വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ നിന്നു പുതുമഴയുടെ കുളിര്‍മയിലേക്കും പിന്നീട് തോരാത്ത പെരുമഴയിലേക്കും കാലാവസ്ഥ മാറുന്ന സമയത്ത് കന്നുകാലികളുടെ പരിപാലനത്തിലും ഏറെ ശ്രദ്ധ നല്‍കണം. കടുത്ത ചൂടില്‍ നിന്നും മഴയിലേക്കുള്ള മാറ്റത്തിന്റെ സമയം മൃഗങ്ങള്‍ക്ക് സമ്മര്‍ദ്ദാവസ്ഥയാണ്. രോഗപ്രതിരോധശേഷി കുറയുമെന്നതിനാല്‍ രോഗങ്ങള്‍ തലപൊക്കിത്തുടങ്ങുന്നു. ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥ രോഗാണുക്കള്‍ക്കും രോഗവാഹകര്‍ക്കും നല്ല കാലമാണ്. 

കുരലടപ്പന്‍ (HS) എന്ന ബാക്ടീരിയ രോഗമാണ് മഴക്കാല രോഗങ്ങളില്‍ മുഖ്യം. പാസ്ചറെല്ല എന്ന ബാക്ടീരിയ ശരീരം സമ്മര്‍ദ്ദത്തിലായി രോഗപ്രതിരോധശേഷി കുറയുന്ന അവസരങ്ങളില്‍ തീവ്രരോഗത്തിനു കാരണമാകുന്നു. അതിനാല്‍ കാലാവസ്ഥാ മാറ്റങ്ങളുടെ സമയത്ത് ഈ രോഗം കൂടുതലായി കാണപ്പെടുന്നു. പശു, എരുമ, ആട്, പന്നി എന്നിവയെ ഈ രോഗം ബാധിക്കും. സമാനമായ രോഗാവസ്ഥ മുയലുകളില്‍ കാണപ്പെടാറുണ്ട്. ശക്തമായ പനി, കീഴ്ത്താടിക്കും തൊണ്ടയ്ക്ക് ചുറ്റും നീര്‍ക്കെട്ട്, പാലുല്പാദനത്തില്‍ കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. സ്ഥിരമായി ഈ രോഗബാധയുള്ള സ്ഥലങ്ങളില്‍ മഴക്ക് മുന്‍പേ തന്നെ പ്രതിരോധകുത്തിവെയ്പുകള്‍ എടുക്കണം. സമീപസ്ഥലങ്ങളില്‍ രോഗബാധയുണ്ടെങ്കിലും വാക്സിന്‍ എടുക്കണം. മൃഗാശുപത്രികളില്‍ സൗജന്യ കുത്തിവയ്പിനുള്ള സൗകര്യം ലഭ്യമാണ്. തൊഴുത്തിലും മറ്റും ശരിയായ വായുസഞ്ചാരം ഉറപ്പാക്കണം. 

ആദ്യമഴയോടെ മുടന്തും പനിയും രോഗലക്ഷണങ്ങളായി മുടന്തന്‍ പനിയെത്തും. മൂന്നു ദിവസം നീളുന്ന ലക്ഷണങ്ങളുള്ള എഫിമെറല്‍ ഫീവറാണിത്. സാന്‍ഡ് ഫ്ളൈ ഇനത്തില്‍പ്പെട്ട ഈച്ചകള്‍ പരത്തുന്ന വൈറസ് രോഗമാണിത്. ശരീര പേശികളെ ബാധിക്കുന്നതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ട്, ശരീരം വിറയ്ക്കല്‍, തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. പാലുല്പാദനം നന്നേ കുറയും. പ്രതിരോധ കുത്തിവെയ്പ് ലഭ്യമല്ല. ചികിത്സവഴി രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാം. ഈച്ചകളെ നിയന്ത്രിക്കുന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗ്ഗം. ആട്, പന്നി എന്നിവയെ ഈ രോഗം ബാധിക്കാറില്ല. രോഗാവസ്ഥയില്‍ ദ്രാവകരൂപത്തിലുള്ള തീറ്റയും മറ്റും വായില്‍ ഒഴിച്ചുകൊടുക്കുന്നത് ഒഴിവാക്കണം.  

ക്ഷീരകര്‍ഷകരുടെ ദുസ്വപ്നങ്ങളായ കുളമ്പു രോഗം, അകിടുവീക്കം എന്നിവയ്ക്കെതിരായും മുന്‍കരുതല്‍ വേണം. കുളമ്പുരോഗത്തനെതിരെ പ്രതിരോധ കുത്തിവെയ്പ് നല്‍കണം. പരിപാലനത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വമാണ് അകിടുവീക്കത്തിനുള്ള പ്രതിരോധ മാര്‍ഗ്ഗം. മഴയോടുകൂടി കാലിത്തൊഴുത്തിന്റെ അവസ്ഥയും മോശമാകാറുണ്ട്. വൃത്തിഹീനമായ തൊഴുത്ത്, അകിട്വീക്കത്തിന് കാരണമാകും. അകിടില്‍ പാല്‍ കെട്ടി നില്‍ക്കാതെ പൂര്‍ണ്ണായി കറന്നെടുക്കുക. വൃത്തിയുള്ള കറവക്കാരന്‍, കറവയ്ക്ക് മുമ്പ് പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ അകിട്  കഴുകി തുടയ്ക്കുകയും കറവശേഷം                                      മുലക്കാമ്പുകള്‍ പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ മുക്കുകയും ചെയ്യണം. കറവശേഷം ചുരുങ്ങിയത് ഇരുപതു മിനിറ്റ് നേരത്തേക്കെങ്കും പശുക്കള്‍ നിലത്തു കിടക്കാത്തവിധം പുല്ല്, വൈക്കോല്‍, ഇവ തിന്നാന്‍ നല്‍കുക എന്നിവയാണ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍.  

ഈര്‍പ്പമേറിയ കാലാവസ്ഥയില്‍ കാലിത്തീറ്റ, പിണ്ണാക്ക്, തവിട്, വൈക്കോല്‍ തുടങ്ങിയവയില്‍ പൂപ്പല്‍ വളര്‍ച്ചയുണ്ടാവുകയും അത് പശുക്കളില്‍ വിഷബാധയ്ക്ക് കാരണമാവുകയും ചെയ്യും. കാലിത്തീറ്റച്ചാക്കുകള്‍ ഈര്‍പ്പം തട്ടാത്ത വിധം ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കണം. വൃത്തിയുള്ള ഉണങ്ങിയ പാത്രങ്ങളില്‍ പതിവായി തീറ്റ നല്‍കണം. ഈര്‍പ്പമുള്ള പഴകിയ പൂപ്പല്‍ ബാധ സംശയിക്കുന്ന തീറ്റകള്‍ പശുക്കള്‍ക്ക് നല്‍കരുത്. കറവപ്പശുക്കളിലും എരുമകളിലും കാണപ്പെടാറുള്ള കാലിലെ ചൊറി രോഗം മഴക്കാലത്ത് കാണപ്പെടാം. അന്തരീക്ഷത്തിലേയും തൊഴുത്തിലേയും ഉയര്‍ന്ന ഈര്‍പ്പമാണ് രോഗബാധ അധികമാവാനുള്ള കാരണം. 

മഴക്കാലത്ത് പച്ചപ്പുല്ല് തഴച്ചു വളരുമെങ്കിലും അമിതമായി പെട്ടെന്ന് നല്‍കിയാല്‍ ദഹനക്കേടും, വയറിളക്കവും ഉണ്ടാകും. വൈക്കോല്‍ ചേര്‍ത്ത് നല്‍കുന്നത് നല്ലത്. വെയില്‍ ലഭിക്കുന്നതനുസരിച്ച്  ചെറുതായി വാട്ടി നല്‍കുക. ഇളംപുല്ലില്‍ മഗ്‌നിഷ്യം കുറവും, നൈട്രജന്‍ കൂടുതലുമായതിനാല്‍ ഇത് ധാരാളം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മഗ്‌നിഷ്യം സള്‍ഫേറ്റ് തീറ്റയില്‍ നല്‍കാം.  അമിതമായി മഴ നനയുന്നതും, തൂവാനമേല്‍ക്കുന്നതും  ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മഴ കുറവായ ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവരുന്ന ജമ്നപാരി പോലെയുള്ള ആടിനങ്ങള്‍ക്ക് അന്തരീക്ഷ ഈര്‍പ്പം പ്രശ്നമാകും.  വൃത്തിഹീനമായ, ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം കിടാവുകളില്‍ വയറിളക്കത്തിന് കാരണമായേക്കാം. കെട്ടിക്കിടക്കുന്ന ചെളിവെള്ളം എലിപ്പനിയ്ക്കും ഈര്‍പ്പമേറിയ ചുറ്റുപാടുകള്‍ പരാദബാധയ്ക്കുമൊക്കെ കാണമാകും. 

കന്നുകാലികളില്‍ മഴക്കാലം രോഗകാലമാകാനുള്ള മുഖ്യ കാരണം മഴയുടെ ആരംഭത്തിലുണ്ടാകുന്ന ഉയര്‍ന്ന ചൂടും, കൂടിയ അന്തരീക്ഷ ഈര്‍പ്പവും ചേര്‍ന്ന കാലാവസ്ഥ മൂലമാണ്. അതിനാല്‍ ഈ സമയത്ത് തൊഴുത്തില്‍ കൃത്യമായി വായുസഞ്ചാരം ഉറപ്പാക്കണം. മഴയെ ചെറുക്കാന്‍ തൊഴുത്ത് മുഴുവന്‍ മൂടിക്കെട്ടുന്നത് അപകടമെന്നര്‍ത്ഥം. മഴയില്‍ നിന്നും സംരക്ഷണം നല്‍കുന്നതോടൊപ്പം സുഗമമായ വായു സഞ്ചാരം ഉറപ്പാക്കുന്ന തൊഴുത്താണ് നല്ലത്. തൊഴുത്തിന്റെ തറയില്‍ മൂത്രവും ചാണകവും കുളിപ്പിച്ച വെള്ളവും മഴവെള്ളവുമൊക്കെ കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കണം. തറയിലെ കുണ്ടും കുഴിയും അറ്റകുറ്റപണികള്‍ നടത്തിവേണം മഴയെ വരവേല്‍ക്കാന്‍. 

കുമ്മായം, ബ്ലീച്ചിങ്ങ് പൗഡര്‍, ഡെറ്റോള്‍ ഇവയേതെങ്കിലും ഉപയോഗിച്ച് ആഴ്ചയിലൊരിക്കലെങ്കിലും തൊഴുത്ത് വൃത്തിയാക്കണം. ചാണക്കുഴികളില്‍ കുമ്മായം വിതറണം. പെണ്ണീച്ചകള്‍ മുട്ടയിടുന്ന മാലിന്യങ്ങള്‍, ചാണകം ഇവ ശരിയായി സംസ്‌ക്കരിക്കണം. ബ്യൂട്ടോക്സ്, ഫ്ളൈകില്‍ തുടങ്ങിയ മരുന്നുകള്‍  നേര്‍പ്പിച്ച് ദേഹത്തിലും തൊഴുത്തിലും തളിച്ച് ഈച്ചകളെ നിയന്ത്രിക്കണം. ശരീരത്തിലും, പാദത്തിലും, കുളമ്പുകളിലുമുള്ള മുറിവുകള്‍, വ്രണങ്ങള്‍ ഇവ ശരിയായി ചികിത്സിക്കണം.  ഈച്ച കടിച്ച ഭാഗങ്ങളില്‍ വേപ്പെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്ത് പുരട്ടാം. കുളമ്പുകള്‍ക്കിടയിലെ വ്രണങ്ങളില്‍ ഹൈമാക്സ്, ലോറെക്സൈയിന്‍ ലേപനങ്ങളോ ടോപിക്യൂര്‍ പോലെയുള്ള സ്പ്രേകളോ പ്രയോഗിക്കാം. 

മഴയുടെ തുടക്കത്തില്‍ ഉയര്‍ന്ന ചൂടിനൊപ്പം ഈര്‍പ്പവും ചേരുന്നതോടെ പാലുല്പാദനം കുറഞ്ഞേക്കാം. പിന്നീട് പാലുല്പാദനം വര്‍ദ്ധിക്കുന്നതോടെ നല്‍കുന്ന തീറ്റയിലും വര്‍ദ്ധന വരുത്തണം.  മിനറല്‍ മിക്സചര്‍ ചേര്‍ത്ത് തീറ്റ ബാലന്‍സ് ചെയ്യണം. ശരിയായ തീറ്റക്രമവും, ഈര്‍പ്പം നില്‍ക്കാത്ത പരിസരവും ഉറപ്പാക്കിയാല്‍ മഴക്കാല രോഗങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാം. രോഗപ്രതിരോധ കുത്തിവയ്പുകള്‍ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് മഴ തുടങ്ങുന്നതിനു മുന്‍പേ നല്‍കാനും ശ്രദ്ധിക്കണം.

Content Highlights: How to care for cows in Monsoon Season