പാവപ്പെട്ടവന്റെ പശു എന്നറിയപ്പെടുന്ന വളര്‍ത്തുമൃഗമാണ് ആട്. നമ്മുടെ നാട്ടില്‍ ആടുവളര്‍ത്തലിന് അനുകൂലമായ പല ഘടകങ്ങളുമുണ്ട്. മനുഷ്യര്‍ക്ക് ഉപയോഗമില്ലാത്ത വസ്തുക്കളാണ് മിക്കവാറും ആടുകളുടെ തീറ്റ. ഇത്തരം വസ്തുക്കള്‍ ഭക്ഷിച്ച് പോഷക സമ്പന്നമായ പാലും മാംസവും ഉത്പാദിപ്പിക്കുന്നുവെന്നതാണ് ആടുകളുടെ പ്രധാന സവിശേഷത.

ആടുവളര്‍ത്തലിന് പ്രാരംഭത്തില്‍ വേണ്ട മുതല്‍മുടക്ക് കുറവാണ്. ആട്ടിന്‍കൂട് പ്രാദേശികമായി ലഭിക്കുന്ന കവുങ്ങ്, പന, പടുമരങ്ങള്‍, ഓല എന്നിവകൊണ്ട് നിര്‍മിക്കാം. തീറ്റച്ചെലവും താരതമ്യേന കുറവാണ്. വീട്ടിലെ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതിനെ വളര്‍ത്തുന്ന സംരംഭത്തില്‍ ഏര്‍പ്പെടാം. കൂട്ടമായി സഞ്ചരിക്കുന്നതുകൊണ്ട്  ഒരു കൂട്ടം ആടുകളെ ഒരാള്‍ക്കുതന്നെ വളര്‍ത്താം.

സന്താനസമൃദ്ധി ആടിന്റെ മറ്റൊരു സവിശേഷതയാണ്. മിക്കവര്‍ഗത്തില്‍നിന്നും ഒരു പ്രസവത്തില്‍ ഒന്നിലേറെ കുട്ടികളെ ലഭിക്കുന്നു. ഗര്‍ഭകാലാവധി അഞ്ചുമാസമാണ്. രണ്ടുവര്‍ഷംകൊണ്ട് മൂന്നു തവണയെങ്കിലും പ്രസവിക്കും. ആടുകളെയും കുട്ടികളെയും ഏതവസരത്തിലും നല്ല  വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.

ആട്ടിന്‍പാലാകട്ടെ ഔഷധമൂല്യമുള്ളതാണ്. അതിലെ കൊഴുപ്പിന്റെ കണികകള്‍ വളരെ ചെറുതായതുകൊണ്ട് ചെറിയ കുട്ടികള്‍ക്കുപോലും എളുപ്പത്തില്‍ ദഹിക്കുന്നു. ആടിന്റെ കാട്ടവും മൂത്രവും നല്ല ജൈവവളമാണ്.

മലബാരി ആടുകള്‍

ഇന്ത്യയില്‍ക്കാണുന്ന ആടുകള്‍ പൊതുവേ രണ്ടിനത്തില്‍പ്പെട്ടവയാണ്. കോലാടും ചെമ്മരിയാടും. കേരളത്തില്‍ സാധാരണയായി വളര്‍ത്തിവരുന്നത് കോലാടുകളെയാണ്. മലബാരി, ജംനാപാരി, ബാര്‍ബാറി, ബീറ്റല്‍, ഒസ്മാനാബാദി, അട്ടപ്പാടിബ്ലേക്ക്, ഒളൂര്‍ക്കാന, സിരോഹി എന്നിവയാണ് ഇന്ത്യയിലെ പ്രധാനയിനങ്ങള്‍. ഇവയുടെ കൂട്ടത്തില്‍ കേരളത്തില്‍ വളര്‍ത്താന്‍കൂടുതല്‍ അനുയോജ്യം മലബാരിയാണ്. ഇവിടത്തെ കാലാവസ്ഥ ഈ ഈയാടുകള്‍ക്ക് യോജിച്ചതാണ്. അറേബ്യന്‍, സൂര്‍ത്തി, കച്ചി, ജംനാപാരി എന്നിവയും നാടന്‍ ആടുകളും ചേര്‍ന്ന ഒരു സമ്മിശ്രവര്‍ഗമാണ് മലബാരി.

മലബാറില്‍ പ്രത്യേകിച്ച് തലശ്ശേരി, കണ്ണൂര്‍ പ്രദേശത്താണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ ജനുസ്സിലെ ആടുകള്‍ പല നിറത്തിലും വലിപ്പത്തിലും കണ്ടുവരുന്നു.  കൊമ്പുള്ളവയും ഇല്ലാത്തവയുമുണ്ട്. ചെവികള്‍ നീണ്ടതും  തലയുടെ ഇരുഭാഗങ്ങളിലേക്ക് തള്ളിനില്‍ക്കുന്നവയുമാണ്.  പൊക്കം ശരാശരി 60 സെ.മീറ്ററാണ്. പ്രായപൂര്‍ത്തിയായ മുട്ടന് 50 കിലോയും കൊറ്റിയാടിന് 30 കിലോയും തൂക്കംകാണും. ക്ഷീരോത്പാദനത്തിനും മാംസത്തിനു ഇവയെ ഉപയോഗിച്ചുവരുന്നു. ശരാശരി പ്രതിദിന പാലുത്പാദനം ഒരു ലിറ്ററാണ്. (ഫോണ്‍: 9447417336)

Content highlights: Malabari goats, Animal husbandry, Malabari, Barbari goats, Betel, Agriculture ,Goat farming