സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍ നടന്നടുക്കുമ്പോള്‍ സ്‌നേഹശബ്ദം പുറപ്പെടുവിക്കും ഓരോപശുവും. മന്ത്രജപവും കീര്‍ത്തനാലാപനവും മുഴങ്ങുന്ന വാഴൂര്‍ തീര്‍ഥപാദ ആശ്രമാന്തരീക്ഷത്തില്‍ ഐശ്വര്യമേറ്റി നൂറിലേറെ പശുക്കള്‍. ഗരുഡധ്വജന്‍-മഹാവിഷ്ണു. അവതാരമായ ശ്രീകൃഷ്ണന്‍ ഗോപാലകന്‍.
ഗോപാലനം ഈശ്വരസേവയാക്കി ആ പേരിനെ അന്വര്‍ഥമാക്കുകയാണ് സ്വാമി. സ്‌നേഹം കൊടുത്തും വാങ്ങിയുമുള്ള ഈ ചര്യ ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുകയാണ്. മാളു, പാര്‍വതി, ദേവി, കാവേരി, ലക്ഷ്മി, കല്യാണി... ഇങ്ങനെ സ്വാമി പേരുചൊല്ലിവിളിച്ചാല്‍ അവയോരോന്നിനും അറിയാം, ആരെയാണ് തങ്ങളുടെ നാഥന്‍ വിളിക്കുന്നതെന്ന്. അവ ഉടന്‍ തലകുലുക്കി പ്രതികരിക്കും.
സനാതനധര്‍മത്തിലെ ചര്യയാണിത്. കുട്ടിക്കാലത്ത് വീട്ടില്‍ പശുവിനെ സ്നേഹിച്ചിരുന്ന പാരമ്പര്യവും തുണയായി ഈ സംരക്ഷണമേറ്റെടുക്കാന്‍. സന്യാസദീക്ഷ സ്വീകരിക്കുന്നത് ചൊവ്വര മാതൃച്ഛായ ബാലഭവന്റെ ചുമതലക്കാരനായിരിക്കെയാണ്. 1995-ല്‍ നാല്‍പ്പത്തിലേറെ പശുക്കളുടെ ഗോശാല അവിടെ ഗരുഡധ്വജാനന്ദ നടത്തിയിരുന്നു. പിന്നീട് വാഴൂര്‍ തീര്‍ഥപാദാശ്രമത്തില്‍ എത്തിയ സ്വാമി 1999-ല്‍ ഇവിടെ വിപുലമായ ശാല സ്ഥാപിച്ചു.
നാടന്‍ ഇനങ്ങളായ കാസര്‍കോടന്‍, വെച്ചൂര്‍ കൂടാതെ എച്ച്.എഫ്., ജെഴ്സി, ഗീര്‍ തുടങ്ങി വിവിധ ഇനത്തില്‍പെട്ട പശുക്കളുണ്ട്. ഗീറിലെ പ്രധാനി സ്വാമി രാധയെന്ന് വിളിക്കുന്നവള്‍. കാളക്കുട്ടന്മാരുമുണ്ട് ശാലയില്‍. ഇവയില്‍ മുമ്പന്‍ ജെല്ലിക്കെട്ട് ഗണത്തില്‍പെട്ട കങ്കയം കാള. പശുപതി എന്നാണിവന്റെ പേര്.
പരിപാലനത്തിന് ജീവനക്കാരുണ്ടെങ്കിലും എല്ലാറ്റിനും മേല്‍നോട്ടം ആശ്രമകാര്യദര്‍ശിയായ സ്വാമി ഗരുഡധ്വജാനന്ദ തന്നെ. ഏഴേക്കര്‍ സ്ഥലത്ത് പുല്‍ക്കൃഷിയുണ്ട്. കൂടാതെ പുല്ല് വാങ്ങിയും നല്‍കണം. പശുക്കളെല്ലാം കറവയുള്ളതല്ല. പ്രായമേറിയവയുമുണ്ടിവിടെ. മാതാക്കളെപ്പോലെ ഇവയെയും സംരക്ഷിക്കുകയാണ്.
തീര്‍ഥപാദാശ്രമ ഉത്പന്നങ്ങള്‍
ആള്‍ക്കാര്‍ വീടുകളിലേക്ക് ഗോശാലയില്‍നിന്ന് പാല്‍ വാങ്ങുന്നുണ്ട്. തീര്‍ഥപാദാശ്രമ ഗോശാല തൈര്, സംഭാരം എന്നിവ വിപണിയിലെത്തിക്കുന്നുണ്ട്. നേരത്തെ കാളന്‍ തയ്യാറാക്കി വിപണിയിലെത്തിച്ചിരുന്നു. ഇപ്പോള്‍ തത്കാലമത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏത്തപ്പഴവും ചേനയും മഞ്ഞളും ചേര്‍ത്ത് പാകം ചെയ്ത കാളന്‍ രണ്ടാഴ്ചയോളം കേടാകാതെ സൂക്ഷിക്കാനാകും. ആവശ്യക്കാര്‍ക്ക് നെയ്യ്, വെണ്ണ എന്നിവയും നല്‍കും.
വാസുദേവനല്ലൂരിലുമുണ്ട് ഗോശാല
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ രാജപാളയത്തിനടുത്ത് വാസുദേവനല്ലൂരില്‍ ശ്രീവിദ്യാധിരാജ ജീവകാരുണ്യാശ്രമമുണ്ട്. ഇവിടെ നാല്‍പ്പത് പശുക്കളുള്ള ഗോശാലയുണ്ട്. അമേരിക്കന്‍ മലയാളിയായ ശാസ്താംകോട്ട ജി.ബി.പിള്ളയുടെ സഹകരണത്തോടെയാണ് ഗോശാലയുടെ നടത്തിപ്പ്. മാസത്തിലൊരിക്കല്‍ സ്വാമി ഗരുഡധ്വജാനന്ദ അവിടെയുമെത്തി കാര്യങ്ങള്‍ അന്വേഷിക്കും. പന്മന ആശ്രമത്തിലെ ഗോക്കളെ വാസുദേവനല്ലൂരിലേക്ക് മാറ്റിയതാണ്. ഇവയെ കെട്ടിയിടാറില്ല. 16 ഏക്കര്‍ വളപ്പില്‍ യഥേഷ്ടം വിഹരിക്കാം.
ഗോപാലനം ഒരു വ്രതമാണ്
അനാദിയായ ആര്‍ഷസംസ്‌കാരമാണ് ഗോക്കളെ മാതാവായി കാണുന്നത്. പശുക്കളെയും ആനകളെയുമാണ് ഈശ്വരന്‍ ആദ്യം സൃഷ്ടിച്ചതെന്ന് വേദത്തിലുണ്ട്. പശുക്കള്‍ സമ്പത്തായി ഗണിക്കപ്പെട്ട കാലമാണത്. പശുക്കളില്‍നിന്നുള്ള പഞ്ചഗവ്യം യാഗങ്ങളില്‍ പ്രധാനമായിരുന്നു. ജീവിതാവസാനം വരെ പോഷകസമ്പന്നമായ പാല്‍ ചുരത്തി നല്‍കി മനുഷ്യകുലത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പശുക്കളെ പരിപാലിക്കുന്നത് ഓരോ വീട്ടിലും വ്രതമായി കരുതണം. -സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, മഠാധിപതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം.
Content Highlights: Gaushalas (Cow Shelters) at Theerthapada Asramam, Vazhoor