കോഴിക്കോട്: കളരിയുടെ നാട് ക്ഷീരോത്സവ ലഹരിയില്‍. ആദ്യമായി വടകരയില്‍ വിരുന്നെത്തിയ സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തെ ജനം നെഞ്ചേറ്റിയെന്നതിന്റെ തെളിവായിരുന്നു ആദ്യദിവസത്തെ ജനപങ്കാളിത്തം. കത്തുന്ന വെയിലിനെ അവഗണിച്ച് നൂറുകണക്കിനാളുകളാണ് ചോമ്പാല മിനി സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്.

Cowsഡെയറി എക്സ്പോ കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പലപ്പോഴും കാണാനെത്തിയവരുടെ നിര പുറത്ത് മൈതാനത്തേക്ക് നീണ്ടു. കന്നുകാലി പ്രദര്‍ശനം കാണാനും ഏറെ പേരെത്തി. ക്ഷീരമേഖലയുടെ വൈവിധ്യവും സാധ്യതകളും ജനത്തിനു മുന്നില്‍ തുറന്നിടാന്‍ ആദ്യദിവസം തന്നെ സംഘാടകര്‍ക്ക് സാധിച്ചു. 

കാണാം, പരിചയപ്പെടാം 48 ഇനം തീറ്റപ്പുല്ല് 

തീറ്റപ്പുല്ലിന്റെയും കാലിത്തീറ്റയുടെയും വൈവിധ്യവുമായി ക്ഷീരവികസനവകുപ്പിന്റെ സ്റ്റാള്‍. സാധാരണയായി കേരളത്തില്‍ കൃഷി ചെയ്യുന്ന സി.ഒ. ഒന്ന് ഇനം മുതല്‍ തായ്ലന്‍ഡില്‍നിന്നും ഗ്വാട്ടിമലയില്‍ നിന്നുമുള്ള ഇനങ്ങള്‍വരെ ചോമ്പാലയില്‍ നടക്കുന്ന ക്ഷീരകര്‍ഷകസംഗമത്തിന്റെ ഭാഗമായുള്ള ഡയറി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇതോടൊപ്പം കാലിത്തീറ്റയായി നല്‍കാന്‍ കഴിയുന്ന ഇനങ്ങള്‍, തീറ്റപ്പുല്ലിന്റെ വിത്തുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. തൃശ്ശൂര്‍ പട്ടേപ്പടത്തുനിന്നെത്തിയ ജോഷിയുടെ ശേഖരത്തില്‍ 48 ഇനം തീറ്റപ്പുല്‍ ഇനങ്ങളുണ്ട്. തായ്ലന്‍ഡില്‍ നിന്നുള്ള പക്കോങ്, ഗ്വാട്ടിമലയില്‍നിന്നുള്ള എം.പി. 3 എന്നിവ ഇതില്‍ വ്യത്യസ്തം. ഇവ കേരളത്തിന്റെ മണ്ണില്‍ വളരുമെന്ന് ജോഷി പറയുന്നു. സുപ്രിയ, സുഗുള, തുമ്പൂര്‍മുഴി, അഗത്തി, പീലിവാല, കറുക, ഹ്യൂമിലികോള, കോംഗോ സിഗന്‍, പരുത്തി തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ പ്രദര്‍ശനത്തിനുവെച്ചിട്ടുണ്ട്. ഇവ ക്ഷീരകര്‍ഷകരെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ചോളപ്പൊടി, ഉഴുന്നുപൊടി, കടലത്തൊണ്ട്, അരിത്തവിട് തുടങ്ങിയ തീറ്റകളെയും പരിചയപ്പെടുത്തുന്നു. തീറ്റപ്പുല്‍ കൃഷിയുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്റ്റാളുകള്‍ മേളയിലുണ്ട്. 

Content highlights: Kozhikode, Dairy expo, Agriculture, Vadakara, Milk fest