പ്രകൃതിദത്ത അന്തരീക്ഷത്തില്‍ കോഴികളെ വളര്‍ത്തുകയാണ് കോഴിക്കോട് ഇയ്യാട് കുറുങ്ങോട്ട് അബ്ദുറഹ്മാന്‍. സങ്കരയിനമായ ഗ്രാമശ്രീ ഇനം കോഴികള്‍ ആയിരത്തില്‍പ്പരം അദ്ദേഹത്തിന്റെ അല്‍ബലാഹ് ഓര്‍ഗാനിക് മിനിഫാമില്‍ വളരുന്നു. അതോടൊപ്പം കരിങ്കോഴി, താറാവ് എന്നിവയുമുണ്ട്.
കോഴിക്കോട് ചാത്തമംഗലത്തെ റീജ്യണല്‍ പൗള്‍ട്രി ഫാമില്‍നിന്ന് ഒരുദിവസം പ്രായമുള്ളവയെയാണ് ഇവിടെ കൊണ്ടുവരുന്നത്. നാടന്‍ കോഴികളുടെ ഇറച്ചിക്ക് തുല്യമായ രുചിയും മാര്‍ദവവും കുറഞ്ഞ കൊഴുപ്പുമാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. വീട്ടില്‍ മുട്ടയാവശ്യത്തിന് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് ഒരു മാസം പ്രായമുള്ള പിടക്കോഴികളെ വില്‍ക്കുന്നു. അവശേഷിക്കുന്ന പൂവന്‍കോഴികളെ മൂന്നുമാസം മുതല്‍ പ്രായത്തില്‍ ഇറച്ചി ആവശ്യത്തിനും വില്‍ക്കുന്നു.
വിശാലമായ സ്ഥലസൗകര്യമുള്ളതിനാല്‍ മണ്ണില്‍ ചികഞ്ഞും കൊത്തിപ്പെറുക്കിയും സൂര്യപ്രകാശത്തിലാണ് കോഴികള്‍ ഇവിടെ വളരുന്നത്. മണ്ണില്‍ ഗോതമ്പ്, അരി, ഏതെങ്കിലും ചെടികളുടെ ഭാഗങ്ങള്‍ എന്നിവ നുറുക്കിയത് എപ്പോഴും വിതറിയിരിക്കും. അതോടൊപ്പം കോഴിത്തീറ്റ പ്രത്യേകം പാത്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. തന്റെ വാഴത്തോട്ടത്തിനോടുചേര്‍ന്ന് ഫാം സ്ഥിതിചെയ്യുന്നതിനാല്‍ വാഴയുടെ വിവിധഭാഗങ്ങള്‍ ധാരാളം ഭക്ഷണമായി നല്‍കുന്നു. നാരുള്ള തീറ്റ വളരെ പ്രധാനമാണ്. സമീപത്തെ ഹോട്ടലില്‍ അവശേഷിക്കുന്ന ചോറ്, അവില്‍ മില്ലില്‍നിന്നുള്ള അവശിഷ്ടം, എന്നിവയും തീറ്റയായി നല്‍കുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കാന്‍ വീണ്ടും വീണ്ടും നിറയുന്ന തരത്തില്‍ കുടിവെള്ളപാത്രവും സ്ഥാപിച്ചിട്ടുണ്ട്. സന്ധ്യയായാല്‍ കോഴികള്‍ തനിയെ കൂട്ടില്‍ക്കയറി വിശ്രമിക്കുകയും രാവിലെ പുറത്തിറങ്ങുകയും ചെയ്യും. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യുത്പാദനശേഷിയുള്ള ഈ മുട്ടക്കോഴിയിനത്തിന് ശരാശരി ഭാരം ഒന്നരക്കിലോഗ്രാമാണ്. 160 ദിവസംകൊണ്ട് മുട്ടയിട്ടുതുടങ്ങുന്ന ഇവ വര്‍ഷത്തില്‍ 200 മുട്ടകള്‍വരെ തരും.
മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് വികസിപ്പിച്ച ഈയിനത്തിന്റെ മുട്ടയ്ക്ക് തവിട്ടുനിറവും 50 ഗ്രാം ഭാരവും താരതമ്യേന ഉറപ്പുള്ള പുറംതോടുമുണ്ട്. കൂട്ടിലോ പുറത്തോ വളര്‍ത്താവുന്ന ഇനമാണിത്. മറ്റിനങ്ങളെ അപേക്ഷിച്ച് ഇതിന് കുറഞ്ഞ ശ്രദ്ധമതിയെന്നത് സൗകര്യപ്രദമാകുന്നു.
അബ്ദുറഹ്മാന്‍ ഫോണ്‍: 9645207497