കോട്ടയം: ‘എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നു. പശുക്കളെ സംരക്ഷിക്കണമെന്നത് എത്ര നാളായുള്ള ആത്മാർത്ഥമായ ആഗ്രഹമായിരുന്നന്നോ. അതെങ്ങനെ പൂർത്തീകരിക്കുമെന്ന് വിചാരിക്കുമ്പോഴാണ് ഭഗവാനായി ഒരുവഴി തന്നത്.’ കോട്ടയം ഏറ്റുമാനുർ മൂഴിക്കുളങ്ങര േക്ഷത്രത്തിന് പിന്നിലെ പാടത്ത് താൻ വാങ്ങിയ വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്നത്‌ കാണുേന്പാൾ ഗായകൻ യേശുദാസിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു. കനത്തമഴ പോലും വകവെയ്ക്കാതെ കുട ചൂടിയാണ് പശുവിന്റെ അടുത്തേക്ക് ഗായകൻ എത്തിയത്. പശുവിനെ തൊട്ടും തലോടിയും കുറേ നേരം .

ഒരുവർഷം മുന്പാണ് ഏറ്റുമാനൂർ മൂഴിക്കുളങ്ങര കറുത്തേടത്ത് പാഴൂർമനയിൽ മൃഗഡോക്ടർ ജയദേവൻ നന്പൂതിരിയുടെ ഇല്ലത്തേയ്ക്ക് യേശുദാസ് നാല് വെച്ചൂർ പശുക്കളെ എത്തിക്കുന്നത്. താൻ വാങ്ങിയ പശുക്കളെ കൂടി സംരക്ഷിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടത് ഗായകനാണ്. അപ്പോഴേ കുറച്ച് പശുക്കളെ വളർത്തുന്ന ഡോക്ടർക്ക് ആദ്യം ആവശ്യം സ്വീകരിക്കാനായില്ല. കുറച്ചുദിവസം കഴിഞ്ഞ് യേശുദാസിന്റെ ഭാര്യ പ്രഭ വിളിക്കുന്നു.‘ദാസേട്ടൻ ആകെ വിഷമത്തിലാണ്. എങ്ങനെയെങ്കിലും ആ പശുക്കളെ കൂടി നോക്കാൻ പറ്റുമോ.’ ഡോക്ടർ സമ്മതം മൂളി. അധികം കഴിയും മുമ്പേ യേശുദാസ് നാല് വെച്ചൂർ പശുക്കളെ ഇല്ലത്ത് എത്തിച്ചു. പശുവിനെ പരിപാലിക്കുന്നതിനുള്ള എല്ലാ ചെലവും വഹിക്കുന്നത് യേശുദാസാണ്. പശുവിന്റെ പാൽ ഉറച്ച് നല്ല നെയ്യ് തയാറാക്കി കൃത്യമായി യേശുദാസിന് എത്തിക്കാൻ ഡോക്ടറും മറക്കാറില്ല.

‘ബ്രൗൺ നിറമുള്ള അച്ചുവിനെ കണ്ടില്ലല്ലോ’യെന്നായി ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രഭാ യേശുദാസ്. അല്പം ദൂരെനിന്ന ആ പശുവിനേയും അടുത്തേക്ക് കൊണ്ടുവരുേന്പാൾ അവയുടെ പ്രസവവിശേഷം ഡോക്ടറുടെ ഭാര്യയോട് ചോദിച്ചറിയാനും ശ്രമിച്ചു പ്രഭ.

ഈ തിരക്കിനിടയിലും പശുവിനെ സംരക്ഷിക്കണമെന്ന ആഗ്രഹമെന്തുകൊണ്ട് എന്നചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട് ഗായകന്. എനിക്ക് പ്രകൃതിയോട് ഇഷ്ടമാണ്. പ്രകൃതിയിലെ ജീവജാലങ്ങളേയും.‘ലോകാസമസ്താ സുഖിനോഭവന്തു’ എന്നതിൽ വിശ്വസിക്കുന്നു. ആ പ്രാർഥനയുള്ള ഏകരാജ്യമാണ് നമ്മുടേത്. ആ പ്രാർഥനയുടെ അർഥം മനസിലാക്കിക്കഴിഞ്ഞാൽ പ്രപഞ്ചത്തിലെ ജീവജാലങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് തിരിച്ചറിയും’. പശുവുമായി ബന്ധപ്പെട്ട് ഒരുഓർമ്മ കൂടി അദ്ദേഹം പങ്കുവെച്ചു. ഒരിക്കൽ ഷിമോഗ രാമചന്ദ്രപുരി മഠത്തിൽ എത്തി അവിടെ ഒരു പശുവിനെ നൽകി. മടങ്ങും മുന്പ് കുറച്ച് പുല്ലെടുത്ത് പശുവിന് നൽകി. ശേഷം ഒരുവർഷം കഴിഞ്ഞാണ് മഠത്തിലെത്തുന്നത്. അന്ന് ചെല്ലുമ്പോൾ പശു തന്റെയടുത്തേക്ക് നടന്നുവന്നത് മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് ഗായകൻ. മട്ടാഞ്ചേരിയിൽ അച്ഛൻ അഗസ്റ്റിൻ ജോസഫിന്റെ പേരിലുള്ള ‘അഗസ്റ്റ്യൻ ജോസഫ് ഭാഗവതം’ റോഡിന്റെ ‌ഉദ്ഘാടനം കഴിഞ്ഞാണ് യേശുദാസും ഭാര്യ പ്രഭയും കോട്ടയത്ത് വന്നത്.