അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങളെ അതിജീവിക്കാനുള്ള മുന്‍കരുതലാണ് ഇന്‍ഷുറന്‍സ് പരിരക്ഷകള്‍. ദുരന്തവേളകളില്‍ എല്ലാം നഷ്ടപ്പെട്ട് മുന്നോട്ടുള്ള ജീവിതത്തെ നോക്കി ആശങ്കപ്പെടുമ്പോള്‍ പ്രതീക്ഷയുടെ പുതുവഴികള്‍ തീര്‍ക്കാനും സാമ്പത്തിക പിന്തുണ ഉറപ്പുവരുത്താനും ഇന്‍ഷുറന്‍സ് പദ്ധതികള്‍ സഹായിക്കും. വ്യക്തിപരമായ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നമ്മളില്‍ ഏറെയും പങ്കാളികളാണ്. വീടും വാഹനങ്ങളുമെല്ലാം ഇന്‍ഷുര്‍ ചെയ്തു സുരക്ഷിതമാക്കുന്നവരുമാണ് നമ്മളില്‍ ഭൂരിഭാഗവും. കാര്‍ഷികവിളകളുടെ സുരക്ഷിതത്വത്തിനായി വിള ഇന്‍ഷുറന്‍സ് പദ്ധതികളിലും അംഗങ്ങളാണ്. 

സമാനമായ രീതിയില്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലും വളര്‍ത്തുമൃഗങ്ങള്‍ക്കായും ഏറെ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാണ്. എന്നിരുന്നാലും പശുക്കളും ആടുകളും അടക്കമുള്ള നമ്മുടെ വളര്‍ത്തുമൃഗങ്ങളെയും ക്ഷീരസംരംഭങ്ങളെയും ഒക്കെ ഇന്‍ഷുര്‍ ചെയ്തു സാമ്പത്തിക സുരക്ഷിതമാക്കുന്നതില്‍ നമ്മള്‍ ഏറെ പിന്നിലാണ്. കഴിഞ്ഞ പ്രളയദുരന്തത്തില്‍ അകപ്പെട്ട പശുക്കളില്‍ വളരെ ചെറിയ ഒരു ശതമാനം ഉരുക്കള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നുള്ളൂ എന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്. 

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതികള്‍

പ്രളയമടക്കമുള്ള ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈതാങ്ങായി ക്ഷീരവികസനവകുപ്പ് നടപ്പിലാക്കുന്ന പുതിയ സമഗ്രക്ഷീര ഇന്‍ഷുറന്‍സ്-ക്ഷീരസാന്ത്വനം പദ്ധതിക്കും, മൃഗസംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ടമായ ഗോസമൃദ്ധി പ്ലസ് പദ്ധതിക്കും തുടക്കമിട്ടത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതുവരെയും തങ്ങളുടെ പശുക്കളെ ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ക്ക് പോളിസികളില്‍ ചേരാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. 

ഇന്‍ഷുറന്‍സ് പദ്ധതികളില്‍ മുമ്പേ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ പോളിസികള്‍ എടുക്കാനും സാധിക്കും. പശുക്കള്‍ക്ക് മാത്രമല്ല ക്ഷീരകര്‍ഷകനും കുടുംബങ്ങള്‍ക്കും കൂടി കുറഞ്ഞ പ്രീമിയം തുകയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും എന്നതാണ് രണ്ടു പദ്ധതികളുടെയും സവിശേഷത. മാത്രവുമല്ല കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് സര്‍ക്കാരിന്റെ സബ്‌സിഡിയും ലഭ്യമാവും. 

സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ 2017 ഒക്‌ടോബര്‍ മുതല്‍ 2018 സെപ്തംബര്‍ 30-ാം തീയതി വരെ കുറഞ്ഞത് 90 ദിവസം അല്ലെങ്കില്‍ 250 ലിറ്റര്‍ പാലളന്ന ക്ഷീരകര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ക്ഷീര വികസന വകുപ്പ് തുടക്കം കുറിച്ച  ക്ഷീര സാന്ത്വനം - ക്ഷീര സുരക്ഷ പദ്ധതിയില്‍ പങ്കാളികളാവാം. ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാവാന്‍ അവസരമുണ്ട്. 

ക്ഷീരവികസന വകുപ്പ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, എന്നിവയുടെ സംയുക്ത സംരഭമായ പദ്ധതി പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ വഴിയും ക്ഷീരവികസന ഓഫീസുകള്‍ വഴിയുമാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ഒരു ലക്ഷം ക്ഷീര കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.  

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട സുരക്ഷാ പോളിസി, ഗോ സുരക്ഷാ പോളിസി എന്നിവയാണ് ക്ഷീരസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഗോസുരക്ഷാ പദ്ധതിയില്‍ പശുക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് 50000/- രൂപയുടെ പരിരക്ഷ ലഭിക്കാന്‍ 1668/- രൂപയും 60,000/- രൂപയുടെ പരിരക്ഷയ്ക്ക് 2001 രൂപയും പ്രീമിയമായി നല്‍കണം. ഒന്നോ അതിലധികമോ പശുക്കളെ പദ്ധതിക്ക് കീഴില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ സാധിക്കും. പൊതുമേഖലാസ്ഥാപനങ്ങളായ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും എല്‍.ഐ.സി.യുമാണ് പദ്ധതിയുമായി സഹകരിക്കുന്നത്. 

മൃഗസംരക്ഷണവകുപ്പ്  നടപ്പാക്കുന്ന ഗോസമൃദ്ധി പദ്ധതിയെ വിപുലീകരിച്ചുകൊണ്ടാണ് ഗോസമൃദ്ധി പ്ലസ് പദ്ധതി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ലഭ്യമായതില്‍ വെച്ച് ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ആണ് ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുന്നത്. മൃഗസംരക്ഷണവകുപ്പ് പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ കര്‍ഷകരെയും അവരുടെ മൃഗങ്ങളെയും പൂര്‍ണ്ണമായും ജിയോമാപ്പിംഗ് നടത്താനും ലക്ഷ്യമിടുന്നുണ്ട്.

പദ്ധതി പ്രകാരം ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നീ കാലയളവുകളിലേക്ക് പരിരക്ഷയെടുക്കാം. പൊതുവിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രീമിയത്തിന്റെ പാതിയും പട്ടികവിഭാഗക്കാര്‍ക്ക് പ്രീമിയത്തിന്റെ 70 ശതമാനവുമാണ് സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്നത്.   പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍  50000 രൂപ വിപണിവിലയുള്ള ഒരു പശുവിന് സര്‍ക്കാര്‍ സബ്‌സിഡി കഴിച്ച് ഒരു വര്‍ഷത്തേക്ക് 700 രൂപയും മൂന്നുവര്‍ഷത്തേക്ക് 1635 രൂപയും മാത്രം പ്രീമിയം ആയി അടച്ചാല്‍ മതിയാവും. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട കര്‍ഷകര്‍ക്ക് ഇത് യഥാക്രമം 420, 981 രൂപ വീതമാണ് പോളിസി പ്രീമിയം. 

പശുക്കള്‍ക്ക് 50000 രൂപക്ക് മുകളില്‍ മതിപ്പുവിലയുണ്ടെങ്കില്‍ അധികപോളിസികള്‍ എടുക്കാനുള്ള സൗകര്യവും, പശുക്കളെ പോളിസി കാലയളവില്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ പോളിസി പുതിയ ഉടമയിലേക്ക് മാറ്റാനുളള സൗകര്യവും പദ്ധതിയില്‍ ലഭിക്കും. അരലക്ഷത്തിനു മുകളില്‍ വിലയുള്ള പശുക്കള്‍ക്ക് അധികപോളിസിയെടുക്കാന്‍ പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ ഒരു വര്‍ഷത്തേക്ക് 742 രൂപയും എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ 462 രൂപയും അടച്ചാല്‍ മതിയാവും. 

ഉരുക്കള്‍ക്കൊപ്പം കര്‍ഷകനും രണ്ടുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയും  പോളിസിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകടമരണത്തിനും അംഗവൈകല്യം സംഭവിച്ചാലും കര്‍ഷകര്‍ക്ക് പോളിസി തുക ലഭ്യമാവും. ഒരു വര്‍ഷത്തേക്ക് കേവലം 42 രൂപയും മൂന്നുവര്‍ഷത്തേക്ക് 114 രൂപയും മാത്രമാണ് സബ്‌സിഡി കഴിച്ചുള്ള പോളിസിയുടെ പ്രീമിയം നിരക്കുകള്‍. 

സംസ്ഥാനത്തെ മൃഗാശുപത്രികള്‍ വഴി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് വകുപ്പ് ഗോസമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ തങ്ങളുടെ പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി. ഇന്‍ഷുറന്‍സ് പദ്ധതികളില്‍ മുമ്പേ ചേര്‍ത്ത പശുക്കളെ വീണ്ടും ഈ പദ്ധതികള്‍ക്ക് കീഴില്‍ ഇന്‍ഷുര്‍ ചെയ്യേണ്ടതില്ല. ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് മാത്രമല്ല ഡയറി ഫാമുകള്‍ക്കും പദ്ധതിയുടെ ഗുണഭോക്താവാനുള്ള സൗകര്യം ഉണ്ട്.

കൂടാതെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ അഷ്വറന്‍സ് തുടങ്ങിയ നിരവധി പൊതുമേഖലാകമ്പനികളും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയുന്ന കുറഞ്ഞ പ്രീമിയത്തില്‍  ക്ഷീരഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.  . ഏതിനത്തിലും പ്രായത്തിലുമുള്ള പശുക്കളെയും ഫാമുകളെയുമെല്ലാം ഈ പദ്ധതികള്‍ക്ക് കീഴില്‍ എളുപ്പത്തില്‍ ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. 

വേണ്ടത് വ്യാപക ബോധവല്‍ക്കരണം

ക്ഷീരമേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കൃത്യമായ ധാരണ വളര്‍ത്തുന്നതിനുമായി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കേണ്ടതുണ്ട്. ക്ഷീരമേഖലയിലെ മില്‍മ അടക്കമുള്ള സഹകരണ സംഘങ്ങള്‍, ഗ്രാമീണ ക്ഷീരസഹകരണസംഘങ്ങള്‍ എന്നിവയെല്ലാം ഇതിനായി നേതൃപരമായ പങ്കുവഹിക്കണം. ഒപ്പം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണവും ഉറപ്പുവരുത്തണം. പത്രമാധ്യമങ്ങളിലും കാര്‍ഷികമാസികകളിലും ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് വ്യാപക പ്രചരണം നടത്തണം. പൊതുമേഖലാ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങളുടെ പദ്ധതികളെക്കുറിച്ച് കര്‍ഷകരെ അറിയിക്കുന്നതിനും അവരെ അതിന്റെ ഗുണഭോക്താക്കളാക്കുന്നതിനും മുന്നിട്ടിറങ്ങണം.  

ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍ത്തുവെക്കാം

ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്ന സമയത്ത് മൃഗങ്ങള്‍ക്ക് പൂര്‍ണ്ണ ആരോഗ്യമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. മതിയായ വാസസ്ഥലവും യഥേഷ്ടം കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പുവരുത്തുകയും വേണം. കുളമ്പുരോഗം, കുരലടപ്പന്‍, ബ്രൂസല്ലോസിസ്  തുടങ്ങിയ പ്രതിരോധകുത്തിവെപ്പുകള്‍ ലഭ്യമായ അസുഖങ്ങള്‍ പിടിപെട്ട് പശുക്കള്‍ മരണപ്പെട്ടാല്‍ ഈ രോഗങ്ങള്‍ക്കെതിരെ മുന്‍കൂട്ടി പ്രതിരോധകുത്തിവെപ്പുകള്‍ എടുത്തിട്ടുളള ഉരുക്കളാണെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാനും കൃത്യമായ ഇടവേളകളില്‍ ആന്തരബാഹ്യപരാദങ്ങള്‍ക്കെതിരെ മരുന്നുകള്‍ നല്‍കാനും ശ്രദ്ധിക്കണം. 

വളര്‍ത്തുമൃഗങ്ങളുടെ അസുഖങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുമായി തന്നെ ബന്ധപ്പെട്ട് കൃത്യമായ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. അംഗീകൃത ഡോക്ടറുടെ ചികിത്സാരേഖയും സാക്ഷ്യപത്രവും ക്ലെയിം തീര്‍പ്പാക്കാന്‍ നിര്‍ബന്ധമാണ്.  പശുക്കള്‍ മരണപ്പെട്ടാല്‍ 100 ശതമാനം പരിരക്ഷ തുകയും ഉല്‍പ്പാദന പ്രത്യുല്‍പ്പാദന ക്ഷമതകള്‍ നഷ്ടപ്പെട്ടാല്‍ പരിരക്ഷയുടെ 75 ശതമാനം തുകയും കര്‍ഷകന് തിരിച്ച് ലഭിക്കും. 

പശുവിനെ മന:പ്പൂര്‍വ്വം പരിക്കേല്‍പ്പിക്കുക, കശാപ്പു ചെയ്യുക, കളവുപോവുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ച് ചുരുങ്ങിയത് 15 ദിവസത്തിനു ശേഷം മാത്രം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും ഓര്‍ക്കണം. ഏതെങ്കിലും കാരണവശാല്‍ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം . ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള മൃഗത്തെ കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍ വിവരം കമ്പനി/ബാങ്കിനെ അറിയിച്ച് ക്ലെയിം പുതിയ ഉടമയുടെ പേരിലേക്ക് മാറ്റേണ്ടതാണ്. 

വീട്ടിലെ ഒരംഗത്തെ പോലെ കണ്ട് നമ്മള്‍ പരിപാലിക്കുന്ന നമ്മുടെ പശുക്കളെ ഇന്‍ഷുര്‍ ചെയ്യാന്‍ ഇതിനേക്കാള്‍ നല്ല ഒരവസരം ഇനിയില്ല. അതുകൊണ്ട് ഒട്ടും താമസിക്കാതെ നിങ്ങളുടെ പൂവാലി പശുവിനും ഒരു പോളിസിയെടുക്കാന്‍ നാളെ തന്നെ നാട്ടിലെ മൃഗാശുപത്രിയിലേക്ക് പോവുകയല്ലേ.. 

Content highlights: Animal husbandry, Cow, Insurance policy, Dairy farming


(ഡയറി കണ്‍സല്‍ട്ടന്റാണ് ലേഖകന്‍)