മനുഷ്യരില്‍ മാത്രമല്ല എലിപ്പനി മൃഗങ്ങളിലും കണ്ടുവരുന്നു. ബാക്ടീരിയ പരത്തുന്ന രോഗമാണിത്. കരള്‍, വൃക്ക, മറ്റു ആന്തരിക അവയവങ്ങളെയൊക്കെയാണ് ബാധിക്കുന്നത്. മൃഗങ്ങളില്‍ കന്നുകാലികള്‍, ആട്, പന്നി, നായ, കുതിര എന്നിവയെയാണ് പ്രധാനമായും ഇതു ബാധിക്കുന്നത്. ലോകത്തില്‍ എല്ലാ ഭാഗങ്ങളിലും ഈ അസുഖം കണ്ടുവരുന്നു.

leptospirosisപകരുന്നവിധം: രോഗം ബാധിച്ച മൃഗങ്ങളുടെ മൂത്രംവഴിയാണ് പകരുന്നത്. ഇതിലെ അണുക്കള്‍  വെള്ളം, മണ്ണ് എന്നിവയില്‍ ആഴ്ചകള്‍മുതല്‍ മാസങ്ങള്‍വരെ ജീവിക്കും. ശരീരത്തിലുള്ള മുറിവുകള്‍വഴി അണുക്കളടങ്ങിയ വെള്ളമോ മണ്ണോ സ്പര്‍ശിക്കാന്‍ ഇടവന്നാല്‍ അണുക്കള്‍ ശരീരത്തില്‍ കടക്കും. കൂടാതെ കണ്ണ്, മൂക്ക്, വായ, ശ്വസനം ഇവയില്‍ക്കൂടിയും രോഗം വരും.

അണുക്കളടങ്ങിയ വെള്ളം കുടിക്കുന്നതുവഴിയും രോഗം വരാം. മഴക്കാലത്ത് പ്രത്യേകിച്ച് അണുക്കള്‍ അടങ്ങിയ വെള്ളത്തില്‍ക്കൂടി നടന്നാലോ കുളിച്ചാലോ ശരീരത്തില്‍ മുറിവില്ലെങ്കിലും മറ്റു ശരീരഭാഗങ്ങളില്‍ക്കൂടി രോഗംവരാം. എലി, തുരപ്പന്‍ എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന സ്‌പൈറോയിറ്റ് ബാക്ടീരിയയാണ് രോഗംപരത്തുന്നത്. പശുക്കളില്‍ ശക്തിയായ പനി, ഗര്‍ഭം അലസല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. നായകളില്‍ പനി കൂടാതെ ഛര്‍ദി, വയറുവേദന, ക്ഷീണം, വയറിളക്കം, ഭക്ഷണം കഴിക്കാതിരിക്കല്‍, ശരീരവേദന, കണ്ണുകള്‍ മഞ്ഞനിറത്തിലായിരിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടുമുതല്‍ 25 ദിവസത്തിനകം രോഗലക്ഷണം കാണിക്കും.

പ്രതിരോധം: അണുക്കള്‍ കലരാന്‍ ഇടയുള്ള മലിനജലം, മണ്ണ് എന്നിവയില്‍നിന്ന് ഒഴിവാകുക, രോഗവാഹകരായ എലികളെ നശിപ്പിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളുടെ മൂത്രം, രക്തം, ആന്തരിക അവയവങ്ങള്‍ എന്നിവ കൈകാര്യംചെയ്യുമ്പോള്‍ കൈയുറകള്‍ ധരിക്കുക, കൈ നന്നായി അണുനാശിനി ഉപയോഗിച്ച് കഴുകുകയും വേണം. നായ, പശുക്കള്‍, പന്നി എന്നിവയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുക.

 മനുഷ്യരിലും ഈ രോഗം പകരുന്നത് അണുക്കള്‍ കലര്‍ന്ന വെള്ളം, മണ്ണ് എന്നിവയില്‍ക്കൂടിതന്നെയാണ്. കരള്‍, വൃക്കകള്‍ എന്നിവയെ ബാധിക്കുന്നത് കാരണം ഈ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം.