മുട്ടയുത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം നമ്മെ ഓര്‍മിപ്പിച്ചത് ലോക്ഡൗണ്‍ കാലമാണ്. ഈ ലക്ഷ്യം കൈവരിക്കാന്‍ മലയാളിക്ക് മുന്നിലുള്ള ഒരേയൊരു വഴി വീട്ടുമുറ്റത്ത് മുട്ടക്കോഴി വളര്‍ത്തല്‍ തന്നെയാണ്. മുറ്റത്ത് കോഴികളെ വളര്‍ത്തി മുട്ടയുത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍, വീട്ടാവശ്യങ്ങള്‍ക്കു ശേഷം അധികമുള്ള മുട്ട പ്രാദേശിക വിപണനവും നടത്താം.

ഇനങ്ങള്‍

അഞ്ചുമുതല്‍ പത്തുവരെ കോഴികളെ വളര്‍ത്തുന്ന ചെറുകിട യൂണിറ്റുകളാണ് വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യം. നാടന്‍കോഴികളെ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് തലശ്ശേരി കോഴി, നേക്കഡ് നെക്ക്, അസീല്‍, കരിങ്കോഴി, അരിക്കോഴി, തിത്തിരിക്കോഴി തുടങ്ങിയ പ്രാദേശികമായി ലഭ്യമായ ഇനങ്ങളെ തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 80 മുതല്‍ 100 മുട്ടകള്‍ ഇവയില്‍നിന്നു ലഭിക്കും.

ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗണ്‍, ഗിരിരാജ, വനരാജ എന്നീ കോഴി ഇനങ്ങള്‍ അടുക്കളമുറ്റങ്ങള്‍ക്കുവേണ്ടിയാണ്. ഈ സങ്കരയിനം കോഴികള്‍ അഞ്ച്-അഞ്ചര മാസം പ്രായമെത്തുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഒരുവര്‍ഷം 190-220 മുട്ടകള്‍വരെ കിട്ടും. ഒന്നരവര്‍ഷം പ്രായമെത്തുന്നതുവരെ മുട്ടയുത്പാദനകാലം കഴിഞ്ഞാല്‍ ഇവയെ ഇറച്ചിക്കായി ഉപയോഗിക്കാം.

കൂടൊരുക്കുമ്പോള്‍

തുറന്നുവിട്ട് വളര്‍ത്തുന്ന കോഴികളെ രാത്രി പാര്‍പ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാര്‍പ്പിടം പണിയാം. ഒരു കോഴിക്ക് നില്‍ക്കാന്‍ കൂട്ടില്‍ ഒരു ചതുരശ്രയടി സ്ഥലസൗകര്യം നല്‍കണം. നാലടി നീളവും മൂന്നടി വീതിയും രണ്ടടി ഉയരവുമുള്ള ഒരു കൂട് പണിതാല്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പില്‍ നിന്ന് മൂന്നടിയെങ്കിലും ഉയരത്തില്‍ വേണം കൂട് ക്രമീകരിക്കേണ്ടത്.

കൂടിനുചുറ്റും വേലികെട്ടി തിരിച്ച് അതിനുള്ളില്‍ പകല്‍ തുറന്നുവിട്ട് വളര്‍ത്താം. ഒരുകോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികള്‍ക്ക് 100 ചതുരശ്രയടി സ്ഥലം വേലിക്കെട്ടിനുള്ളില്‍ നല്‍കണം. മുട്ടയിടുന്നതിനായി പഴയ ടയറോ മരപ്പെട്ടിയോ കൊണ്ടുള്ള നെസ്റ്റ് ബോക്‌സ് ഒരുക്കണം.

സ്ഥലപരിമിതിയുള്ളവര്‍ക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലോ വളര്‍ത്തുന്നതിനായി ജി.ഐ. കമ്പിയില്‍ നിര്‍മിച്ച മോഡേണ്‍ കൂടുകളും വിപണിയിലുണ്ട്. ഓട്ടോമാറ്റിക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനം, ഫീഡര്‍, എഗ്ഗര്‍ ചാനല്‍ എന്നിവയെല്ലാമുള്ളതാണ് ഹൈടെക് കൂടുകള്‍. പ്രത്യേകം വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള ആഢ 380 പോലുള്ള കോഴിയിനങ്ങളാണ് ഹൈടെക് കൂടുകള്‍ക്ക് അനുയോജ്യം. ആഢ 380 കോഴികള്‍ വര്‍ഷത്തില്‍ 280-300 മുട്ട വരെയിടാന്‍ കഴിവുള്ളവയാണ്.

തീറ്റയൊരുക്കുമ്പോള്‍

മുട്ടയിടാന്‍ ആരംഭിച്ച ഒരു കോഴിക്ക് ഒരുദിവസം വേണ്ടത് 100-120 ഗ്രാംവരെ തീറ്റയാണ്. വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വിലകുറഞ്ഞ ധാന്യങ്ങള്‍, ധാന്യത്തവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികള്‍ക്ക് ആഹാരമായി നല്‍കാം. 

ഒപ്പം മുറ്റത്തും പറമ്പിലും ചിക്കിച്ചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും. അസോള, വാഴത്തട, അഗത്തിച്ചീര, ചീര, ചെമ്പരത്തിയില, പപ്പായയില തുടങ്ങിയ പച്ചിലകളും തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം. അധിക അളവില്‍ ധാന്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. മുട്ടയുത്പാദനത്തിന് കാത്സ്യം പ്രധാനമായതിനാല്‍ ഒരു കോഴിക്ക് ദിവസേന അഞ്ച് ഗ്രാം എന്ന കണക്കില്‍ കക്കത്തോട് പൊടിച്ച് തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ഉത്പാദനം കൂട്ടാന്‍ ഉപകരിക്കും.

വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ഓരോ ഇടവിട്ട മാസങ്ങളിലും വാക്‌സിന്‍ നല്‍കുന്നതിന് ഒരാഴ്ചമുന്‍പും വിരയിളക്കുന്ന മരുന്നുകള്‍ നല്‍കണം. കോഴിപ്പേന്‍ ഉള്‍പ്പെടെയുള്ള ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ രണ്ടുമാസത്തിലൊരിക്കല്‍ കൂട്ടിലും പരിസരങ്ങളിലും കോഴികളുടെ ശരീരത്തിലും തളിക്കാം. മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് (1516 ആഴ്ച പ്രായം) കോഴിവസന്തക്കെതിരായ വാക്‌സിന്‍ കുത്തിവെപ്പായി നല്‍കുകയും വേണം.

കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം

രണ്ടുമാസം പ്രായമെത്തിയ, ആവശ്യമായ രോഗപ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം. സര്‍ക്കാര്‍ അംഗീകൃത നഴ്‌സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വകലാശാല ഫാമുകളില്‍ നിന്നോ തിരഞ്ഞെടുക്കാം.

Content Highlights: How to Start a Chicken Farm (poultry farming) in home