കോഴികളുടെ ജനിതകവൈവിധ്യ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന തനതുനാടന്‍ കോഴി ജനുസ്സാണ് തലശ്ശേരിക്കോഴികള്‍. ഇന്ത്യയിലെ 19 അംഗീകൃത കോഴിജനുസ്സില്‍ കേരളത്തില്‍നിന്നുള്ള ഒരേയൊരു വിഭാഗം. തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഈ വിഭാഗത്തിന് 2015-ലാണ് നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്സസിന്റെ (എന്‍.ബി.എ.ജി.ആര്‍.) അംഗീകാരം ലഭിച്ചത്. കേരളത്തിന് അനുയോജ്യമായ നാടന്‍, വിദേശ സങ്കരയിനങ്ങളെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മണ്ണുത്തി വെറ്ററിനറി കോളേജിലെ എ.ഐ.സി.ആര്‍.പി. കോഴി പ്രജനന കേന്ദ്രത്തില്‍ നാടന്‍കോഴികളുടെ സംരക്ഷണം ആരംഭിക്കുന്നത്.

സവിശേഷതകള്‍

കറുപ്പുനിറത്തിലുള്ള തൂവലുകളും ചാരനിറത്തിലുള്ള കാലും ചുവന്ന താടയും ഒറ്റപ്പൂവുമാണ് തലശ്ശേരി കോഴികളുടെ സവിശേഷത. ആറ്, എട്ട് മാസത്തില്‍ മുട്ടയിട്ടുതുടങ്ങുന്ന നാടന്‍കോഴികള്‍ വര്‍ഷത്തില്‍ 60 മുതല്‍ 80 വരെ മുട്ടകള്‍ ഉത്പാദിപ്പിക്കും. ജനിതകതിരഞ്ഞെടുപ്പിന്റെ ഫലമായി എ.ഐ.സി.ആര്‍.പി. ഗവേഷണകേന്ദ്രത്തിലെ തലശ്ശേരിക്കോഴികള്‍ നിലവില്‍ നാലരമാസത്തില്‍ മുട്ടയുത്പാദനം ആരംഭിക്കുകയും വര്‍ഷത്തില്‍ ശരാശരി 160/170 മുട്ടകള്‍ ഉത്പാദിപ്പിക്കുന്നു. മുട്ടയുടെ ശരാശരി ഭാരം 43 ഗ്രാമാണ്. പൂവന്‍കോഴിയുടെ ശരീരഭാരം നാലുമാസത്തില്‍ 1.27 കിലോയും പത്തുമാസത്തില്‍ 1.75 കിലോയുമാണ്.

തദ്ദേശീയമായി കാണപ്പെടുന്ന രോഗാണുക്കളോട് ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ഈ കോഴികള്‍ അടുക്കളമുറ്റത്ത് വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായവയാണ്. അടുക്കളയില്‍നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങളും ധാന്യങ്ങളും കൊടുത്ത് ഇവയെ വളര്‍ത്താമെന്നത് വീട്ടാവശ്യത്തിനായി കുറച്ചു കോഴികളെമാത്രം വളര്‍ത്തുന്നവരെ സംബന്ധിച്ച് ഗുണമാണ്.

ഇലകളും പ്രാണികളെയുമൊക്കെ ഭക്ഷിക്കുന്നതുകൊണ്ട് ഇവയ്ക്കുണ്ടാകുന്ന കടുംമഞ്ഞനിറത്തിലുള്ള മഞ്ഞക്കരുവും ജനിതകപരമായി മുട്ടത്തോടിനുള്ള ഇളം തവിട്ടുനിറവും കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാണ്. കൊഴുപ്പുകുറഞ്ഞ മാംസമായതുകൊണ്ട് നല്ല വിലയും ലഭിക്കുന്നു. മണ്ണുത്തി വെറ്ററിനറി കോളേജിലെ എ.ഐ. സി.ആര്‍.പി. ഗവേഷണ കേന്ദ്രത്തില്‍നിന്ന് മുന്‍കൂട്ടി ആവശ്യപ്പെടുന്നവര്‍ക്ക് തലശ്ശേരി ജനുസ്സിന്റെ കൊത്തുമുട്ടകള്‍ ലഭിക്കും.

Content Highlights: How to Start a Thalassery chicken Farm (poultry farming) in home