ത്യുത്പാദന ശേഷിയുള്ള ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ജേഴ്സി, സങ്കരയിനം പശുക്കള്‍ക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടില്‍ കിതച്ചും അണച്ചും പശുക്കള്‍ തളരും. തീറ്റയെടുക്കല്‍ പൊതുവേ കുറയും. ശരീരസമ്മര്‍ദമേറുമ്പോള്‍ രോഗങ്ങള്‍ക്കും സാധ്യതയേറെ. പാലുത്പാദനം കുറയാതിരിക്കണമെങ്കില്‍ വേനല്‍ക്കാലത്തെ പശുപരിപാലനത്തില്‍ പ്രത്യേക കരുതല്‍ പ്രധാനമാണ്.

വേണം, വേനല്‍ സൗഹൃദ തൊഴുത്തുകള്‍

തൊഴുത്തിന്റെ നടുക്ക് 3.5 മീറ്റര്‍ ഉയരവും വശങ്ങളില്‍ മൂന്ന് മീറ്റര്‍ കുറഞ്ഞ ഉയരവും പ്രധാനമാണ്. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റര്‍ മതി. പരിസരത്തുള്ള തടസ്സങ്ങള്‍ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം. ഒപ്പം തൊഴുത്തിനുള്ളില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കണം.

പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവര്‍, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മര്‍ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിറ്റ് നേരം ഇവ പ്രവര്‍ത്തിപ്പിച്ച് പശുക്കളെ തണുപ്പിക്കാം.

പശുക്കളെ പാടത്ത് കെട്ടി പോവരുതേ

പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. പകല്‍ 11-നും 3-നും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും തകര/ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം.

വെള്ളവും തീറ്റയും കരുതലോടെ

നിര്‍ജ്ജലീകരണം തടയാനും പാല്‍ ഉത്പാദനനഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗള്‍ സംവിധാനം ഒരുക്കാം. കുടിവെള്ളം ചൂടാകരുത്. കാലിത്തീറ്റയും വൈക്കോലും നല്‍കുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം പച്ചപ്പുല്ലും അസോള പോലുള്ള ഇലതീറ്റകളും നല്‍കണം.

പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ-യുടെ അപര്യാപ്തത പരിഹരിക്കാന്‍ ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് നല്‍കണം. വിപണിയില്‍ ലഭ്യമായ ധാതുലവണമിശ്രിതങ്ങളും യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക്കുകളും തീറ്റയില്‍ നല്‍കണം.

വേനല്‍ക്കാലത്തെ ആരോഗ്യം

രോഗാണുവാഹകരായ പട്ടുണ്ണി പരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് വേനല്‍. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്‌മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്.അകിടുവീക്കം, കുരലടപ്പന്‍ രോഗങ്ങളും വേനലില്‍ കൂടുതലായി കാണുന്നു. ശരീരസമ്മര്‍ദം കാരണം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടും.

തീറ്റമടുപ്പ്, പാല്‍ ഉത്പാദനം പെട്ടെന്ന് കുറയല്‍, തളര്‍ച്ച, ശക്തമായ പനി, വിളര്‍ച്ച, വയറിളക്കം, ശ്വാസമെടുക്കാനുള്ള പ്രയാസം, മൂത്രത്തിന്റെ നിറം രക്തവര്‍ണമാവല്‍ തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. പാലുത്പാദനം അല്പം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് തന്നെയാണ് വേനലില്‍ മുഖ്യപരിഗണന വേണ്ടത്.

വിവരങ്ങള്‍ക്ക്: 9495187522.

Content Highlights: How to take care of cattle in summer heat