പാലക്കാട്: മായമില്ലാത്ത ഇറച്ചി വിപണിയിലെത്തിക്കാന്‍ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ (എം.പി.െഎ.) 1000 വില്‍പ്പനകേന്ദ്രങ്ങള്‍ വരുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് വില്‍പ്പനകേന്ദ്രങ്ങള്‍.

ഒരുദിവസം 35 മെട്രിക് ടണ്‍ ഇറച്ചി വില്‍പ്പന നടത്തും. വെറ്ററിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ രോഗവിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ കൊല്ലുന്നതിനുമുമ്പ് ആന്റിമോര്‍ട്ടം ഇന്‍സ്‌പെക്ഷനും കൊന്നതിനുശേഷം പോസ്റ്റുമോര്‍ട്ടം ഇന്‍സ്‌പെക്ഷനും നടത്തും. വേദനയില്ലാതെ കൊല്ലുന്നതിനുവേണ്ടി സ്റ്റണ്ണിങ് സാങ്കേതികവിദ്യയാണ്(ബോധംകെടുത്തി കശാപ്പുചെയ്യുന്ന രീതി) ഉപയോഗിക്കുക. പന്നി, കോഴി തുടങ്ങിയവയ്ക്ക് വൈദ്യുതി ഉപയോഗിച്ചുള്ള ഇലക്ട്രിക് സ്റ്റണ്ണിങ്ങും കന്നുകാലികള്‍, ആട് എന്നിവയ്ക്ക് ക്യാപ്റ്റീവ് ബോള്‍ട്ട് പിസ്റ്റള്‍ ഉപയോഗിച്ചുള്ള മെക്കാനിക്കല്‍ സ്റ്റണ്ണിങ്ങും (ബോധം കെടുത്തി വെടിവെച്ചിട്ടശേഷം കശാപ്പുചെയ്യുന്ന രീതി) ഉപയോഗിക്കും.

സംസ്‌കരണം ഇങ്ങനെ

പൂജ്യം മുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ മാംസം കുറഞ്ഞത് ആറുമണിക്കൂര്‍ ശീതീകരിക്കും. ഇതോടെ, പ്രോട്ടീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനം വഴി പേശികള്‍ മാംസമായിമാറ്റുന്നു. അതിനു ശേഷമായിരിക്കും മാംസം കഷ്ണങ്ങളാക്കുക. തുടര്‍ന്ന്, പായ്ക്കറ്റുകളാക്കി 22 ഡിഗ്രി സെല്‍ഷ്യസില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നു. ഇറച്ചി ഉത്പന്നങ്ങള്‍ സംസ്‌കരിക്കാന്‍ കൊല്ലത്ത് ഏരൂരില്‍ മാംസസംസ്‌കരണയൂണിറ്റും ചാലക്കുടിയില്‍ കന്നുകാലിഫാമും ആരംഭിക്കും.

എം.പി.ഐ.യുെട മറ്റുപ്രവര്‍ത്തനങ്ങള്‍

* പട്ടികജാതി-വര്‍ഗ വികസനവകുപ്പുമായി സഹകരിച്ച് പട്ടികജാതി-വര്‍ഗക്കാര്‍ക്ക് സ്വയംതൊഴില്‍പദ്ധതിക്കായി ഇറച്ചിക്കടകള്‍ തുടങ്ങുന്നതിനുള്ള പദ്ധതി

*വെറ്ററിനറി, മീറ്റ് ടെക്‌നോളജി, നഴ്‌സിങ് എന്നീ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ മാംസോത്പാദനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും പരിശീലനം നല്‍കും.

Content highlights: Meat production, Agriculture, Organic farming