വെള്ളയില്‍ തവിട്ടുനിറമുള്ള പുള്ളികള്‍... പരിസരം ശ്രദ്ധിക്കാനെന്നോണം കൂര്‍പ്പിച്ചുവെച്ച ചെവികള്‍... ഓമനത്തം തുളുമ്പുന്ന മുഖം... കഴുകിത്തുടച്ചപോലെ വൃത്തിയുള്ള ദേഹം... മാനഴകാണ് ഈ ബാര്‍ബാറി ആടുകള്‍ക്ക്. നമ്മുടെ കലാവസ്ഥയോട് ഇണങ്ങി ജീവിക്കാന്‍ കഴിവുള്ള, ഏറെ രോഗപ്രതിരോധശേഷിയുള്ള ആടിനം. അരുമയായി വളര്‍ത്താവുന്നത് എന്ന നിലയില്‍ ബാര്‍ബാറി ആടുകള്‍ക്ക് ഇന്ന് പ്രിയമേറെ.

അലവില്‍ പുതിയാപ്പറമ്പിലെ 'ഗ്രേസ്' എന്ന വീട്ടിലെത്തിയാല്‍ ബാര്‍ബാറി ആടുകളുടെ ഫാം നേരിട്ടുകാണാം. ഉടമ റഷീദ് മുഹമ്മദില്‍നിന്ന് 'അജപാലന'ത്തിന്റെ പ്രാഥമികപാഠങ്ങള്‍ അറിയുകയുമാവാം. വര്‍ഷങ്ങള്‍ക്ക് മുന്‍പേതന്നെ ആടിനെ പരിപാലിച്ചുതുടങ്ങിയ റഷീദ് മൂന്ന് വര്‍ഷം മുന്‍പേയാണ് പുണെയിലെ ഫാമില്‍ നേരിട്ടുപോയി ബാര്‍ബാറി ആടിനെ സ്വന്തമാക്കിയത്. അതിന് മുന്‍പതന്നെ വിശേഷ ഇനങ്ങളായ ബീറ്റര്‍, ജംനപ്യാരി, സിരോഹി തുടങ്ങിയ ആടുവര്‍ഗങ്ങളെ പോറ്റി പരിചയമുണ്ട് ഇദ്ദേഹത്തിന്. കുഞ്ഞുങ്ങളുള്‍പ്പെടെ 16 ആടുകളുണ്ട് ഇപ്പോള്‍ ഫാമില്‍. ഇതേവരെ പലര്‍ക്കുമായി വിറ്റത് 20 കുഞ്ഞുങ്ങളെ.

ഭക്ഷണരീതി

നാടന്‍ ആടുകള്‍ക്ക് കൊടുക്കുന്നതുപോലെ പുല്ലും പ്ലാവിലയും തന്നെയാണ് പ്രിയം. ഉണക്ക പ്ലാവിലയും പഥ്യം. പ്രായപൂര്‍ത്തിയായ ആടിന് ദിവസം രാവിലെയും വൈകീട്ടുമായി അഞ്ച് കിലോ പച്ചില വേണം. ഗോതമ്പ് തവിട്, അരി തവിട്, പിണ്ണാക്ക്, പുളിങ്കുരുവിന്റെ പൊടി എന്നിവ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പും മിനറല്‍ മിക്‌സും കൂടി ചേര്‍ത്താണ് പ്രത്യേക 'മെനു' തയ്യാറാക്കുന്നത്. 

ഫ്രീലാന്‍സ് ഷെഫായി ജോലി നോക്കുന്ന റഷ്ദ് എറണാകുളത്തേയും തൃശ്ശൂരിലേയും ഹോട്ടല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ഫാക്കല്‍റ്റിയാണ്. അടുത്തമാസം കണ്ണൂരില്‍ ഹ്രസ്വകാല പാചക കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനം തുടങ്ങാനുള്ള ശ്രമത്തിലാണിദ്ദേഹം. ഷാജിലയാണ് ഭാര്യ. മക്കളായ ലാമിയയുടെയും ഷര്‍മിത്തിന്റെയും ഷഹസിയയുടെയും പ്രിയപ്പെട്ട കൂട്ടുകാരാണ് ഇപ്പോള്‍ 'മാനാടുകള്‍'.

ബാര്‍ബാറി ആട്

ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലും കാണപ്പെടുന്നു. വെള്ളയില്‍ തവിട്ട് നിറത്തിലുള്ള പുള്ളികളാണ് പ്രത്യേകത. ചെറിയ മുഖവും ഇരുവശത്തേക്കും കൂര്‍ത്തുനില്കുന്ന ചെവികളുമാണ് ഇവയുടേത്. മേയുവാന്‍ ആവശ്യത്തിന് സ്ഥലസൗകര്യമിമില്ലാത്ത ഇടങ്ങളില്‍ വളര്‍ത്താന്‍ പറ്റിയ ഇനം.

Content Highlights: Information you need about the Barbari Goat