കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മേഖലയില്‍ കന്നുകാലികളില്‍ അനാപ്ലാസ്‌മോസിസ് (Anaplasmosis) രോഗം കണ്ടെത്തിയ വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രദേശത്തെ ഒരു കന്നുകാലിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടമാര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് രോഗം സംശയിച്ച പശുവിന്റെ രക്തസാമ്പിള്‍ കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

ശരീരത്തിനുള്ളില്‍ കയറി കൂടിയാല്‍ ക്രമേണ പശുക്കളുടെ ആരോഗ്യവും പ്രത്യുല്‍പ്പാദന ശേഷിയും ഉല്‍പാദനമികവുമെല്ലാം ക്ഷയിപ്പിക്കുന്ന നിശബ്ദനായ വില്ലനാണ് അനാപ്ലാസ്മ. പശുക്കളുടെ പ്രതിരോധശേഷി തീരേ കുറയുന്ന സാഹചര്യങ്ങളില്‍ രോഗം മൂര്‍ച്ഛിച്ച് പശുക്കള്‍ മരണപ്പെടാനും സാധ്യത ഏറെ. റിക്കറ്റ്ഷ്യ എന്ന അണുകുടുംബത്തിലുള്‍പ്പെടുന്ന അനാപ്ലാസ്മ എന്നയിനം രക്തപരാദങ്ങളായ ബാക്ടീരിയകളാണ് അനാപ്ലാസ്മ രോഗം ഉണ്ടാക്കുന്നത്. രോഗകാരികളായ നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും അനാപ്ലാസ്മ മാര്‍ജിനേല്‍ എന്നു പേരായ രോഗാണു കാരണമായുണ്ടാവുന്ന അനാപ്ലാസ്മ രോഗമാണ് കേരളത്തില്‍ സാധാരണ കാണപ്പെടുന്നത്.

രോഗാണുക്കളെ പ്രധാനമായും പശുക്കളിലേക്ക് പടര്‍ത്തുന്നത് രക്തം ആഹാരമാക്കുന്ന പട്ടുണ്ണികള്‍/ വട്ടന്‍ (Tick) എന്നറിയപ്പെടുന്ന ബാഹ്യപരാദങ്ങളാണ്. രോഗവാഹകരായ പട്ടുണ്ണികളുടെ ഉമിനീര്‍ ഗ്രന്ഥിയിലാണ് രോഗാണുക്കള്‍ വാസമുറപ്പിക്കുക. പട്ടുണ്ണികള്‍ രക്തമൂറ്റിക്കുടിക്കുമ്പോള്‍ അവയുടെ ഉമിനീര്‍ വഴി പശുക്കളുടെ ശരീരത്തിലെത്തുന്ന രോഗാണുക്കള്‍ ചുവന്ന രക്തകോശങ്ങളിലാണ് കടന്നുകയറുകയും പെരുകുകയും ചെയ്യുക. ഇത് ചുവന്ന രക്തകോശങ്ങളുടെ നാശത്തിന് വഴിയൊരുക്കും. പശുക്കളുടെ ശരീരത്തിലെ തൊണ്ണൂറ് ശതമാനത്തിലധികം ചുവന്ന രക്തകോശങ്ങളിലും കടന്നുകയറി കോശങ്ങളെ നശിപ്പിക്കാന്‍ അനാപ്ലാസ്മ രോഗാണുക്കള്‍ക്ക് കഴിയും. ചുവന്ന രക്തകോശങ്ങളുടെ നാശം പശുക്കളില്‍ വിളര്‍ച്ചക്കും മഞ്ഞപ്പിത്തത്തിനുമെല്ലാം വഴിയൊരുക്കും.

കിടാക്കളെ മുതല്‍ ഏത് പ്രായത്തിലുള്ള പശുക്കളെയും രോഗം ബാധിക്കും. എങ്കിലും മുതിര്‍ന്ന പശുക്കളെ അപേക്ഷിച്ച് കിടാക്കളും കിടാരികളും അനാപ്ലാസ്മക്കെതിരെ കൂടുതല്‍ പ്രതിരോധശേഷി പുലര്‍ത്തുന്നതായി കാണാം. നാടന്‍ പശുക്കളുമായി താരതമ്യപ്പെടുത്തിയാല്‍ ഹോള്‍സ്റ്റീന്‍, ജഴ്‌സി സങ്കരയിനം പശുക്കളിലാണ് കൂടുതല്‍ രോഗ സാധ്യത. ശരീരസമ്മര്‍ദ്ദം കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയാനിടയുള്ളതിനാല്‍ മഴക്കാലത്തും കടുത്തവേനലിലും പ്രസവത്തോടനുബന്ധിച്ചും ദീര്‍ഘദൂരം യാത്ര ചെയ്ത് കൊണ്ടുവരുന്ന പശുക്കളിലും അനാപ്ലാസ്മ രോഗത്തിന് സാധ്യതയേറെയാണ്. 

പശുക്കളില്‍ നിഷ്‌ക്രിയരായി കഴിയുന്ന രോഗാണുക്കള്‍ അനുകൂല സാഹചര്യം ലഭിക്കുമ്പോള്‍ പെരുകുന്നതാണ് രോഗം തീവമാവുന്നതിന് കാരണം. മാത്രമല്ല വേനല്‍ ജനുവരി മുതല്‍ മെയ് വരെ നീളുന്ന വരണ്ട മാസങ്ങളില്‍ രോഗവാഹകരായ പട്ടുണ്ണികള്‍ പെരുകുന്നതും രോഗം ബാധിക്കാനുള്ള സാധ്യത കൂട്ടും. പശുക്കളില്‍ മാത്രമല്ല, എരുമകളിലും ആടുകളിലും രോഗസാധ്യതയുണ്ട്. പശുക്കളെ അപേക്ഷിച്ച് എരുമകളിലും പോത്തുകളിലും അനാപ്ലാസ്മ കൂടുതല്‍ മാരകമാണ്.

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അനാപ്ലാസ്മ സംശയിക്കാം

രോഗാണുക്കള്‍ ശരീരത്തിലെത്തി സാധാരണ ഒന്നു മുതല്‍ അഞ്ച് ആഴ്ചകള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. കിടാരികളെ അപേക്ഷിച്ച് മുതിര്‍ന്ന പശുക്കളാണ് രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടിപ്പിക്കുക. വിളര്‍ച്ച, ക്രമേണയുള്ള മെലിച്ചില്‍, ശരീരക്ഷീണം, തീറ്റയോടുള്ള മടുപ്പ്, പാല്‍ ഉല്‍പ്പാദനം കുറയല്‍, മദിലക്ഷണങ്ങള്‍ കാണിക്കാതിരിയ്ക്കല്‍, 105 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍ പനി, വിറയല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, ചുമ തുടങ്ങിയവയാണ് രോഗത്തിന്റെ ആരംഭലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ നീണ്ടുനില്‍ക്കും.

ക്രമേണ പശുക്കള്‍ തളര്‍ന്ന് കിടപ്പിലാവുകയും വിളര്‍ച്ചയും മഞ്ഞപ്പിത്തവും ശ്വാസതടസ്സവും മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും. നല്ല ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള പശുക്കളില്‍ ശരീര സമ്മര്‍ദമുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളിലാണ് രോഗം തീവ്രമാവുക. അനാപ്ലാസ്മ ബാധിച്ച ഗര്‍ഭിണിപശുക്കളില്‍ പ്രസവത്തോടനുബന്ധിച്ച് രോഗം കൂടുതല്‍ തീവ്രമാവാനും പ്രസവത്തെ തുടര്‍ന്ന് പശുക്കള്‍ വീണുപോവാനും സാധ്യതയുണ്ട്. പശുക്കളുടെ ഗര്‍ഭമലസാനുമിടയുണ്ട്.

വേണ്ടത് കൃത്യസമയത്തെ രോഗനിര്‍ണയം, ഉടനടി ചികിത്സ

അനാപ്ലാസ്മ രോഗം സംശയിച്ചാല്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. തൈലേറിയ, ബബീസിയ, ട്രിപ്പാനോസോമ തുടങ്ങി സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗങ്ങളില്‍ നിന്നെല്ലാം അനാപ്ലാസ്മ രോഗാണുവിനെ പ്രത്യേകം വേര്‍തിരിച്ച് മനസിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.

രോഗാണുവിനെ നശിപ്പിക്കുന്ന ഇമിഡോകാര്‍ബ്, ഓക്‌സിടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റിബയോട്ടിക് മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. പ്രോബയോട്ടിക്കുകളും അയേണ്‍, സെലീനിയം, ഫോളിക് ആസിഡ്, ജീവകം ഇ എന്നിവയെല്ലാം അടങ്ങിയ ധാതു ജീവകമിശ്രിതങ്ങളും ശരീരത്തിന്റെ ആരോഗ്യവും പ്രതിരോധശക്തിയും വീണ്ടെടുക്കുന്നതിനായി പശുക്കള്‍ക്ക് നല്‍കണം. അനാപ്ലാസ്മ രോഗാണു കരളിനേല്‍പ്പിച്ച കേടുപാടുകള്‍ തീര്‍ക്കുന്നതിനായി കരള്‍ സംരക്ഷണ, ഉത്തേജന മരുന്നുകളിലൊന്ന് തുടര്‍ച്ചയായി ഒരു മാസം പശുക്കള്‍ക്ക് നല്‍കണം. സിലിമാരില്‍, ടെഫ്രോളി, ബെക്‌സോ ലീവ്, ലീവ് 52 തുടങ്ങിയ വിവിധ ബ്രാന്‍ഡുകളില്‍ കരള്‍ ഉത്തേജന മരുന്നുകള്‍ വിപണിയില്‍ സുലഭമാണ്. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. 

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ ചില പശുക്കള്‍ അനാപ്ലാസ്മ രോഗാണുവിന്റെ വാഹകരാവാന്‍ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീര്‍ഘ യാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ ഈ പശുക്കളിലും രോഗാണുക്കള്‍ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. അനാപ്ലാസ്മ അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാര്‍ഗ്ഗമാണ്. പ്രത്യേകിച്ച് പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുന്‍പ് രക്തപരിശോധന നടത്തുന്നത് അഭികാമ്യമാണ്. ആട്, എരുമ, പോത്ത് ഫാമുകളിലും ഇത്തരം പരിശോധനകള്‍ നടത്തണം.

പരാദനിയന്ത്രണം പ്രധാനം

  • അനാപ്ലാസ്മ രോഗം തടയാനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. ഇതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം. പൈറത്രിന്‍ ഇനത്തില്‍പ്പെടുന്ന താരതമ്യേന സുരക്ഷിതമായ മരുന്നുകള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പശുക്കളുടെ ദേഹത്തും തൊഴുത്തിലും തളിക്കുന്നതും ഈച്ചകളെയും പട്ടുണ്ണികളെയും അകറ്റാന്‍ ഉപകരിക്കും. ഉദാഹരണത്തിന് 1% വീര്യമുള്ള Flumethrin ലായനി പട്ടുണ്ണിനാശിനിയായി ഉപയോഗിക്കാം. Flupor, Poron എന്നീ പേരുകളില്‍ 50 മില്ലി ലിറ്റര്‍. കുപ്പികളിലും ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതല്‍ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. മേയാന്‍ വിടുന്നതിന് മുന്‍പ് പശുക്കളുടെ ദേഹത്ത് പട്ടുണ്ണികളെ അകറ്റുന്ന ലേപനങ്ങള്‍ പ്രയോഗിക്കുന്നത് ഉചിതമാണ്. തൊഴുത്തിന്റെ തറയുടെയും ഭിത്തിയുടെയും ചെറിയ സുഷിരങ്ങളില്‍ പട്ടുണ്ണികള്‍ മുട്ടയിട്ട് പെരുകാന്‍ ഇടയുള്ളതിനാല്‍ ഇവിടെയെല്ലാം പട്ടുണ്ണിനാശിനികള്‍ തളിയ്ക്കാന്‍ വിട്ടുപോവരുത്. പട്ടുണ്ണിനാശിനികള്‍ ചേര്‍ത്ത് തൊഴുത്തിന്റെ ഭിത്തി വെള്ളപൂശുകയും ചെയ്യാം. ഒരേതരം പട്ടുണ്ണി നാശിനി തന്നെ സ്ഥിരമായി ഉപയോഗിക്കുന്നതിന് പകരം ഇടയ്ക്ക് മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കണം. പട്ടുണ്ണികള്‍ മരുന്നിനെതിരെ പ്രതിരോധശേഷിയാര്‍ജ്ജിക്കുന്നത് തടയാനാണിത്.
  • കടിയീച്ചകളെ നിയന്ത്രിക്കുന്നതിനായി തൊഴുത്തില്‍ രാത്രികാലങ്ങളില്‍ പച്ചകര്‍പ്പൂരം അല്ലെങ്കില്‍ കുന്തിരിക്കം ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്. ആര്യവേപ്പ്, തുമ്പ, പാണല്‍ തുടങ്ങിയ പച്ചിലകള്‍ ഉപയോഗിച്ച് തൊഴുത്തില്‍ പുകയിടുകയും ചെയ്യാം. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയവ തൊഴുത്തിലും പശുവിന്റെ ശരീരത്തിലും തളിക്കുന്നതും കടിയീച്ചകളേയും കൊതുകിനേയും അകറ്റും. ഫാമിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ചാണകം നനഞ്ഞ് വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. കടിയീച്ചകളുടെ പ്രജനനകേന്ദ്രമായ വളക്കുഴിയില്‍ ആഴ്ചയില്‍ രണ്ട് തവണ ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത മിശ്രിതം വിതറുന്നത് കടിയീച്ചകളെ നിയന്ത്രിക്കാന്‍ സഹായിക്കും.
  • പശുക്കള്‍ക്ക് സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജീവിയ്ക്കാന്‍ ആവശ്യമായ ആരോഗ്യ ശേഷിയും പ്രതിരോധ ശക്തിയും ഉറപ്പാക്കുന്നതിനായി സിങ്ക്, കോപ്പര്‍, ജീവകം ഇ, സെലീനിയം, അയേണ്‍ തുടങ്ങിയ ധാതുജീവകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയ മിശ്രിതങ്ങളും ( ഉദാഹരണം- ന്യൂട്രിസെല്‍ പൗഡര്‍, അഗ്രിമിന്‍ ഫോര്‍ട്ടി തുടങ്ങിയവ) , കരള്‍ ഉത്തേജന മരുന്നുകള്‍ എന്നിവ പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം.
  • ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) നിരീക്ഷിക്കാനും രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.
  • പട്ടുണ്ണികളും കടിയീച്ചകളും വഴി മാത്രമല്ല, ഉപയോഗിച്ച കുത്തിവെയ്പ്പ് സൂചികളും സിറിഞ്ചുകളും ശരിയായി അണുവിമുക്തമാക്കാതെ മറ്റു പശുക്കളില്‍ വീണ്ടും ഉപയോഗിക്കുന്നതു വഴിയും രക്തപരാദങ്ങള്‍ പടരാന്‍ ഇടയുണ്ട്. ചെവിയില്‍ കമ്മലടിയ്ക്കാന്‍ ഉപയോഗിക്കുന്ന ഇയര്‍ ടാഗ്ഗിങ് ഉപകരണങ്ങള്‍, കൊമ്പ് കളയാന്‍ കിടാക്കളില്‍ ഉപയോഗിക്കുന്ന ഡീഹോണിങ് ഉപകരങ്ങള്‍ എന്നിവ ഓരോ തവണ ഉപയോഗിച്ചതിന് ശേഷം അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കും. സൂചികളും സിറിഞ്ചും രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന മറ്റുപകരണങ്ങളും അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.

Content Highlights: How to treat anaplasmosis in cattle