ആടുകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്ന രോഗമാണ് നാടവിരബാധ അഥവാ ടേപ്പ് വേം ഇന്‍ഫസ്റ്റേഷന്‍. മൊണീസിയ വിരബാധയാണ് നമ്മുടെ നാട്ടില്‍ കൂടുതലായി കണ്ടുവരുന്നത്.

Jamunapyariറിബണിന് സമാനമായ ആകൃതിയിലുള്ള നാടവിരയ്ക്ക് വെളുത്തനിറവും അരമീറ്ററോളം നീളവും കാണും. പുല്ലുകളില്‍ കാണുന്ന വളരെ ചെറിയ മണ്ഡരികള്‍ വഴിയാണ് രോഗസംക്രമണം ഉണ്ടാകുന്നത്.

നാടവിരകളുടെ ശൈശവമദകള്‍ അടങ്ങിയ ഇത്തരം മണ്ഡരികളെ പുല്ലിനോടൊപ്പം തിന്നുന്നതാണ് വിരബാധയ്ക്ക് കാരണം. ആറുമാസത്തിനു താഴെ പ്രായമുള്ള ആട്ടിന്‍കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ചെറിയതോതിലുള്ള വിരബാധ പൊതുവേ വലിയ പ്രശ്‌നമുണ്ടാക്കുകയില്ല.

എന്നാല്‍ പരിപാലനത്തിലും പോഷണത്തിലും പോരായ്മ വന്നാല്‍ സ്ഥിതി അപകടത്തിലാകും. നാടവിരകള്‍ ആടുകളുടെ ചെറുകുടലില്‍ ക്ഷതം വരുത്തുകയും ഭക്ഷണപദാര്‍ഥങ്ങളിലെ പോഷകങ്ങള്‍ ആഗിരണം ചെയ്‌തെടുക്കുകയും ചെയ്യുന്നു.

തന്മൂലം വിശപ്പില്ലായ്മ, വളര്‍ച്ചക്കുറവ്, ശരീരം ശോഷിക്കല്‍, തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. വിശപ്പില്ലായ്മയും പോഷകക്കുറവും മൂലം ആട്ടിന്‍കുട്ടികളുടെ വളര്‍ച്ച മുരടിക്കുന്നു.

ചില അവസരങ്ങളില്‍ വിരകള്‍ കൂട്ടംകൂടി കെട്ടുപിണഞ്ഞുകിടന്ന് കുടലില്‍ തടസം സൃഷ്ടിക്കും. ഈ അവസ്ഥ ഗുരുതരമായാല്‍ ആട്ടിന്‍കുട്ടികളുടെ മരണത്തിനുവരെ കാരണമായേക്കാം. നാടവിരകള്‍ ചിലപ്പോള്‍ കുടലിലെ അണുബാധയ്ക്കും വഴിവെക്കും.

Content highlights: Moniezia expansia in goats, Tapeworm infestation, Animal husbandry