ക്വാറന്റീന്‍ എന്ന വാക്കിനെയും പ്രാധാന്യത്തെയും ഇന്ന് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. പുതിയ ആടുകളെ ഫാമിലേക്ക് ആടുകളെ കൊണ്ട് വരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും മുഖ്യ ഷെഡിലെ ആടുകള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിച്ച് ക്വാറന്റീന്‍ നല്‍കേണ്ടത് സാംക്രമിക പകര്‍ച്ചവ്യാധികളെ  പ്രതിരോധിക്കാന്‍ പ്രധാനമാണ്. മുഖ്യഷെഡ്ഡിന് ചുരുങ്ങിയത് 100 - 200 മീറ്റര്‍ അകലെയോ അല്ലെങ്കില്‍ മറ്റൊരിടത്തോ ക്വാറന്റീന്‍ ഷെഡ്ഡുകള്‍ പണികഴിപ്പിക്കാം. ആടുവസന്ത/ പി.പി.ആര്‍, ഓര്‍ഫ്, കുരലടപ്പന്‍ തുടങ്ങിയ സാംക്രമിക  വ്യാധികളെയെല്ലാം ആട് ഫാമിന് പുറത്ത് നിര്‍ത്താന്‍ ക്വാറന്റീന്‍ (പ്രത്യേകം മാറ്റിപ്പാര്‍പ്പിക്കല്‍) രീതിയോളം മികച്ച മറ്റൊരു ജൈവസുരക്ഷാ മാര്‍ഗ്ഗമില്ല.

പുതുതായി കൊണ്ടുവന്ന ആടുകള്‍ക്ക് ക്വാറന്റീന്‍ കാലയളവില്‍ ആന്തരിക വിരകള്‍ക്കും ബാഹ്യപരാദങ്ങള്‍ക്കുമെതിരായ  മരുന്നുകള്‍ നല്‍കണം. ഒരാഴ്ചത്തെ ഇടവേളകളില്‍ രണ്ട് തരം ആന്തര പരാദനാശിനികള്‍ ഉപയോഗിച്ച് വിരയിളക്കുന്നത്  നല്ലതാണ്. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ പ്രയോഗിക്കേണ്ടതും മുഖ്യം തന്നെ. ക്വാറന്റീനില്‍ പാര്‍പ്പിച്ച ആടുകളെ മറ്റ് ആടുകള്‍ക്കൊപ്പം മേയാന്‍ വിടരുത്. മറ്റാടുകളുമായി സമ്പര്‍ക്കം ഉണ്ടാവാനിടയുള്ള എല്ലാ സാഹചര്യങ്ങളും  തടയണം. അനാപ്ലാസ്മ, തൈലേറിയ തുടങ്ങിയ രോഗങ്ങള്‍, രക്തപരാദ രോഗങ്ങള്‍ ഇന്ന് ആടുകളിലും വ്യാപകമായി കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പുതുതായി കൊണ്ടുവരുന്ന ആടുകളുടെ  രക്തപരിശോധന നടത്താവുന്നതാണ്. 

ആടുവസന്ത, കുരലടപ്പന്‍, എന്ററോടോക്‌സിമിയ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ നല്‍കാത്ത ആടുകള്‍ ആണെങ്കില്‍ ക്വാറന്റീന്‍ കാലയളവ്  അവസാനിക്കുന്നതിന് എല്ലാ പ്രതിരോധ  കുത്തിവെയ്പുകളും നല്‍കണം. പുതിയ തീറ്റകള്‍ ഘട്ടം ഘട്ടമായി നല്‍കി ക്വാറന്റീന്‍ കാലയളവില്‍ ആടുകളെ ശീലിപ്പിക്കാം. പ്രോബയോട്ടിക് യീസ്റ്റ് (ഫീഡ് അപ് യീസ്റ്റ്) പോലുള്ള ദഹന സഹായ മിത്രാണു മിശ്രിതങ്ങളും കരള്‍ ഉത്തേജന മിശ്രിതങ്ങളും ക്വാറന്റൈന്‍ കാലയളവില്‍ നല്‍കുന്നത് ഉചിതമാണ്.

ആടുകള്‍ക്കായുള്ള വാക്സിനുകള്‍ എവിടെ കിട്ടും ?

പ്രധാന വാക്‌സിനുകളും അത് ലഭ്യമാവുന്ന സ്ഥാപനങ്ങളും ചുവടെ ചേര്‍ക്കുന്നു. (രോഗം, വാക്‌സിന്റെ പേര് , ഉല്പാദിപ്പിക്കുന്ന സ്ഥാപനം, ലഭ്യമായ അളവ് എന്ന ക്രമത്തില്‍ ) 

ആട് വസന്ത / പി പി ആര്‍ പ്രതിരോധ കുത്തിവെയ്പ്    

  • പി .പി. ആര്‍. വാക്സിന്‍ - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം , 50 മില്ലിലിറ്റര്‍ ( 50 ഡോസ്)  , ഒരാടിന് 1 മില്ലിലിറ്റര്‍  വീതം, 50 ആടുകള്‍ക്ക്.
  • പി .പി. ആര്‍. വാക്സിന്‍ -  ഹെസ്റ്റര്‍ ബയോസയന്‍സസ്  ലിമിറ്റഡ്  ( Hester Bio sciences Limited), 25,50 & 100 മില്ലിലിറ്റര്‍ (  25 ,50 & 100 ഡോസ് )  , ഒരാടിന് 1 മില്ലിലിറ്റര്‍  വീതം.
  • രക്ഷാ പി. പി. ആര്‍. ( RAKSHA P.P.R. ), ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്  (Indian Immunologicals Ltd).  25, 50 & 100 മില്ലിലിറ്റര്‍ ( 25 ,50 & 100 ഡോസ്) , ഒരാടിന് 1 മില്ലിലിറ്റര്‍  വീതം.

എന്ററോടോക്സീമിയ പ്രതിരോധ കുത്തിവെയ്പ്

  • എന്ററോടോക്സീമിയ വാക്സിന്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  100  മില്ലിലിറ്റര്‍ (40 ഡോസ്), ഒരാടിന് 2 .5  മില്ലി വീതം 40  ആടുകള്‍ക്ക്.
  • രക്ഷാ ഇ. ടി. വാക്‌സിന്‍ ( Raksha E.T.) , ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്.   100 മില്ലിലിറ്റര്‍ ( 50 ഡോസ്), ഒരാടിന് 2   മില്ലി വീതം 50   ആടുകള്‍ക്ക് .

കുരലടപ്പന്‍/ ഹെമറേജിക് സെപ്റ്റിസീമിയ പ്രതിരോധ കുത്തിവെയ്പ്

  • ഹെമറേജിക് സെപ്റ്റിസീമിയ വാക്സിന്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  50 ഡോസ്  (100 മില്ലിലിറ്റര്‍ ). ഒരാടിന് 2   മില്ലി വീതം 50  ആടുകള്‍ക്ക്.
  • രക്ഷാ എച്ച്. എസ് (Raksha HS) , ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് , 50 ഡോസ്  (100 മില്ലിലിറ്റര്‍ ), ഒരാടിന് 2   മില്ലി വീതം 50   ആടുകള്‍ക്ക്.

ടെറ്റനസ് പ്രതിരോധ കുത്തിവെയ്പ്

  • ടെറ്റനസ് ടോക്‌സോയിഡ് (  Tetanus Toxoid 0.5 ml, 5 ml   ), സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (  Serum Institute of India Ltd ). ഒരാടിന് 0.5  മില്ലിലിറ്റര്‍  വീതം  
  • ടെറ്റനസ് ടോക്‌സോയിഡ്, (   Tetanus Toxoid 0.5 ml, 5 ml   )  ഹാഫ്ക്കിന്‍ ബയോ  ഫാര്‍മസ്യൂട്ടിക്കല്‍സ്  (  Haffkine Bio-Pharmaceuticals Corporation) Ltd.  ഒരാടിന് 0.5  മില്ലിലിറ്റര്‍ വീതം.

മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ് എന്ന സ്ഥാപനം ഉല്പാദിപ്പിക്കുന്ന വാക്സിനുകള്‍ സംസ്ഥാനത്തെ മൃഗാശുപത്രികള്‍ വഴി ആവശ്യാനുസരണം കര്‍ഷകര്‍ക്ക് ലഭ്യമാവും. മറ്റ് വാക്സിനുകള്‍ക്കായി അതത് സ്ഥാപനങ്ങളുടെ  കേരളത്തിലെ  അംഗീകൃത വിതരണക്കാരുമായി ബന്ധപ്പെടണം.

Content Highlights: Goat farming,  Animal Husbandry