കല്‍പ്പറ്റ: മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ഗോരക്ഷ പ്രതിരോധ കുത്തിവെയ്പ്പ് 25-ാം ഘട്ടം ജനുവരി 14- മുതല്‍ ഫെബ്രുവരി എട്ട് വരെ നടക്കും. 87 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ വീടുകളിലെത്തിയാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നടത്തുന്നത്. നാലുമാസത്തിന് മുകളില്‍ പ്രായമുള്ളവയും ആരോഗ്യമുള്ളതുമായ എല്ലാ ഉരുക്കളെയെല്ലാം നിര്‍ബന്ധമായും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കുന്നതിനോടൊപ്പം ആരോഗ്യമില്ലാത്തവയും പൂര്‍ണ്ണ ഗര്‍ഭിണികളുമായ ഉരുക്കളെ കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
കുത്തിവെയ്പ്പിന് മൃഗമൊന്നിന് പത്ത് രൂപ എന്ന നിരക്കില്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കും. പട്ടികവര്‍ഗ (എസ്.ടി) വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് കുത്തിവെയ്പ്പ് തികച്ചും സൗജന്യമായാണ് നല്‍കുന്നത്. രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയില്‍ കുളമ്പ് രോഗം പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വനവുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ഉരുക്കളെ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കണം.
ജില്ലയിലെ നൂറ് ശതമാനം ഉരുക്കളെ കുത്തിവെയ്പിന് വിധേയമാക്കും. ജില്ലയില്‍ 72677 കന്നുകാലികളും 5166 പോത്തുകളും 3577 പന്നികളുമാണുള്ളത്. ഇതില്‍ കഴിഞ്ഞ വര്‍ഷം 65 % ഉരുക്കളെ പ്രതിരോധ കുത്തിവെയ്പ്പിന് വിധയമാക്കിയിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content highlights: Agriculture, Organic farming, Animal husbandry, Farmer