വീട്ടില്‍ വളര്‍ത്തുന്ന വിദേശ ഇനം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഇന്ത്യന്‍ വിപണിയിലുള്ളവയില്‍ പലതിനും വംശനാശ ഭീഷണി നേരിടുകയും നിയമാനുസൃതമല്ലാത്ത വേട്ടയാടലുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലുമാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടാതെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗങ്ങള്‍ക്കും ഒരു പരിധി വരെ തടയിടാനാവുമെന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം.

കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് എന്‍ഡെന്‍ജേര്‍ഡ് സ്പീഷിസിന്റെ ആദ്യ മൂന്ന് ഷെഡ്യൂളില്‍പ്പെട്ട വിദേശ ഇനങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം. ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, സ്‌കാര്‍ലെറ്റ് മക്കാവ്, ഗ്രീന്‍വിങ്ഡ് മക്കാവ്, ബ്ലൂ ഗോള്‍ഡ് മക്കാവ്, ഇഗ്വാന, മാര്‍മൊ സെറ്റ് മങ്കി, സണ്‍ കോന്യൂര്‍ തുടങ്ങിയവ പട്ടികയില്‍ ഉള്‍പ്പെടും. ഇവയെ നിയമാനുസൃതം കൈവശം വയ്ക്കാമെങ്കിലും നാളിതുവരെയും ഇവയുടെ കൃത്യമായ രേഖകള്‍ വകുപ്പ് സൂക്ഷിച്ചിരുന്നില്ല.

തദ്ദേശീയമായി കാണപ്പെടുന്ന പക്ഷികള്‍, മൃഗങ്ങള്‍, ഉരഗവര്‍ഗ ജീവികള്‍ എന്നിവ വളര്‍ത്താന്‍ ഇന്ത്യന്‍ വന്യജീവി സംരക്ഷണം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദേശ ഇനങ്ങള്‍ക്ക് ഇവിടെ പ്രചാരമേറിയത്. വിദേശ ഇനങ്ങളെ വില്‍ക്കുന്നതിനും വളര്‍ത്തുന്നതിനും ഇതുവരെ നിയന്ത്രണങ്ങളില്ലായിരുന്നു. നിയമവിധേയമായും അല്ലാതെയും എത്തുന്നവയുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് വകുപ്പിന്റെ തീരുമാനം. പുതുതായി വാങ്ങുന്നതിന്റെ മാത്രമല്ല കൈവശം സൂക്ഷിച്ചിരിക്കുന്നവയുടെയും വിവരങ്ങളാണ് നല്‍കേണ്ടത്.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇറക്കുമതി ചെയ്തതാണോ വാങ്ങിയതാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ജീവികള്‍ക്ക് യാതൊരു രോഗവും ഇല്ലെന്നും ഉറപ്പുവരുത്തണം. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാന്‍ പ്രത്യേക അനുമതി വാങ്ങണം. ഇവയുടെ കുഞ്ഞുങ്ങളുടെ ഉടമസ്ഥാവകാശവും ചേര്‍ക്കണം.

രജിസ്‌ട്രേഷന്‍ നടത്താതെ ഇവയെ കൈവശം വെച്ചാലും വില്പന നടത്തിയാലും വനം വകുപ്പ് നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ ആയിട്ടാണ് രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്.

Content Highlights: Govt to mandate Registration for imported exotic animals