ശുക്കളില്‍ സര്‍വസാധാരണയായി കാണുന്നതും ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തികനഷ്ടമുണ്ടാക്കുന്നതുമായ മഴക്കാല സാംക്രമിക വൈറസ് രോഗമാണ് മുടന്തന്‍പനി. കേരളത്തില്‍ ഈ രോഗം വ്യാപകമായി കണ്ടുവരുന്നത് മഴയോടനുബന്ധിച്ച് ജൂലായ്-സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ്. വൈറസുകള്‍ മനുഷ്യരിലേക്ക് പകരില്ല.

വില്ലന്‍ കൊതുക്

വൈറസുകളെ പശുക്കളിലേക്ക് പ്രധാനമായും പരത്തുന്നത് കൊതുകുകളും കടിയീച്ചകളുമാണ്. പശുക്കളിലെ ഡെങ്കിപ്പനിയെന്ന വിശേഷണം ഈ രോഗത്തിന് ലഭിച്ചതിന്റെ കാരണവും ഇതുതന്നെ. മണലീച്ചകള്‍, അണുവിമുക്തമാക്കാതെ പുനരുപയോഗം നടത്തുന്ന സൂചി, സിറിഞ്ച് എന്നിവ വഴിയും വൈറസ് വ്യാപനം നടക്കാം. പശുക്കള്‍ തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടരില്ല.

തിരിച്ചറിയാം

രക്തത്തില്‍ കലരുന്ന വൈറസുകള്‍ വേഗത്തില്‍ പെരുകുകയും ശരീരമാകെ വ്യാപിക്കുകയും ചെയ്യും. നട്ടെല്ലിനെയും നാഡീതന്തുക്കളെയും പേശികളെയും സന്ധികളെയും ശ്വാസകോശത്തിലെ വായു അറകളെയുമാണ് പ്രധാനമായും വൈറസ് ബാധിക്കുക. രണ്ടുമുതല്‍ പത്തുദിവസത്തിനകം പശുക്കള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും (40-41 ഡിഗ്രി സെല്‍ഷ്യസ്) സന്ധികളുടെയും പേശികളുടെയും വേദന കാരണം കൈകാലുകള്‍ മാറിമാറിയുള്ള മുടന്തുമാണ് പ്രധാന ലക്ഷണം.

പാലുത്പാദനം ഒറ്റയടിക്ക് കുറയും. തീറ്റയോടുള്ള മടുപ്പ്, അയവെട്ടല്‍ നിലയ്ക്കല്‍, നടുവും പിന്‍ഭാഗവും കുനിച്ച് തലതാഴ്ത്തി നില്‍ക്കല്‍, വായില്‍നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, കഴലവീക്കം, പേശിവിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യദിവസം കാണാം. സന്ധികളില്‍ വേദനയും നീര്‍വീക്കവും കഠിനമായ പേശിവേദനയും കാരണം നടക്കാനും കിടക്കാനും എഴുന്നേല്‍ക്കാനുമുള്ള മടി, തല ഇടയ്ക്കിടെ ഇരുവശങ്ങളിലേക്കും വെട്ടിക്കല്‍, കീഴ്ത്താടിയില്‍ നീര്‍വീക്കം തുടങ്ങിയ ലക്ഷണങ്ങളും പിന്നാലെ പ്രകടമാവും.

പ്രതിരോധം

കൊതുകുകളുടെയും ഈച്ചകളുടെയും നിയന്ത്രണം പ്രധാനമാണ്. തൊഴുത്തിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. ബ്ലീച്ചിങ് പൗഡര്‍ 250 ഗ്രാം വീതം അരലിറ്റര്‍ വെള്ളത്തില്‍ കലക്കി അരമണിക്കൂറിനുശേഷം തെളിവെള്ളം ഊറ്റിയെടുത്ത് വെള്ളട്ടാങ്കുകളില്‍ ഒഴിക്കാം.

ബാഹ്യപരാദ ലേപനങ്ങള്‍ ആഴ്ചയില്‍ മൂന്നുതവണയെങ്കിലും പശുവിന്റെ ശരീരത്തിലും തൊഴുത്തിലും തളിക്കണം. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയവ തൊഴുത്തിലും പശുവിന്റെ ശരീരത്തിലും തളിക്കുന്നതും കടിയീച്ചകളെയും കൊതുകിനെയും അകറ്റും. ബാഹ്യപരാദ നാശിനികളായ ലേപനങ്ങള്‍ ഉപയോഗിച്ച് തൊഴുത്ത് വെള്ളപൂശാം. 

കടിയീച്ചകളുടെ പ്രജനനകേന്ദ്രമായ വളക്കുഴിയില്‍ ആഴ്ചയില്‍ രണ്ടുതവണ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരുകിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. തൊഴുത്തില്‍ രാത്രികാലങ്ങളില്‍ പച്ചക്കര്‍പ്പൂരം അല്ലെങ്കില്‍ കുന്തിരിക്കം ഉപയോഗിച്ച് പുകയ്ക്കാം. ശീമക്കൊന്ന, ആര്യവേപ്പ്, തുമ്പ, പാണല്‍ തുടങ്ങിയ ഇലകള്‍ ഉപയോഗിച്ച് തൊഴുത്തില്‍ പുകയിടുകയും ചെയ്യാം. 

വിവരങ്ങള്‍ക്ക്: 9495187522.

Content Highlights: Know Everything about Ephemeral Fever (Mudanthan Pani)