കോഴിമുട്ട അയല്‍ സംസ്ഥാനങ്ങളില്‍നിന്നുകൊണ്ടുവന്നാണ് നമ്മള്‍ ആവശ്യം നിറവേറ്റുന്നത്. കോഴിവളര്‍ത്തലിന് വളരെയധികം സാധ്യതകളുണ്ട് കേരളത്തില്‍. നിറമുള്ള മുട്ടത്തോടുള്ള കോഴിമുട്ടയ്ക്കാണ് ജനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം. അവയ്ക്ക് വെള്ളത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ വിലയും ലഭിക്കുന്നു. 

ഈയിടെയായി കേജ് സമ്പ്രദായത്തില്‍ ധാരാളം മുട്ടക്കോഴികളെ വളര്‍ത്തിവരുന്നു. കോഴികളെ പുറത്തുവിടാതെ തീറ്റയും വെള്ളവുംകൂട്ടില്‍ത്തന്നെ കൊടുത്ത് വളര്‍ത്തുന്നതാണ് കേജ് സമ്പ്രദായം. ഇത്തരത്തില്‍ വളര്‍ത്തുമ്പോള്‍ ചില കോഴികള്‍ പ്രതീക്ഷയ്ക്കനുസരിച്ച് മുട്ടയിടണമെന്നില്ല. അത്തരം കോഴികളെ ചിലപ്പോള്‍ ഒഴിവാക്കേണ്ടിവരും. ഒരു നല്ല മുട്ടക്കോഴിയെ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. 

നല്ല മുട്ടക്കോഴികളുടെ പൂവ് നിറഞ്ഞ് ചുവന്നുതിളങ്ങുന്നതായിരിക്കും. നല്ല രക്തസംക്രമണമുള്ളതുകൊണ്ട് തൊടുമ്പോള്‍ ചൂടുതോന്നും. മുട്ടയുത്പാദനശേഷി കുറഞ്ഞതാണെങ്കില്‍ പൂവ് ചുരുങ്ങിവാടി വിളര്‍ത്തിരിക്കും. കോഴികളുടെ ഉത്പാദനശേഷി നിലച്ചാലും ഇതുപോലെ പൂവും തൂവല്‍ഘടനയും വാടി വിളര്‍ത്തിരിക്കും. 

മികച്ച മുട്ടക്കോഴികളുടെ കണ്ണിന് വലിപ്പവും പ്രാമുഖ്യവും തിളക്കവുമുണ്ടാകും. ഉദരത്തിന് നല്ല വ്യാപ്തി ഉണ്ടായിരിക്കുക എന്നതാണ് മറ്റൊരു ലക്ഷണം. നല്ല മുട്ടക്കോഴികളുടെ ഉടല്‍ മൃദുവായിരിക്കും. ഉദരഭാഗത്ത് അധികം കൊഴുപ്പു കാണില്ല. മേന്മയില്ലാത്ത കോഴികളുടെ ഉടല്‍ പരുക്കനും വലുപ്പമുള്ളതും ധാരാളം കൊഴുപ്പുള്ളതുമായിരിക്കും. 

സാധാരണ ജനുസ്സ് കോഴികളുടെ തൊലിക്ക് മഞ്ഞനിറമാണുണ്ടാവുക. കണ്ണിന് ചുറ്റും കൊക്കിന്മേലും കണങ്കാലിലും നിറം തെളിഞ്ഞുകാണാം. കോഴികള്‍ മുട്ടയുത്പാദനം തുടങ്ങുമ്പോള്‍ ഈ മഞ്ഞയും തീറ്റയിലെ മഞ്ഞയും ചേര്‍ന്ന് മുട്ടയിലെ മഞ്ഞ ഉത്പാദിപ്പിക്കുന്നു. ഉത്പാദനനിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് പക്ഷിയുടെ വര്‍ണകം കുറഞ്ഞുവരുന്നു. ഉത്പാദനം തുടങ്ങി രണ്ടാഴ്ച കഴിയുമ്പോള്‍ കണ്ണിന് ചുറ്റും വര്‍ണകം ഉണ്ടാവുകയേയില്ല. 

കോഴികള്‍ക്ക് വര്‍ഷംതോറും പുതിയ തൂവല്‍ മുളച്ചുവരും. നല്ല മുട്ടക്കോഴികളുടെ തൂവല്‍ പെട്ടെന്ന് കൊഴിഞ്ഞുപോവുമ്പോള്‍ മോശപ്പെട്ടവയുടേത് സാവധാനത്തിലേ കൊഴിയുകയുള്ളൂ. ചുരുക്കത്തില്‍ ഒരു നല്ല മുട്ടക്കോഴിക്ക് നല്ല വലിപ്പവും വികാസവും ഉടലിന് ക്ഷമതയും ഉണ്ടായിരിക്കും. 

തിളങ്ങുന്ന കണ്ണ്, ലക്ഷണമൊത്ത മുഖം, ചടുലത, നല്ല നില്‍പ്പും നടപ്പും ഊര്‍ജസ്വലത എന്നിവയുണ്ടാകും.

Content highlights: Agriculture, Animal husbandry, Chickens