അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളുടെ പാലില്‍ കൊഴുപ്പളവ് കുറയുന്നത് ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. തീറ്റക്രമത്തിലെയും പരിചരണത്തിലെയും അശാസ്ത്രീയത കാരണം പാലിലെ കൊഴുപ്പളവ് കുറയുന്ന ഉപാപചയരോഗാവസ്ഥ ലോ മില്‍ക്ക് ഫാറ്റ് സിന്‍ഡ്രോം എന്നാണ് അറിയപ്പെടുന്നത്.

കൊഴുപ്പുകൂടാന്‍  സമ്പൂര്‍ണ്ണ സമ്പന്ന തീറ്റകള്‍ 

പ്രത്യേക സോഫ്്റ്റ്‌വെയര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാന്ദ്രീകൃത പരുഷാഹാരങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവയെല്ലാം കൃത്യമായ അനുപാതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തീറ്റയാണ് ടി. എം. ആര്‍. (Total mixed ration )  അഥവാ സമ്പൂര്‍ണ്ണ മിശ്രിത കാലിത്തീറ്റകള്‍. പോഷകങ്ങള്‍ സമീകൃതമായി ഉള്‍പ്പെടുത്തി സമ്പന്നമാക്കിയ ടി.എം.ആര്‍ സമ്പൂര്‍ണ്ണ മിശ്രിത കാലിത്തീറ്റകള്‍ അധിക ആമാശയ അമ്ലത തടയാനും ആമാശയരോഗ്യം ഉറപ്പുവരുത്താനും ഉത്തമമാണ്. ടി.എം.ആര്‍ തീറ്റകള്‍ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ ദഹനം കാര്യക്ഷമമാവുകയും പാലിന്റെ അളവും കൊഴുപ്പുമെല്ലാം വര്‍ധിക്കുകയും ചെയ്യും. 

മികവിന് കാല്‍സ്യം സോപ്പുകള്‍ 

അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളുടെ പാലിലെ കൊഴുപ്പ് ഉയര്‍ത്താനും ഉല്‍പ്പാദനത്തിനാവശ്യമായ മതിയായ ഊര്‍ജ്ജം ലഭ്യമാക്കാനുമുള്ള മികച്ച ഒരു വഴിയാണ് അവയുടെ തീറ്റയില്‍ പ്രത്യേക സാങ്കേതികവിദ്യ വഴി നിര്‍മിച്ച ബൈപ്പാസ് കൊഴുപ്പുകള്‍ ഉള്‍പ്പെടുത്തുക എന്നുള്ളത്. ആമാശയത്തിലെ ആദ്യ അറയായ റൂമനിലെ ദഹനപ്രവര്‍ത്തനങ്ങളെ അതിജീവിക്കുന്ന ബൈപ്പാസ് കൊഴുപ്പുകള്‍ നാലാം അറയായ അബോമാസത്തില്‍ വെച്ചുമാത്രമേ വിഘടിപ്പിക്കപ്പെടുകയുള്ളൂ. തുടര്‍ന്ന് ചെറുകുടലില്‍ വെച്ച് നേരിട്ട് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. 

ഉയര്‍ന്ന തോതില്‍ കൊഴുപ്പടങ്ങിയ പ്രകൃതിദത്തസാന്ദ്രീകൃതാഹാരങ്ങള്‍ തീറ്റയില്‍ അധികരിച്ചാല്‍ പാലുല്‍പ്പാദനം തന്നെ കുറയുന്നതിന് കാരണമാവുകയും ഒപ്പം ദഹനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യും. എന്നാല്‍ ബൈപ്പാസ് കൊഴുപ്പുകള്‍ പരുഷാഹാരങ്ങളുടെ ദഹനത്തെയോ സൂക്ഷ്മാണുക്കളുടെ കിണ്വന പ്രവര്‍ത്തനങ്ങളെയോ തടസ്സപ്പെടുത്തുകയില്ല. മാത്രവുമല്ല പ്രകൃതിദത്ത കൊഴുപ്പില്‍ കാല്‍സ്യം ചേര്‍ത്തുള്ള സാങ്കേതികവിദ്യ വഴി നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ബൈപ്പാസ് കൊഴുപ്പുകള്‍ വിഘടിക്കുമ്പോള്‍ കൊഴുപ്പിനൊപ്പം കാല്‍സ്യവും പശുക്കള്‍ക്ക് ലഭ്യമാവും. കാല്‍സ്യം ചേര്‍ത്ത നിര്‍മിച്ചാല്‍ കാല്‍സ്യം സോപ്പുകള്‍ എന്നാണ് ബൈപ്പാസ് കൊഴുപ്പുകള്‍ അറിയപ്പെടുന്നത്. 
നിയാസിന്‍ അടക്കമുള്ള ജീവകങ്ങള്‍, കോബാള്‍ട്ട്, ഫോസ്ഫറസ്, ക്രോമിയം തുടങ്ങിയ ധാതുക്കള്‍, യീസ്റ്റ് (സക്കാരോമൈസെസ് സെര്‍വീസിയ), അസ്പരാഗസ് റേസിമോസസ് തുടങ്ങിയ മിത്രാണുക്കള്‍, ആമാശയ അമ്ലത ലഘൂകരിക്കുന്നതിനായി പൊട്ടാസ്യം, ക്ലോറൈഡ് പോലുള്ള ക്ഷാരഘടകങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ ബൈപ്പാസ് കൊഴുപ്പുമിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. 

വിലയൊരല്പം കൂടുതലാണെങ്കിലും മേന്മയുള്ള പാല്‍ ഉറപ്പുവരുത്തുന്നതിനാല്‍ ബൈപ്പാസ് കൊഴുപ്പുകള്‍ ഉപയോഗിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് ഒരിക്കലും നഷ്ടമാവില്ല. 10 മുതല്‍ 15 ലിറ്ററിലധികം പാലുല്‍പ്പാദിപ്പിക്കുന്ന പശുക്കള്‍ക്ക് പ്രതിദിനം 50-100 ഗ്രാം വരെ ബൈപ്പാസ് കൊഴുപ്പുമിശ്രിതങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തി നല്‍കാം.

പുതുമയേറിയ പ്രോബയോട്ടിക്കുകള്‍

പശുക്കളുടെ ദഹനവ്യൂഹത്തില്‍ മിത്രാണുക്കളുടെ എണ്ണവും സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനും ദഹനശേഷി കാര്യക്ഷമമാക്കുന്നതിനും ഉത്തമമാണ് പ്രോബയോട്ടിക്കുകള്‍. ലാക്‌ടോബാസിലസ് അസിഡോഫിലസ്, ലാക്ടോബാസിലസ് ബിഫിഡസ്, യീസ്റ്റ് എന്നിവയെല്ലാം അടങ്ങിയ പ്രോബയോട്ടിക് മിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പ്രോബയോട്ടിക്കുകള്‍ തീറ്റപരിവര്‍ത്തനശേഷിയും പാലിന്റെ അളവും കൊഴുപ്പും ഉയര്‍ത്തുമെന്ന് പഠനഫലങ്ങള്‍ ഉണ്ട്.

ജീവകങ്ങളും ധാതുക്കളും നാരും മികച്ച തോതില്‍ അടങ്ങിയ അസോള തീറ്റയില്‍ ചേര്‍ത്ത് നല്‍കിയാല്‍ പാലിന്റെ അളവും കൊഴുപ്പും വര്‍ധിക്കുന്നതായി പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. പ്രതിദിനം 2 മുതല്‍ 4 കിലോ വരെ അസോള തീറ്റയില്‍ ചേര്‍ത്ത് കറവപ്പശുക്കള്‍ക്ക് നല്‍കാം. 

ഇതോടൊപ്പം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി 50 മുതല്‍ 60 ഗ്രാം വീതം ധാതുലവണമിശ്രിതങ്ങള്‍ ദൈനംദിന തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. പണ്ടപ്പുഴു എന്ന് കര്‍ഷകര്‍ക്കിടയില്‍ അിറയപ്പെടുന്ന ആംഫിസ്റ്റോം അടക്കമുള്ള വിരബാധകള്‍ പാലിലെ ഖരപദാര്‍ത്ഥങ്ങളുടെ അളവ് കുറയുന്നതിന് കാരണമാവാറുണ്ട്. അതിനാല്‍ വിരമരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ നല്‍കാന്‍ പ്രത്യേക ശ്രദ്ധ വേണം. 

Content highlights :  Lactobacillus bifidus, Agriculture, Animal husbandry