ജലപ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മൃഗങ്ങളുടെ മൃതശരീര സംസ്‌ക്കരണത്തെ സംബന്ധിച്ച് ധാരാളം അന്വേഷണങ്ങള്‍ വരുന്ന സാഹചര്യങ്ങില്‍ ഡോ.സാബിന്‍ ജോര്‍ജ് തയ്യാറാക്കിയ കുറിപ്പ്

ദുരന്തം അവശേഷിപ്പിക്കുന്ന  മൃതശരീരങ്ങള്‍ അത് മനുഷ്യരുടേതായാലും, മൃഗങ്ങളുടെതായാലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പ്രകാരം ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകള്‍ക്കും ,സൗകര്യങ്ങള്‍ക്കും അനുസരിച്ച് നടപ്പിലാക്കേണ്ടതാണ്. ഇതൊരു മാര്‍ഗനിര്‍ദേശമായി സ്വീകരിക്കുക

പ്രളയം ബാക്കിവെച്ച വളര്‍ത്തുമൃഗങ്ങളുടെ മൃതശരീരങ്ങള്‍ പരിസ്ഥിതിക്കും ജന്തു-ജനാരോഗ്യത്തിനും ജൈവസുരക്ഷക്കും കോട്ടം തട്ടാത്ത രീതിയില്‍ സംസ്‌കരിക്കേണ്ടതുണ്ട്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനായി ദേശീയദുരന്തനിവാരണ അതോറിറ്റി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനത്തലത്തില്‍ അതാതു ജില്ലകളിലെ കളക്ടര്‍/ജില്ലാ മജിസ്‌ട്രേറ്റ്/ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരിക്കും പരമോന്നതഅധികാരി. റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ (ആര്‍.ഒ) എന്നതായിരിക്കും സ്ഥാനപ്പേര്.  ആര്‍.ഒയ്ക്ക് ഇന്‍സിഡന്റ് കമാന്‍ഡറിനെ (ഐ.സി) ചുമതലകള്‍ ഏല്‍പ്പിക്കാവുന്നതാണ്. ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമുകളിലൂടെ (ഐ.ആര്‍.സി) ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക ഐ.സി ആയിരിക്കും. മൃഗങ്ങളുടെ മൃതശരീരസംസ്‌കാരം ഏകോപിപ്പിക്കുന്ന ഗ്രൂപ്പിന്റെ മേല്‌നോട്ടക്കാരനായി (Animal Carcasses Management Group-in-charge) ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ആര്‍.ഒ ചുമതലപ്പെടുത്തും. മൃഗങ്ങളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിവീണ്ടെടുക്കല്‍, തിരിച്ചറിയല്‍, സംസ്‌കാരം എന്നിവ ഗ്രൂപ്പ്-ഇന്‍-ചാര്‍ജിന്റെ ചുമതലകളാണ്. 

പൊതുവായ നിര്‍ദേശങ്ങള്‍:

1. ദുരന്തഘട്ടങ്ങളില്‍ പ്രഥമഗണ്യമായ മൃതസംസ്‌കാരരീതി കുഴിച്ചുമൂടല്‍ ആണ്.

2. ഭൂഗര്‍ഭജലത്തിന്റെയും  ജലഭൃതങ്ങളുടെയും മലിനീകരണം സംഭവിക്കില്ല എന്നുറപ്പാക്കാനായി സംസ്‌കാരസ്ഥാനങ്ങളില്‍ പരിസ്ഥിതി പരിശോധന നടത്തേണ്ടതാണ്.  

3. മൃതശരീരങ്ങള്‍ കണ്ടെത്തുന്ന സ്ഥലത്തുനിന്നും സംസ്‌കാരസ്ഥലത്തേക്കു ഗതാഗതസൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.

4. വീണ്ടെടുക്കുന്ന മൃതശരീരങ്ങള്‍ സുരക്ഷിതമായി എത്രയും വേഗം സംസ്‌കാരസ്ഥലത്തു എത്തിക്കേണ്ടതാണ്. വീണ്ടെടുക്കല്‍ സംഘങ്ങള്‍ക്കു  ആവശ്യമായ ഉപകരണങ്ങള്‍ , സുരക്ഷാസാമഗ്രികള്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ ജില്ലാ അധികൃതര്‍ നല്‍കേണ്ടതാണ്.  ഇത്തരം സംഘങ്ങള്‍ തദ്ദേശതലത്തില്‍ രൂപീകരിച്ചു പരിശീലനം നല്‍കേണ്ടതാണ്.

5. വീണ്ടെടുക്കുന്ന ഓരോ മൃതശരീരത്തിന്റെയും വിശദമായ വിവരണം രേഖപ്പെടുത്തേണ്ടതാണ് - കണ്ടെത്തിയ സ്ഥലം, സമയം, കണ്ടെത്തിയ വ്യക്തിയുടെ പേര്, ഏത് മൃഗം, ലിംഗം, തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ മുതലായവ. ചെവിയിലുള്ള തിരിച്ചറിയല്‍ ടാഗുകള്‍ വിദഗ്ധസഹായം ഉപയോഗപ്പെടുത്തി ചെവിയുടെ ഒരു ഭാഗത്തോട് കൂടെ മുറിച്ചെടുത്തു സൂക്ഷിക്കേണ്ടതാണ്. കൊമ്പിന്റെ ആകൃതി, വലിപ്പം, നിറം, ചര്‍മ്മമാതൃക മുതലായവ രേഖപ്പെടുത്താന്‍ മൃതശരീരത്തിന്റെ ഫോട്ടോ എടുക്കേണ്ടതാണ്. കൂടാതെ, കഴുത്തില്‍ കയറോ ചങ്ങലയോ ഉണ്ടെങ്കില്‍ അവയും സൂക്ഷിക്കേണ്ടതാണ്.

6. സംസ്‌കാരസ്ഥലത്തേക്കു വന്യമൃഗങ്ങള്‍, പക്ഷികള്‍, എലിപോലെയുള്ള കരണ്ടുതിന്നുന്ന ജീവികള്‍ ഒക്കെ കടക്കാതിരിക്കാന്‍തക്ക അതിരുകള്‍ ഉയര്‍ത്തേണ്ടതാണ്.

7. പ്രാണികളെയും കൃമികീടങ്ങളെയും അകറ്റാന്‍ മൃതശരീരങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ അല്ലെങ്കില്‍ കാല്‍സ്യം ഹൈഡ്രോക്‌സൈഡു കട്ടിയായി വിതറേണ്ടതാണ്.

ലഭ്യമായ മാര്‍ഗങ്ങള്‍:

കുഴികുത്തിമൂടല്‍ 

* കുഴികുത്തി മൃതശരീരം ഇറക്കി മണ്ണിട്ട് മൂടുന്നു. രോഗജന്യമായേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ പൊതുവായ സംസ്‌കാരസ്ഥലത്തേക്കു ഇവ കൊണ്ടുപോകുന്നത് ഒഴിവാക്കി അതാതു സ്ഥലങ്ങളില്‍തന്നെ ഇങ്ങനെ ചെയ്യാവുന്നതാണ്.

* നമ്മുടെ രാജ്യത്തു ഏറ്റവും കൂടുതല്‍ പിന്തുടരുന്ന രീതി ഇതാണ്.

കൂട്ടസംസ്‌കാരം

ദുരന്തമുഖത്തു സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പല ഇടങ്ങളില്‍ നിന്നുള്ള മൃതശരീരങ്ങള്‍ നേരത്തെ തയ്യാറാക്കിയ പൊതുവായ ഒരു സംസ്‌കാരസ്ഥലത്തു സംസ്‌കരിക്കുന്നു.

സംസ്‌കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

1. കഴിവതും ഏറ്റവും ഒറ്റപ്പെട്ടുനില്‍ക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിക്കുക

2. കിണര്‍, പുഴ മുതലായ ജലസ്രോതസുകളില്‍ നിന്നും കുറഞ്ഞ പക്ഷം 300 അടി എങ്കിലും അകലം പാലിക്കുക

3. സോയില്‍ സര്‍വ്വേ പ്രകാരം തുടരെ പ്രളയബാധിതം എന്ന് തിരിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ഒരു കാരണവശാലും കുളം, അരുവി എന്നിവയുടെ 300 അടി പരിധിക്കകത്തു സംസ്‌കാരം നടത്താന്‍ പാടുള്ളതല്ല.  

4. കുഴിയുടെ അടിത്തട്ട് വാട്ടര്‍ ടേബിളില്‍ നിന്നും കുറഞ്ഞത് 4 - 6 അടി ഉയരെ ആയിരിക്കണം

5. കുഴികള്‍ക്കു കുറഞ്ഞത് 4 - 6 അടി ആഴം ഉണ്ടായിരിക്കണം. നെടുകെയും കുറുകെയും ഉള്ള ചെരിവ് ഒരടിയില്‍ കൂടാന്‍ പാടുളളതല്ല.

6. മൃതശരീരങ്ങള്‍ കുഴിയില്‍ നിരത്തുമ്പോള്‍ രണ്ടടിയില്‍ കൂടുതല്‍ ഉയരം ഉണ്ടാകാത്ത വിധത്തില്‍ ക്രമപ്പെടുത്തേണ്ടതാണ്. അവക്ക് മുകളില്‍ കുറഞ്ഞത് മൂന്നടിയെങ്കിലും ഉയരം വേണ്ടതാണ്. മലിനജലം വെള്ളം കുഴിയിലേക്ക് വീഴാതെ ഒഴുകിപ്പോകുന്ന തരത്തില്‍ തടങ്ങള്‍ ഒരുക്കേണ്ടതാണ്.

7. തുറന്ന കുഴികളുടെ അടിഭാഗം ചെരിച്ചു ഓവുചാല്‍ നിര്‍മ്മിക്കേണ്ടതാണ്. വെള്ളം കുഴിയിലേക്ക് വീഴാതെ വഴിതിരിച്ചു വിടേണ്ടതാണ്.

8. സംസ്‌കാരസ്ഥലങ്ങള്‍ ചിട്ടയായി പരിശോധിക്കുകയും ഇടിവുകളുണ്ടെങ്കില്‍ നികത്തേണ്ടതുമാണ്.

animal

മറ്റു മാര്‍ഗങ്ങള്‍:

1. ദഹനം

* തുറസ്സായ രീതി / ചിത: ഫാമുകളിലോ മറ്റു പൊതുവായ ഇടങ്ങളിലോ ഊര്‍ജസ്രോതസുകളുപയോഗിച്ചു മൃതശരീരങ്ങള്‍ കത്തിക്കുന്ന രീതി. കുറെ ഏറെ വിറക്/തടി, കല്‍ക്കരി, ഇന്ധനം മുതലായവ ആവശ്യമുള്ള ഈ രീതി ചെലവേറിയതാണ്.

* സ്ഥിര ഉപകരണ രീതി: തുറസ്സായ രീതിയെ അപേക്ഷിച്ചു ഇത് കൂടുതല്‍ നിയന്ത്രണാധീനമാണ്. രോഗബാധിതമായ  മൃതശരീരങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുന്ന ഈ രീതി കൂടുതല്‍ ജൈവസുരക്ഷിതവുമാണ്.

2. പ്രത്യേക വിദഗ്ധ മാര്‍ഗങ്ങള്‍:

കൂട്ടമായ സംസ്‌കാരങ്ങളില്‍ സാധാരണ ഗതിയില്‍ ഇവ ഉപയോഗിക്കാറില്ല. ദേശീയദുരന്തനിവാരണ അതോറിറ്റിക്കൊപ്പം അന്താരാഷ്ട്ര മൃഗരോഗ്യ സംഘടനയുടെ (OIE-WOAH) മൃഗങ്ങളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ശ്രദ്ധിക്കാവുന്നതാണ്. 


ചില പ്രായോഗിക നിര്‍ദേശങ്ങള്‍:

1. പല നിര്‍ദേശങ്ങളും ലഭ്യമാണെങ്കിലും, മിക്കപ്പോഴും വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളില്‍ സംസ്‌കരിക്കുക എന്നതായിരിക്കും ഒരേയൊരു നിവൃത്തി.

2. കുമ്മായം/നീറ്റുകക്ക ധാരാളം ഉപയോഗിക്കുക.

3. വാട്ടര്‍ ടേബിളിന്റെയും ജലസ്രോതസുകളുടെയും സ്ഥാനം അനുസരിച്ചു മൂന്നു മീറ്റര്‍ വരെ കുഴിക്കു ആഴം ആകാവുന്നതാണ്.

4. രോഗങ്ങളെക്കുറിച്ചു ആലോചിച്ചാല്‍ ദഹനം നല്ലതാണെങ്കിലും അതുണ്ടാക്കുന്ന ചൂടും പുകയും പരിസ്ഥിതിക്ക് യോഗ്യമല്ല.

5. റെന്‍ഡറിങ് ഒരു നല്ല മാര്‍ഗമാണ്. പക്ഷെ, സൗകര്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്.

6. പശുക്കള്‍ക്കായി ഉറച്ച മണ്ണില്‍ ആറടി താഴ്ചയുള്ള കുഴികള്‍ ഉപയോഗിക്കുക. നാലിഞ്ച് നീറ്റുകക്ക വിതറിയ ശേഷം മണ്ണിട്ട് മൂടുക. നായ്ശക്യം ഒഴിവാക്കാന്‍ വലിയ കല്ലുകളും മുള്ളുകളും മുകളില്‍ വെക്കാവുന്നതാണ്.

7. കൂടുതല്‍ മൃതശരീരങ്ങള്‍ ഉള്ളപ്പോള്‍ ആറടി വീതിയും ഒന്നിന് 4 - 5  അടി നീളവും ഉള്ള കുഴികള്‍ നിര്‍മ്മിക്കാം. ആവശ്യാനുസരണം നീളം കൂട്ടാവുന്നതാണ്.

8. സാധിക്കുമെങ്കില്‍, കുഴികുത്തിമൂടലും ദഹനവും ഒരുമിച്ചു നടത്താവുന്നതാണ്. കുഴിയെടുത്തു   വിറകോ ചകിരിയോ ലഭ്യമായ മറ്റു വസ്തുക്കളോ അടുക്കി ദഹിപ്പിച്ച ശേഷം കുഴി മൂടാം. ഇത് പക്ഷെ സാധാരണ സാഹചര്യങ്ങളില്‍ ചെയ്യേണ്ടതില്ല. 

9. കിണറുകള്‍ക്കും കുളങ്ങള്‍ക്കും അടുത്തുള്ള സ്ഥലങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പത്തു മീറ്റര്‍ അകലം പാലിക്കുന്നത് നന്ന്.

10. ഭാരം കണക്കിലെടുത്തു മൃതശരീരങ്ങള്‍ കൊണ്ടുപോകുന്നതിനായി ലോറികളോ ജെസിബിയോ ഉപയോഗിക്കാം.

11. പ്രളയജലമിറങ്ങിയതിനു ശേഷം മാത്രം കന്നുകാലികളുടെ മൃതശരീരം നീക്കംചയ്യുക. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിക്കുന്നതു വരെ ശവശരീരങ്ങള്‍ സുരക്ഷിതമായി  കണ്ടെത്തിയ സ്ഥലത്തു തന്നെ സൂക്ഷിക്കുക. രോഗങ്ങള്‍ തടയാനും, ജലമലിനീകരണം, ശവംതീനി മൃഗങ്ങളുടെ ശല്യം  എന്നിവഒഴിവാക്കാനാണിത്.

12. മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വ്യക്തിസുരക്ഷാമാര്‍ഗ്ഗങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ് . വെള്ളമിറങ്ങുമ്പോള്‍ കരയിലടിയുന്നതും ചളിയില്‍ പൂണ്ടു കിടക്കുന്നതുമായ  മൃതശരീരങ്ങള്‍ കയ്യുറകള്‍,വെള്ളം കയറാത്ത ഗംബൂട്ടുകള്‍ തുടങ്ങിയവ ധരിച്ച ശേഷം മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ .

ഇന്‍ഷൂര്‍ ചെയ്ത മൃഗങ്ങള്‍ക്കും അല്ലാത്ത മൃഗങ്ങള്‍ക്കും ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പൂര്‍ണ്ണമായ നഷ്ടപരിഹാര തുക ലഭിക്കും . പ്രസ്തുത ആവശ്യത്തിനായി മരണപ്പെട്ട മൃഗങ്ങളുടെ ഫോട്ടോകള്‍ എടുത്തു സൂക്ഷിക്കണം . സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്‍ഷൂര്‍ ചെയ്തവര്‍ വിവരം ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കണം .

മൃതശരീരം കണ്ടെടുത്ത 12 മണിക്കൂറിനുള്ളില്‍ മറവുചെയ്യാനുള്ള നടപടികള്‍ ആരംഭിക്കണം .ശവശരീരങ്ങള്‍ തറയിലൂടെ വലിച്ചിഴക്കരുത് .വലിയ പ്ലാസ്റ്റിക് ഷീറ്റോ ചാക്കോ ഉപയോഗിച്ച് ഒരുമിച്ച് ശേഖരിച്ച ശേഷം  സംസ്‌കരിക്കുന്നതിനായി കൊണ്ടുപോവാം.

13. അതാത് പ്രദേശങ്ങളുടെ ഭൂപ്രകൃതിക്ക് അനിയോജ്യമായ സംസ്‌കരണ രീതി വേണം തിരഞ്ഞെടുക്കേണ്ടത് . വളരെ ആഴത്തില്‍ കുഴി എടുക്കാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ 2 മീറ്റര്‍ മാത്രം ആഴമുള്ള നീളത്തിലുള്ള കുഴിയെടുത്ത് മുമ്പ് സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ പാലിച്ചു മറവുചെയ്യാം