ര്‍ഷങ്ങള്‍ നീണ്ട അന്വേഷണം, അലച്ചില്‍, നിയമനടപടികള്‍ക്കുപിന്നാലെയുള്ള പാച്ചില്‍... ഒടുവില്‍ അപൂര്‍വയിനം വലിയ പൂച്ചയായ മെയിന്‍ കൂണിന്റെ മൂന്നുകുഞ്ഞുങ്ങളെ സ്വന്തമാക്കുമ്പോള്‍ നിഷാദിനും നൗഫലിനും സന്തോഷമടക്കാനാകുന്നില്ല.

പൂച്ചകളെ സംരക്ഷിക്കുന്നവരുടെ സംഘടനയായ കെന്‍ ക്യാറ്റ് ഫാന്‍സിയേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍കൂടിയായ നിഷാദ്. കണ്ണനല്ലൂര്‍ സ്വദേശിയായ നൗഫല്‍ ഹരിതകേരളം മിഷനില്‍ ജോലിചെയ്യുന്നു. സംഘടന സംഘടിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ക്കായി മെയിന്‍ കൂണിനെ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുകയായിരുന്നു പതിവ്. ഇതിന് നല്ല തുക ചെലവാകും. ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നിരുന്നു. ഇതാണ് സ്വന്തമായി മെയിന്‍ കൂണിനെ വാങ്ങാന്‍ പ്രചോദനമായത്.

ഇന്ത്യയില്‍ പലയിടത്തും മെയിന്‍ കൂണിനായി ഇരുവരും അലഞ്ഞെങ്കിലും സങ്കരയിനങ്ങളെയാണ് കണ്ടെത്താനായത്. വേള്‍ഡ് ക്യാറ്റ് ഫെഡറേഷന്റെ സഹായത്തോടെ മറ്റ് രാജ്യങ്ങളിലും അന്വേഷണം നടത്തി. അരുമകളെ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സുള്ള ബെംഗളൂരു സ്വദേശിയായ സുധാകര്‍ ബാബുവിന്റെ സഹായത്തോടെ റഷ്യയില്‍നിന്ന് പൂച്ചകളെ കണ്ടെത്തി. പെറ്റ് പാസ്‌പോര്‍ട്ട്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കേരളത്തിലെ കാലാവസ്ഥയില്‍ പൂച്ചകളെ വളര്‍ത്താനാകുമെന്നതിനുള്ള സാക്ഷ്യപത്രം തുടങ്ങി ഒട്ടേറെ രേഖകള്‍ സംഘടിപ്പിക്കാനായി പിന്നീടുള്ള യാത്രകള്‍. 

Maine Coon
 മെയിന്‍ കൂണ്‍ പൂച്ച 

ഒടുവില്‍ കഴിഞ്ഞദിവസം റഷ്യയില്‍നിന്ന് മലേഷ്യയിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കും പൂച്ചകളെ കൊണ്ടുവന്നു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കരുനാഗപ്പള്ളി വേങ്ങയിലുള്ള നിഷാദിന്റെയും കണ്ണനല്ലൂര്‍ വെളിച്ചിക്കാലയിലുള്ള നൗഫലിന്റെയും വീടുകളിലേക്ക് പൂച്ചകളെ എത്തിച്ചത്. ജോഡികളായ വാന്യയെയും ദാഷയെയും നിഷാദും റിമ്മയെ നൗഫലും സ്വന്തമാക്കി.

എട്ടുകിലോയോളം തൂക്കംവരുന്ന പൂച്ചകള്‍ ഓരോന്നിനെയും കേരളത്തിലെത്തിക്കാന്‍ യാത്രച്ചെലവടക്കം നാലുലക്ഷത്തോളം രൂപയാണ് ചെലവായത്. ശീതീകരിച്ച മുറികളിലാണ് മൂവരും ഇപ്പോള്‍ താമസം. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണമാണ് പൂച്ചകള്‍ക്ക് നല്‍കുന്നത്. 

ലോകത്തിലെ ഏറ്റവുംവലിയ പൂച്ചയിനമായ മെയിന്‍ കൂണ്‍ കേരളത്തില്‍ അപൂര്‍വമാണെന്ന് മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ പറഞ്ഞു. സമീപഭാവിയില്‍ ഏറ്റവും കൂടുതല്‍ വിനോദ, വാണിജ്യ സാധ്യതയുള്ള ഒന്നായി പൂച്ചവളര്‍ത്തല്‍ മാറുകയാണെന്നും അദ്ദേഹം പറയുന്നു.

Content Highlights: Agriculturem Animal Husbandry, Maine Coon Cat Breed