ആട് വളര്‍ത്തല്‍ കുറേക്കൂടി ശാസ്ത്രീയമായ രീതിയില്‍ നടത്തിയാല്‍ കൂടുതല്‍ ലാഭകരമാക്കാം. അതില്‍ ഏറ്റവും പ്രധാനമാണ് പെണ്ണാടുകളെ നല്ല വര്‍ഗത്തില്‍പ്പെട്ട ആരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായ മുട്ടനാടുകളെക്കൊണ്ട് ഇണചേര്‍പ്പിക്കുക എന്നത്. മുട്ടനാടുകള്‍ ശാരീരിക വൈകല്യമില്ലാത്തതും നല്ല വളര്‍ച്ചനിരക്കുള്ളതുമായിരിക്കണം. അവ പ്രത്യുത്പാദന നിരക്കും ഉത്പാദനവും കൂടിയതായിരിക്കണം. രക്ത ബന്ധമുള്ളവയെ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.

മുട്ടനാടുകളുടെ കുട്ടികളെ ചെറുപ്പം മുതലേ മറ്റ് പെണ്ണാടുകളില്‍നിന്ന് മാറ്റിപാര്‍പ്പിക്കണം. ഇവയുടെ കൂടുകള്‍ അടുത്തടുത്ത് ആവാന്‍ പാടില്ല. മുതിര്‍ന്ന പെണ്ണാടിന് കൊടുക്കുന്ന തീറ്റതന്നെ ആണാടിനും കൊടുക്കാം. ശുദ്ധജലം സദാസമയവും ലഭ്യമായിരിക്കണം. ബാഹ്യപരാദങ്ങളെയും ആന്തരിക പരാദങ്ങളെയും നിര്‍മാര്‍ജനം ചെയ്യണം. മൂന്ന് മാസം ഇടവിട്ട് വിരമരുന്ന് കൊടുക്കാം. ദിനംപ്രതികുറച്ച് സമയം മേയാന്‍ വിടണം. ഇത് വഴി അവയ്ക്ക് വ്യായാമം ലഭിക്കുകയും കുളമ്പിന്റെ അധിക വളര്‍ച്ച തടയാനും സാധിക്കുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. നിത്യേന രോമം ബ്രഷ് ചെയ്ത് വൃത്തിയാക്കുകയും വേണം. നല്ല വളര്‍ച്ചയുള്ള മുട്ടന്മാര്‍ ആറുമാസം കൊണ്ട് പ്രത്യുത്പാദനശേഷി കൈവരിക്കുന്നു. എങ്കിലും 10 മാസം പ്രായമാകുന്നതിനുമുന്‍പേ ഇണചേര്‍ക്കാന്‍ ഉപയോഗിച്ചാല്‍ പൂര്‍ണ ശാരീരിക വളര്‍ച്ചയെത്തുന്നതിന് തടസ്സമാകും.

 പ്രായപൂര്‍ത്തിയായ മുട്ടനെ ആഴ്ചയില്‍ ആറോ ഏഴോ തവണ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം. ഓരോ പെണ്ണാടിനെയും രണ്ട് പ്രാവശ്യം ഇണചേര്‍ക്കുന്നതാണ് നല്ലത്. ആട് ഫാമുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ മുട്ടനാടിനെ ഉപയോഗിക്കരുത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യവും വര്‍ഗഗുണവുമുള്ള പുതിയ ആട്ടിന്‍തലമുറയെ വളര്‍ത്താം. 

 ഫോണ്‍: 9447417336

Content highlights: Animal husbandry, Agriculture, Goat farming, Ways to keep goat healthy