ആകെ സസ്തനികളില്‍ 40 ശതമാനവും എലിയുടെ തറവാട്ടുകാരാണ്. മൂന്നരഗ്രാം തൂക്കമുളള അഫ്ഗാന്‍കാരി മുതല്‍ 50 കിലോഗ്രാം തൂക്കമുളള കാപ്പിബറ വരെ ഇതില്‍ പെടും. ഓരോ വര്‍ഷവും 200 കോടിയുടെ നഷ്ടമാണ് നമ്മുടെ ധാന്യസംഭരണികളിലും കൃഷിയിടത്തിലുമായി ഇവര്‍ സൃഷ്ടിക്കുന്നത്. ഇതിനു പുറമേയാണ് എലിപ്പനി മുതല്‍ ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍. 

വേനല്‍ക്കാലത്ത് എലികളുടെ സെന്‍സസ് താഴ്ന്ന ലെവലിലായിരിക്കും. എന്നാല്‍ ധാരാളം തീറ്റ ലഭ്യമാകുന്ന അവസരങ്ങളില്‍ ദുരൂഹസാഹചര്യങ്ങളിലും ഇവ പെട്ടെന്ന് പെറ്റുപെരുകുന്നു. സാഹചര്യം ഒത്തുവരുമ്പോള്‍ ഒരു ആണിന് ഒരു പെണ്ണെലിയെന്ന നില വിട്ട് രണ്ട് പെണ്ണെന്ന രീതിയിലാകുന്നു. ഫലം എലികളുടെ എണ്ണം പതിന്മടങ്ങ് കൂടുന്നു. ഇനി എങ്ങനെ എലിയെ നിയന്ത്രിക്കാമെന്ന് നോക്കാം.
സ്വഭാവമറിഞ്ഞാല്‍ മാത്രമേ എലി നിയന്ത്രണം സാധ്യമാകൂ. വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയും അതിരാവിലെ 3 മണി മുതല്‍ 6 മണിവരെയുമാണ് എലികളുടെ വിഹാര സമയം. എലിക്കെണികള്‍ പ്രയോഗിക്കേണ്ടത് സന്ധ്യക്കാണെന്ന് ചുരുക്കം. 

സുന്ദരമായ കണ്ണുകളാണെങ്കിലും എലിക്ക് കാഴ്ച ശക്തി കുറവാണ്. വരമ്പാണെങ്കിലും ചുമരാണെങ്കിലും അരിക് പിടിച്ച് നടക്കുക എന്നത് മൂഷികരീതി.

എലിപ്പെട്ടി ചുമരിനോട് ചേര്‍ത്ത് വെച്ചാലേ നമ്മള്‍ ഉദ്ദേശിച്ച കാര്യം നടക്കൂ. പുതിയ സാധനങ്ങള്‍ വെച്ച് എലിയെ കുടുക്കണമെന്നല്ലേ നിങ്ങള്‍ ഉദ്ദേശിച്ചത്. എലിവിഷമാണെങ്കില്‍ എലിക്ക് ചിരപരിചിതമായ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ത്തു കൊടുത്താല്‍ ഇവ ഒന്നു തിരിഞ്ഞുനോക്കും. പുതിയ സാധനങ്ങള്‍ എന്തായാലും സംശയദൃഷ്ടി എലിയുടെ മറ്റൊരു സ്വഭാവദൂഷ്യം.

പലതരം എലിക്കെണികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഒട്ടിപ്പിടിക്കുന്ന ഗ്ലൂ ട്രാപ്പാണ് കെണിയില്‍ വമ്പന്‍. ഓരോ പ്രാവശ്യത്തെ ഉപയോഗത്തിനുശേഷവും എലിപ്പെട്ടി കഴുകി ഉണക്കി വെക്കണം. പി വി സി പൈപ്പ് മണ്ണില്‍ അടിച്ച് താഴ്ത്തി വാരിക്കുഴി തീര്‍ക്കുന്നതാണ് പറമ്പിലെ പെരുച്ചാഴികളെ പിടിക്കാനുളള എളുപ്പ വിദ്യ.

തെങ്ങിന് മുകളിലെ എലിയുടെ ഉപദ്രവം ഒഴിവാക്കുന്നതിന് തടിയില്‍ ടിന്‍ഷീറ്റ് കെട്ടുന്നതാണ് നല്ലത്. മരച്ചീനി കൃഷി ചെയ്യുമ്പോള്‍ ശീമക്കൊന്ന കൊത്തിയിടുന്നത് എലിയെ തുരത്താനുളള ജൈവ ഉപായം. ബ്രൊമാഡിയോലോണും സിങ്ക് ഫോസ്‌ഫൈഡുമാണ് എലിയെ നശിപ്പിക്കുന്നതിനുളള രാസമാര്‍ഗ്ഗം.

Content highlights: Agriculture, Leptospirosis, Rat trouble