കുട്ടനാട്ടില്‍ വീണ്ടും താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ അയ്യായിരത്തിനടുത്ത് താറാവുകള്‍ ചത്തു. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വെറ്ററിനറി വിഭാഗം ഇതുനിഷേധിക്കുന്നു. നിലവില്‍ മരുന്നുകളൊന്നും നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. 15 മുതല്‍ 20 ദിവസംവരെ പ്രായമായ താറാവുകളാണ് ചത്തിരിക്കുന്നത്. വട്ടം കറങ്ങി, കണ്ണുകാണാതെ വീഴുന്ന ലക്ഷണമാണ് താറാവുകള്‍ കാട്ടുന്നത്.

അധികൃതര്‍ അവഗണിക്കുന്നു

സംഭവം റിപ്പോര്‍ട്ടുചെയ്തിട്ടും അധികൃതര്‍ മരുന്നുനല്‍കുന്നില്ല. ദിവസവും ആയിരംവീതം താറാവുകള്‍ ചാകുന്നു. ആകെയുള്ള 20,000 താറാവുകളില്‍ പകുതിയോളം നഷ്ടമായി-കുട്ടപ്പായി, താറാവ് കര്‍ഷകന്‍

റിപ്പോര്‍ട്ട് വരണം

ആയിരത്തിനടുത്ത് താറാവുകള്‍ ചത്തിട്ടുണ്ട്. കൃത്യമായ കാരണം കണ്ടെത്താന്‍ റിപ്പോര്‍ട്ടുവരണം. സാംപിളുകള്‍ തിരുവല്ലയില്‍നിന്ന് കൂടുതല്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. പഞ്ചായത്തുമാറി താറാവുകളെ കൊണ്ടുവരുന്ന കര്‍ഷകര്‍ കൃത്യമായി വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ റിപ്പോര്‍ട്ടുചെയ്യാത്തത് നടപടികള്‍ക്ക് കാലതാമസംവരുത്തി- ദീപ, വെറ്ററിനറി സര്‍ജന്‍, ചെമ്പുംപുറം.

Content Highlights: Farmers panic as ducks die in Kuttanad