'ന്റെ പശുവിന് ഈയിടെയായി തീറ്റയെടുക്കാന്‍ ഭയങ്കര മടിയാണ്. കാലിതീറ്റ ഇടയ്ക്ക് അല്പം കഴിക്കും. പിന്നെ രണ്ടു ദിവസം കഴിക്കില്ല. ചിലപ്പോള്‍ പുല്ലു തിന്നും ചിലപ്പോള്‍ അല്പം വൈക്കോല്‍ തിന്നും. ഇടക്കിടയ്ക്ക് നല്ല ദുര്‍ഗന്ധത്തോടെ വയറിളകും. ചാണകത്തില്‍ ചിലപ്പോള്‍ രക്തതുള്ളികള്‍ കാണാം. വയറിളക്കം നില്‍ക്കാന്‍ പല പല മരുന്നുകള്‍ കൊടുത്തുനോക്കി. ഒരു കാര്യവുമുണ്ടായില്ല, രണ്ടാഴ്ച്ചയായിട്ടും മാറ്റമൊന്നുമില്ല. പ്രസവം കഴിഞ്ഞിട്ടിപ്പോള്‍ അഞ്ച് മാസമാവാറായി. മദിലക്ഷണമൊന്നും ഇത് വരെ കാണിച്ചിട്ടില്ല. 15-18 ലിറ്റര്‍ പാല്‍ കിട്ടിയിരുന്ന പശുവാണ് ഇപ്പോള്‍ വെറും 5-6 ലിറ്റര്‍ പാല്‍ കിട്ടും. പശുവാകെ ക്ഷീണിച്ചു'. ഒരു ക്ഷീരകര്‍ഷകന്‍ ഈയിടെ പങ്കുവെച്ച സംശയങ്ങളില്‍ ഒന്നാണിത്.

ഒരു പക്ഷേ തങ്ങളുടെ പശുക്കളിലും ഇതിന് സമാനമായ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ക്ഷീര കര്‍ഷകരുണ്ടാവും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഓരോന്നും തന്നെ രോഗകാരണത്തിലേയ്ക്ക് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. ഇടവിട്ടുള്ള രൂക്ഷമായ വയറിളക്കം, ഉദരകമ്പനം, ചാണകത്തിലെ രക്താശം, പാല്‍ ക്രമേണ കുറയല്‍ തുടങ്ങിയവയെല്ലാം പശുക്കളിലെ ആംഫിസ്റ്റോം വിരബാധയുടെ പ്രാഥമിക ലക്ഷണങ്ങളില്‍ പെട്ടതാണ്. പത്രവിരകളുടെ ഗണത്തില്‍പ്പെട്ട ആംഫിസ്റ്റോം വിരകള്‍ പണ്ടപ്പുഴു എന്ന പേരിലാണ് നമ്മുടെ കര്‍ഷകര്‍ക്കിടയില്‍ പരിചിതം. കേരളത്തിലെ പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്ന ആന്തരിക പരാദബാധകളില്‍ ഏറ്റവും മുഖ്യമായ പണ്ടപ്പുഴു ബാധയെ കുറിച്ച് ഒരല്പം കാര്യങ്ങള്‍ ക്ഷീരകര്‍ഷകര്‍ അറിയേണ്ടതുണ്ട്.

പണ്ടപ്പുഴുക്കള്‍ പശുക്കളില്‍ കയറിക്കൂടുന്നതെങ്ങനെ ?

പണ്ടപ്പുഴുക്കള്‍ക്ക് പശുക്കളുടെ ശരീരത്തിലെത്തണമെങ്കില്‍ ചില  കടമ്പകള്‍ പിന്നിടേണ്ടതുണ്ട്. പണ്ടപ്പുഴു ബാധയേറ്റ പശുക്കള്‍ അവയുടെ ചാണകം വഴി വിരയുടെ മുട്ടകള്‍ ധാരാളമായി പുറന്തള്ളും. നല്ല ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ വച്ച് മുട്ടകള്‍ വിരിഞ്ഞ് പണ്ടപ്പുഴുക്കളുടെ ലാര്‍വകള്‍ പുറത്തിറങ്ങും. മിറാസീഡിയം എന്നാണ് ഈ വിരക്കുഞ്ഞുങ്ങള്‍ അറിയപ്പെടുന്നത്. ഇങ്ങനെ വിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ വെള്ളകെട്ടിലും ചളി നിറഞ്ഞ പാടത്തുമെല്ലാം കാണുന്ന ഒച്ചുകളുടെ ശരീരത്തില്‍ തുളച്ച് കയറും. കാരണം പണ്ടപ്പുഴു ലാര്‍വകള്‍ക്ക് ഇനി വളര്‍ച്ച പ്രാപിക്കണമെങ്കില്‍ ഒച്ചുകളുടെ ശരീരത്തില്‍ കടന്നുകയറിയേ പറ്റൂ, അതാണ് പ്രകൃതിനിയമം.

ഒരുമാസത്തോളം നീളുന്ന വളര്‍ച്ചക്ക് ശേഷം ക്രമേണ ഒച്ചുകളില്‍ നിന്നും ലാര്‍വകള്‍ പുറത്തിറങ്ങും. ഇങ്ങനെ ഒച്ചുകളില്‍ നിന്നും പുറത്തെത്തുന്ന ആംഫിസ്റ്റോം ലാര്‍വകള്‍ ശാസ്ത്രീയമായി അറിയപ്പെടുന്നത് സെര്‍ക്കാരിയം എന്നാണ്. പൂര്‍ണ വളര്‍ച്ചയെത്താത്ത ഈ ലാര്‍വകള്‍ മെറ്റാസെര്‍ക്കാരിയം എന്ന് പേരായ ചെറിയ ഗോളങ്ങളുടെ രൂപത്തില്‍ (സിസ്റ്റ്) വെള്ളകെട്ടുകള്‍ക്കും വയലിനുമെല്ലാം സമീപമുള്ള പുല്‍നാമ്പുകളില്‍ പറ്റിപിടിച്ചിരിക്കും. ഈ പുല്‍നാമ്പുകള്‍ ആഹാരമാക്കുമ്പോള്‍ നൂറുകണക്കിന് ആംഫിസ്റ്റോം സിസ്റ്റുകള്‍ പശുക്കളുടെ കുടലിലെത്തും. 

രോഗ ലക്ഷണങ്ങള്‍ ഇവയെല്ലാം

പശുക്കളുടെ ഉള്ളിലെത്തുന്ന ആംഫിസ്റ്റോം സിസ്റ്റുകള്‍ വളര്‍ന്ന് കുഞ്ഞു വിരകളായി മാറും. പൂര്‍ണവളര്‍ച്ചയെത്താത്ത ഈ ഇത്തിരിക്കുഞ്ഞന്‍ വിരകളാണ് ഏറ്റവും അപകടകാരികള്‍. ചെറുകുടല്‍ ഭിത്തിയിലെ കോശങ്ങളാണ് ഇവയുടെ ആഹാരം. ചെറുകുടല്‍ഭിത്തിയില്‍ തുരന്നുകയറി ഇവര്‍ കുടല്‍ ഭിത്തിയുടെ പ്രധാന ഭാഗമായ മൂക്കോസയില്‍ ക്ഷതമുണ്ടാക്കും. ഇത് കുടല്‍ ഭിത്തിയില്‍ മുറിവുകള്‍ ഉണ്ടാവാനും രക്തസ്രാവത്തിനും കാരണമാവും. പണ്ടപ്പുഴു ബാധയില്‍ ചാണകത്തില്‍ രക്താശം കാണുന്നതിന് കാരണം ഇതാണ്.

കുടല്‍ ഭിത്തിയുടെ നാശം പോഷകാഗിരണം അടക്കമുള്ള ദഹനപ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കും. ക്രമേണ കുടല്‍ ഭിത്തിയുടെ കട്ടിയേറുകയും കുടല്‍ ഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രന്ഥികള്‍ക്ക് പോറലേല്‍ക്കുകയും ചെയ്യുന്നതോടെ ദഹനരസങ്ങളുടെ ഉല്‍പാദനം തടസ്സപ്പെടുകയും ദഹനപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ചെയ്യും. അതോടെ പശുക്കള്‍ മെലിച്ചില്‍, തീറ്റമടുപ്പ്, പാല്‍ ഉല്‍പ്പാദനം കുറയല്‍, ദുര്‍ഗന്ധത്തോട് കൂടിയ രൂക്ഷമായ വയറിളക്കം, ഇടവിട്ടുള്ള ഉദരകമ്പനം തുടങ്ങിയ ലക്ഷണങ്ങള്‍ ഓരോന്നായി കാണിച്ച് തുടങ്ങും.

ഇത് കൂടാതെ താടയില്‍ വീക്കം, രോമം കൊഴിച്ചില്‍, അനീമിയ അഥവാ വിളര്‍ച്ച, പാലുല്‍പ്പാദനം ഗണ്യമായി കുറയുന്നതിനൊപ്പം പാലിന്റെ റീഡിങ്ങിലും ഫാറ്റിലും കുറവ് സംഭവിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും കാണാം. പോഷകാഗികരണം തടസ്സപ്പെടുന്നത് പ്രത്യുല്‍പ്പാദനപ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കും. മദി ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കല്‍ തന്നെയാണ് ഇതിന്റെ പ്രധാന ഫലം. 

ക്രമേണ കുടലില്‍ നിന്ന് ആമാശയ അറയിലെത്തി (പണ്ടം) പൂര്‍ണവളര്‍ച്ചയെത്തുന്ന പണ്ടപ്പുഴുക്കള്‍ ഇത്രത്തോളം അപകടകാരികള്‍ അല്ലെങ്കിലും മെലിച്ചിലിനും വിളര്‍ച്ചക്കും രോമം കൊഴിച്ചിലിനും ഉത്പാദനക്കുറവിനും കാരണമാവും. ആദ്യ ഘട്ടത്തില്‍ തന്നെ കൃത്യമായി കണ്ടെത്തി മതിയായ ചികിത്സകള്‍ നല്‍കിയില്ലെങ്കില്‍ ദിവസങ്ങള്‍ കഴിയും തോറും പശു കൂടുതല്‍ ക്ഷീണിക്കുകയും ഒടുവില്‍ മരണം സംഭവിക്കുകയും ചെയ്യും. പണ്ടപ്പുഴു ബാധയേല്‍ക്കുന്ന കിടാരികളില്‍ മരണം സംഭവിക്കാന്‍ സാധ്യത ഏറെയാണ് .

എങ്ങനെ തിരിച്ചറിയാം

ചാണകപരിശോധന പണ്ടപ്പുഴു ബാധ തിരിച്ചറിയാന്‍ പ്രയോജനപ്പെടുത്താമെങ്കിലും രോഗബാധയുടെ ആദ്യഘട്ടത്തില്‍ ഫലപദമാവണമെന്നില്ല. കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിരകള്‍ പൂര്‍ണ വളര്‍ച്ചയെത്താത്തവയായതിനാല്‍ രോഗബാധയുടെ തുടക്കത്തില്‍ ചാണകത്തില്‍ വിരയുടെ മുട്ടകള്‍ ഉണ്ടാവില്ല. എന്നാല്‍ പശു രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. 

ഈ സാഹചര്യത്തില്‍ മുന്‍പ് സൂചിപ്പിച്ച ലക്ഷണങ്ങളെ തന്നെയാണ് പണ്ടപ്പുഴു ബാധ തിരിച്ചറിയാന്‍ കര്‍ഷകര്‍ക്ക് ആശ്രയിക്കാവുന്നത്. എന്നാല്‍ തീവ്രരോഗാവസ്ഥയില്‍ ചാണകത്തില്‍ ചെറിയ വിരകളെ കാണാനും കഴിയും. വിരകള്‍ വളര്‍ന്ന് ആമാശയ അറകളില്‍ എത്തുന്നതോടെ ചാണകത്തില്‍ വിരമുട്ടകള്‍ കണ്ടുതുടങ്ങും. അതിനാല്‍ നീണ്ട് നില്‍ക്കുന്ന രോഗാവസ്ഥയില്‍ ചാണക പരിശോധന വഴി പണ്ടപ്പുഴു ബാധ തിരിച്ചറിയാന്‍ സഹായിക്കും.

ആംഫിസ്റ്റോമിനെ അകറ്റിനിര്‍ത്താന്‍

ലക്ഷണങ്ങളില്‍ ഏതെങ്കിലും വഴി പണ്ടപ്പുഴു ബാധ സംശയിക്കുകയാണങ്കില്‍ ചികിത്സക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ചാണക പരിശോധനയും നടത്താം. ഉരുളന്‍ വിരകള്‍ക്കും നാടവിരകള്‍ക്കുമെതിരെ സാധാരണ നല്‍കുന്ന വിരഗുളികള്‍ പണ്ടപ്പുഴുവിനെതിരെ ഫലിക്കണമെന്നില്ല. ഓക്‌സിക്ലോസനൈഡ്, നിക്ലോസമൈഡ്, ക്ലൊസാന്റല്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകളാണ് പണ്ടപ്പുഴുക്കള്‍ക്കും അവയുടെ ലാര്‍വകള്‍ക്കെതിരെയും ഏറ്റവും ഫലപ്രദം. ആംഫിസൈഡ്, നിയോസൈഡ്, നിയോസൈഡ് പ്ലസ്, ഫാസിനില്‍, ഡിസ്റ്റോഡിന്‍, സൈക്ലോസ് തുടങ്ങിയ പേരുകളില്‍ വിപണിയില്‍ ഇവ ലഭ്യമാണ്.

പാടശേഖരങ്ങളോട് ചേര്‍ന്ന് വളര്‍ത്തുന്നതും പാടത്തും വെള്ളകെട്ടുകളോട് ചേര്‍ന്നും വളരുന്ന പുല്ല് സ്ഥിരമായി നല്‍കുന്നതുമായ പശുക്കള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പണ്ടപ്പുഴുവിനെ തടയുന്ന മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കാവുന്നതാണ്. പണ്ടപ്പുഴുവിനെ തടയുന്ന ഗുളികകള്‍ ഗര്‍ഭിണി പശുക്കള്‍ക്ക് നല്‍കാമോ എന്നൊരു സംശയം ക്ഷീര കര്‍ഷകരില്‍ ചിലര്‍ക്കെല്ലാമുണ്ട്. ഈ മരുന്നുകള്‍ ഗര്‍ഭിണിപശുക്കള്‍ക്ക് നല്‍കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്.

ഫാമില്‍ മൂന്ന് മാസത്തെ ഇടവേളകളില്‍ ചാണക പരിശോധന നടത്തണം. വിരബാധയ്ക്കെതിരെ പശുക്കള്‍ക്കും കിടാക്കള്‍ക്കും കിടാരികള്‍ക്കും ഒരേ സമയം മരുന്നുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ചാണകം പറ്റിയ തീറ്റപ്പുല്ലുകള്‍ പശുക്കള്‍ തിന്നാതിരിക്കാന്‍ ശ്രദ്ധിക്കണം. 

പണ്ടപ്പുഴുവിന്റെ മധ്യവാഹകരായ ഒച്ചുകളുടെ നിയന്ത്രണമാണ് രോഗം തടയാനുള്ള മറ്റൊരു മാര്‍ഗം. തീറ്റപുല്‍ കൃഷിയിടങ്ങളില്‍ ഒച്ചുകളെ നിയന്ത്രിക്കുന്നതിനായി പുകയിലസത്ത് കോപ്പര്‍ സള്‍ഫേറ്റ് ലായനിയുമായി ( തുരിശ്) ചേര്‍ത്ത് തളിയ്ക്കാം. ഇതിനായി ഒന്നരലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം പുകയിലയിട്ട് തിളപ്പിച്ച് ഒരു ലിറ്ററാക്കി കുറുക്കണം. 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളവുമായി ലയിപ്പിച്ച ലായനി തണുത്ത പുകയില ലായനിയില്‍ കൂട്ടിച്ചേര്‍ക്കണം. ഇത് തീറ്റപ്പുല്‍ കൃഷിയിടത്തില്‍ തളിയ്ക്കാം. 

പാടത്തും പറമ്പിലും കോഴികളെയോ താറാവിനെയോ മേയാന്‍ വിട്ട് വളര്‍ത്തുക എന്നതും ഒച്ചുകളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. എന്നാല്‍ വലിയ പാടശേഖരങ്ങളിലും വെള്ളക്കെട്ടുകളോട് ചേര്‍ന്നുമെല്ലാം കാണപ്പെടുന്ന ഒച്ചുകളെ പൂര്‍ണമായും നിയന്ത്രിക്കുക എന്നത് പലപ്പോഴും പ്രായോഗികമാവണമെന്നില്ല. ഈ സാഹചര്യത്തില്‍ ഒച്ചുകളുടെ സാന്നിധ്യം ഏറെയുള്ള പ്രദേശത്ത് പശുക്കളെ മേയാന്‍ വിടാതിരിക്കുക എന്നതാണ് കര്‍ഷകര്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗം. ഒപ്പം ഇവിടെ നിന്നുള്ള തീറ്റപ്പുല്ലും പരമാവധി ഒഴിവാക്കണം. 

ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) നിരീക്ഷിക്കാനും മുന്‍കരുതല്‍ എന്ന നിലയില്‍ ആന്തര പരാദങ്ങള്‍ക്കെതിരെ പ്രതിരോധിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കാനും മറക്കരുത്. ഒരാഴ്ചത്തെ ഇടവേളകളില്‍ വിരകളെ പ്രതിരോധിക്കുന്ന രണ്ട് തരത്തിലുള്ള മരുന്നുകള്‍ നല്‍കാം. ഉദാഹരണമായി അന്തരവിരകള്‍ക്കെതിരെ പൊതുവായി നല്‍കാവുന്ന ഫെര്‍ബന്‍ഡസോള്‍ എന്ന മരുന്ന് ആദ്യം നല്‍കി പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പണ്ടപ്പുഴുക്കളെ തടയുന്ന ഒക്‌സിക്ലോസനൈഡ് മരുന്നുകള്‍ നല്‍കാം.

പുതുതായി ഫാമിലേക്ക് എത്തുന്ന പശുക്കളുടെ ചാണക പരിശോധന നടത്തുന്നതും ഉചിതമാണ് . ചാണകത്തില്‍ വിരയുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.

Content Highlights: How to Prevent Amphistome infections in cows