമ്പോള്‍ കുഴഞ്ഞുവീഴും. പലപ്പോഴും മരണം സംഭവിക്കും.

ശസ്ത്രക്രിയയ്ക്ക് പ്രയാസം

ദുര്‍മേദസ്സുള്ള മൃഗങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ഏറെ പ്രയാസമാണ്. അനസ്തേഷ്യയ്ക്ക് ഇവയ്ക്ക് കൂടുതല്‍ മരുന്നു നല്‍കേണ്ടി വരുന്നു. മയക്കം തിരിച്ചുകിട്ടാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നു.

അര്‍ബുദം

എല്ലുകളെയും ത്വക്കിനെയും ബാധിക്കുന്ന അര്‍ബുദമാണ് കൂടുതലായി കണ്ടുവരുന്നത്. ഭക്ഷണത്തിലെ വിഷാംശംകൊണ്ട് കരളിനെയും അര്‍ബുദം ബാധിക്കുന്നുണ്ട്.
 
 
ശരീരഭാരത്തിന്റെ രണ്ടുശതമാനം മതി ഭക്ഷണം

ഒരു വയസ്സുകഴിഞ്ഞാല്‍ ശരീരഭാരത്തിന്റെ രണ്ടുമുതല്‍ അഞ്ചുവരെ ശതമാനം ഭക്ഷണം മതി. ഇറച്ചി കൊടുക്കുമ്പോള്‍ എല്ലും ചേര്‍ക്കുക. എല്ല് കടിച്ചു മുറിക്കുന്നതിലൂടെ ഡെന്റല്‍ ടാര്‍ടാര്‍ എന്ന മോണരോഗത്തില്‍നിന്ന് അവയെ രക്ഷിക്കാം.

പന്ത് ഇട്ടുകൊടുത്ത് ചാടിക്കളിപ്പിച്ചാല്‍ അവയെ വ്യായാമം ചെയ്യിപ്പിക്കാം.