ലോകമെമ്പാടുമുള്ള പൂച്ചപ്രേമികള്‍ക്ക് പരിചിതമാണ് ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന രോഗം. വളര്‍ത്തു പൂച്ചകളിലെ മുഖ്യ മരണ കാരണങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന ഈ രോഗം ഫലപ്രദമായ വാക്‌സിനേഷന്‍ മൂലം പ്രതിരോധിക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു. പൂച്ചകളില്‍ കണ്ടുവരുന്ന അതിതീവ്രമായ സാംക്രമിക രോഗമായ ഇത് ഫൈലൈന്‍ പാര്‍വോ, ഫെലൈന്‍ ഡിസ്റ്റമ്പര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. പേരില്‍ സാമ്യമുണ്ടെങ്കിലും നായ്ക്കളില്‍ പാര്‍വോയോ ഡിസ്റ്റമ്പറോ ഉണ്ടാക്കുന്ന വൈറസുകളല്ല, പൂച്ചകളില്‍ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യനെ ബാധിക്കുന്നവയുമല്ല. 

ഫെലൈന്‍ പാര്‍വോ അല്ലെങ്കില്‍ പാന്‍ലൂക്കോപീനിയ വൈറസാണ് രോഗകാരണം. ചുറ്റുപാടുകളിലും അന്തരീക്ഷത്തിലും ഏറെ നാളുകള്‍ അതിജീവിക്കാനുള്ള കഴിവാണ് എല്ലാ പാര്‍വോ വൈറസുകളെയും പോലെ പൂച്ചകളിലെ പാര്‍വോയുടെയും പ്രത്യേകത. വീട്ടില്‍ ഒരു പൂച്ചയ്ക്ക് രോഗം വന്നു മാറിയാലും മറ്റുള്ളവയ്ക്കും വരുമെന്നത് വലിയ വെല്ലുവിളിയാണ്. അതിനാല്‍ കൂടുതല്‍ എണ്ണം പൂച്ചകളെ വളര്‍ത്തുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടതുണ്ട്.

മഴക്കാലത്ത് കേരളത്തില്‍ പല സ്ഥലങ്ങളിലും മാരകമായ ഈ അസുഖം കൂട്ടമായി പൂച്ചകളെ ബാധിക്കാറുണ്ട്. പൂച്ചക്കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായും തീവ്രമായും ബാധിക്കുന്നതെങ്കിലും പ്രായവ്യത്യാസമില്ലാതെയും രോഗം വരാവുന്നതാണ്. പൂച്ചക്കുഞ്ഞുങ്ങള്‍, അനാരോഗ്യമുള്ള പൂച്ചകള്‍, വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത പൂച്ചകള്‍ എന്നിവരൊക്കെ രോഗം വരാന്‍ സാധ്യത കൂടുതലുള്ളവരാണ്. രോഗം ബാധിച്ച പൂച്ച അതിന്റെ സ്രവങ്ങള്‍, വിസര്‍ജ്യം എന്നിവ വഴി പുറത്തു വിടുന്ന വൈറസ് വര്‍ഷങ്ങളോളം ചുറ്റുവട്ടത്ത് നിലനില്‍ക്കുന്നു. മറ്റു പൂച്ചകള്‍ക്ക് ഇതുമൂലം എപ്പോള്‍ വേണമെങ്കിലും രോഗം വരാന്‍ സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍

ദ്രുതഗതിയില്‍ വളരുകയും വിഭജിക്കുകയും ചെയ്യപ്പെടുന്ന കോശങ്ങളെയാണ് ഫെലൈന്‍ പാര്‍വോ വൈറസ് ബാധിക്കുന്നതും കൊല്ലുന്നതും. ഉദാഹരണത്തിന് മജ്ജ, ചെറുകുടല്‍, വളരുന്ന ഭ്രൂണം തുടങ്ങിയവയിലെ കോശങ്ങള്‍. ചെറുകുടലിന്റെ ആവരണം അഥവാ എപ്പിത്തീലിയത്തെ ഈ വൈറസ് നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന കഠിനമായ വയറിളക്കവും ഛര്‍ദ്ദിയുമാണ് പ്രധാന ലക്ഷണങ്ങള്‍. പൊതുവായ മടുപ്പ്, വിശപ്പില്ലായ്മ, ഉയര്‍ന്ന പനി, മൂക്കൊലിപ്പ് എന്നിവ മറ്റു ലക്ഷണങ്ങള്‍. തുടക്കത്തില്‍ നേരിയ പനിയും ദുര്‍ഗന്ധമുള്ള വയറിളക്കവുമുള്ള പൂച്ചകള്‍ വെള്ളം നല്‍കുന്ന പാത്രത്തിന്റെ മുന്‍പില്‍ തലകുനിച്ചിരിക്കുന്നതാവും ഉടമകള്‍ കാണുക. 

വയറിളക്കവും ഛര്‍ദ്ദിയും ദിവസങ്ങളോളം നീളുന്നതോടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകുന്നു. ദ്രാവകങ്ങളും ലവണങ്ങളും വിറ്റാമിനുകളും നഷ്ടപ്പെടുന്നതോടെ  ശരീരക്ഷീണം കലശലാകുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ശ്വേതരക്താണുക്കളെ വൈറസ് നശിപ്പിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നു. പ്രതിരോധശേഷി കുറയുന്ന ഈയവസരം മുതലെടുത്ത് കുടലിലുള്ള ബാക്ടീരിയകളും വിരകളും  ആക്രമിക്കുന്നതോടുകൂടി ചെറുകുടലിന്റെ ആവരണത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം അട്ടിമറിക്കപ്പെടുന്നു. തല്‍ഫലമായി രക്തത്തോടു കൂടിയ വയറിളക്കം കാണപ്പെടും.

ജലാംശം നഷ്ടപ്പെട്ട ശരീര ചര്‍മ്മം വയസ്സായവരുടേതുപോല്‍ ചുളുങ്ങി കാണപ്പെടും. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ്  കുറയുന്നതോടു കൂടി വയര്‍ വീര്‍ത്തു വരികയും നട്ടെല്ലിലെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഗര്‍ഭസമയത്ത് രോഗമുണ്ടായി വിമുക്തി നേടിയവയ്ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് മസ്തിഷ്‌ക രോഗങ്ങളും സുഷുമ്നനാഡിയെ ബാധിക്കുന്ന പ്രശ്‌നങ്ങളുമുണ്ടാകാം. 

വാക്‌സിനേഷന്‍ പ്രധാനം

പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് 8-10 ആഴ്ച പ്രായമാകുമ്പോള്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശമനുസരിച്ച് പാന്‍ലൂക്കോപീനിയക്കെതിരെയുള്ള വാക്സിന്‍ നല്‍കണം. 3-4 ആഴ്ചകള്‍ക്കുശേഷം ബൂസ്റ്റര്‍ ഡോസും ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കുക. വാക്സിനേഷനു മുന്‍പേ വിരമരുന്ന് നല്‍കുന്നതും പൂച്ചകള്‍ നല്ല ആരോഗ്യസ്ഥിതിയിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് വാക്സിന്‍ ഫലവത്താകാന്‍ സഹായിക്കും.

ഉടമകള്‍ ഓര്‍ക്കേണ്ടത്

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പൂച്ചകളെ മറ്റുള്ള പൂച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തണം. രോഗിയായ പൂച്ചകള്‍ക്കായി ഉപയോഗിച്ച ഒരു വസ്തുവും മറ്റുള്ളവയ്ക്കായി ഉപയോഗിക്കരുത്. സോഡിയം ഹൈപ്പോക്ലോറൈറ്റ് അല്ലെങ്കില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ ഉപയോഗിച്ച് രോഗം ബാധിച്ച പൂച്ചകള്‍ ഇടപഴകിയ പരിസരം മുഴുവന്‍ കഴുകി വൃത്തിയാക്കി അണുനശീകരണം നടത്തണം. അണുനശീകരണം നടത്തിയാല്‍ പോലും പരമാവധി അവിടേക്ക് മറ്റു പൂച്ചകളുടെ പ്രവേശനം അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ പൂച്ചക്കുട്ടികളെ അനുവദിക്കരുത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗ ലക്ഷണം കണ്ടാല്‍ രോഗം തീവ്രമായി നിര്‍ജ്ജലീകരണത്തിന്റെ അവസ്ഥയിലേക്ക് എത്തുന്നതിനു മുമ്പേ വേഗത്തില്‍ വെറ്ററിനറി ആശുപത്രിയില്‍ എത്തിക്കേണ്ടതാണ് വൈറസിനെതിരെ പ്രത്യേക ചികില്‍സയില്ല. ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ചികിത്സയാണ് നല്‍കുക. നാലോ അഞ്ചോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഫ്ളൂയിഡ് തെറാപ്പിയും അണുസംക്രമണത്തിനെതിരായുള്ള മരുന്നുകളും നല്‍കാറുണ്ട്. വീട്ടിനുള്ളില്‍ വളര്‍ത്തുന്നവയാലും പുറത്തു പോകുന്നവയായാലും വാക്‌സിന്‍ നല്‍കുക തന്നെയാണ് പ്രധാന പ്രതിരോധം.

Content Highlights: Feline Panleukopenia virus infection in cat