താരതമ്യേനെ കുറഞ്ഞ മുതല്‍ മുടക്കും ആവര്‍ത്തനച്ചെലവുകളും ആര്‍ക്കും ഏറെ എളുപ്പമായ പരിപാലനരീതികളുമെല്ലാം ആടുകൃഷിയെ ആകര്‍ഷകമാക്കുന്നു. ആടുകളുടെ ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും സന്താനസമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചനിരക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷിയുമെല്ലാം ആടുസംരംഭകര്‍ക്ക് ആദായം നേടിനല്‍കും.

തുടങ്ങാം, ഒരു പ്രജനന യൂണിറ്റായി

പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനന യൂണിറ്റായിവേണം ഫാമിനെ ചിട്ടപ്പെടുത്തേണ്ടത്. 20-25 വരെ പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് ലിംഗാനുപാതം. മലബാറി ആടുകളെയോ, മലബാറി പെണ്ണാടുകളെ ജമുനാപാരി, ബീറ്റാല്‍, സിരോഹി തുടങ്ങിയ ആടു ജനുസ്സുകളുമായി പ്രജനനം നടത്തിയുണ്ടായ മികച്ച വളര്‍ച്ചയുള്ള ഒന്നാം തലമുറയില്‍പ്പെട്ട സങ്കരയിനം ആടുകളെയോ വളര്‍ത്താനായി തിരഞ്ഞെടുക്കാം. കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചനിരക്ക്, പരിപാലനച്ചെലവ്, പ്രത്യുത്പാദനക്ഷമത എന്നിവയെല്ലാം ഒരുമിച്ചുപരിഗണിക്കുമ്പോള്‍ മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളുംതന്നെയാണ് ഒരുപടി മുന്നില്‍.

കൂടിനധികം മോടി വേണ്ടാ

ആടുകളെക്കാള്‍ കൂടുകള്‍ക്ക് മുതല്‍മുടക്കുന്ന പ്രവണത ആടുവളര്‍ത്തല്‍ സംരംഭങ്ങളെ പരാജയത്തില്‍കൊണ്ടെത്തിക്കും. കൂടിനുള്ള മുതല്‍മുടക്ക് സംരംഭത്തിന്റെ മൊത്തം ബജറ്റിന്റെ ഇരുപതുശതമാനത്തില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയണം. പ്രതികൂലകാലാവസ്ഥയില്‍നിന്നും ഇരപിടിയന്‍ ജീവികളില്‍നിന്നും സംരക്ഷണമുറപ്പാക്കുന്ന കൂടുകള്‍ മതി. ഒരു പെണ്ണാടിന് പത്തു ചതുരശ്ര അടിയും മുട്ടനാടിന് 25 ചതുരശ്ര അടിയും കുട്ടികള്‍ക്ക് അഞ്ച് ചതുരശ്ര അടിയും സ്ഥലം കൂട്ടില്‍ ഉറപ്പാക്കണം. ഇരുപതുമുതല്‍ മുപ്പതുവരെ ആടുകളെ വളര്‍ത്താവുന്ന ഇടത്തരം കൂടുകളാണെങ്കില്‍ കൂടിന്റെ പ്ലാറ്റ്ഫോം തറനിരപ്പില്‍നിന്നും ഒരുമീറ്റര്‍ ഉയരത്തില്‍ പണിയണം. വലിയ കൂടുകളാണെങ്കില്‍ ഒരാള്‍ക്ക് കൂടിനടിയിലൂടെ നിവര്‍ന്നുനടക്കാനും കൂടിനടി വൃത്തിയാക്കാനും കഴിയുന്നവിധം 1.8 മീറ്റര്‍ ഉയരത്തില്‍ പ്ലാറ്റ്ഫോം പണിയുന്നതാണ് അഭികാമ്യം.

തീറ്റ മുടങ്ങാതിരിക്കാന്‍

ഫാം ആരംഭിക്കുന്നതിനുമുമ്പായി തീറ്റപ്പുല്‍ക്കൃഷി ആരംഭിക്കേണ്ടതും വൃക്ഷവിളകള്‍ നട്ടുവളര്‍ത്തേണ്ടതും ആടുകള്‍ക്ക് സമൃദ്ധമായ തീറ്റ ഉറപ്പുവരുത്തുന്നതിന് പ്രധാനമാണ്. മുതിര്‍ന്ന ഒരാടിന് ദിവസം 3-5 കിലോ പച്ചപ്പുല്ലോ അല്ലെങ്കില്‍ 2-3 കിലോ പച്ചിലകളോ തീറ്റയായിനല്‍കണം. സി.ഒ. 3, സി.ഒ. 5, സൂപ്പര്‍ നേപ്പിയര്‍ തുടങ്ങിയ സങ്കരയിനം നേപ്പിയറുകള്‍, ഗിനി, കോംഗോ സിഗ്‌നല്‍ തുടങ്ങിയവയെല്ലാം ആടുകള്‍ക്ക് അനുയോജ്യമായ തീറ്റപ്പുല്ലിനങ്ങളാണ്. വന്‍പയര്‍, തോട്ടപ്പയര്‍, സ്‌റ്റൈലോസാന്തസ്, സെന്റ്രോസീമ (പൂമ്പാറ്റപ്പയര്‍) തുടങ്ങിയ പയര്‍വര്‍ഗ ചെടികളും സുബാബുള്‍ (പീലിവാക), മള്‍ബറി, മുരിക്ക്, മുരിങ്ങ, വേങ്ങ, അഗത്തി തുടങ്ങിയ വൃക്ഷവിളകളും തീറ്റപ്പുല്ലിനൊപ്പം നട്ടുപിടിപ്പിച്ചാല്‍ പോഷകസമൃദ്ധമായ തീറ്റ മുടക്കമില്ലാതെ ആടിന് ഉറപ്പാക്കാം.

വിപണനം

മൂന്നുമാസം പ്രായമെത്തിയാല്‍ കുഞ്ഞുങ്ങളെ ശരീരതൂക്കം നോക്കി വിപണനം നടത്താം. കുഞ്ഞുങ്ങളില്‍ ഏറ്റവുംവളര്‍ച്ചനിരക്കുള്ളവയെ തിരഞ്ഞെടുത്ത് അടുത്ത ബ്രീഡിങ് സ്റ്റോക്കായി വളര്‍ത്താം. ഇറച്ചിക്കായി വളര്‍ത്തുന്ന ആടുകളെ ഒരു വയസ്സെത്തുന്നതിനുമുമ്പേ മാംസവിപണിയില്‍ എത്തിക്കുന്നതാണ് സംരംഭകന് ലാഭകരം. ആട്ടിന്‍പാലിനും മികച്ച വിപണിയുണ്ട്. ആട്ടിന്‍കാട്ടവും മൂത്രവും കൃഷിയിടത്തില്‍ ജൈവവളമായി ഉപയോഗിക്കാം, വിപണനവും നടത്താം.

മാരക സാംക്രമികവൈറസ് രോഗമായ ആടുവസന്തക്കെതിരായ (പി.പി.ആര്‍.) പ്രതിരോധ കുത്തിവെപ്പ് ആടുകള്‍ക്ക് നാലുമാസം പ്രായമെത്തുമ്പോള്‍ നല്‍കണം. തുടര്‍ന്ന് വര്‍ഷംതോറും കുത്തിവെപ്പ് ആവര്‍ത്തിക്കണം. ആടുകളെ ഇന്‍ഷുര്‍ചെയ്ത് സാമ്പത്തികസുരക്ഷിതമാക്കാന്‍ മറക്കരുത്.

വിവരങ്ങള്‍ക്ക്: 7902997522.

Content Highlights: How to become a successful Goat Farmer