ആടുഫാമുകള്‍ തുടങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.  സ്ഥലവിസ്തൃതി, തീറ്റപ്പുല്‍ക്കൃഷി, പച്ചിലകള്‍ എന്നിവയുള്ള സ്ഥലത്ത് ഫാമുകള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം. ഫാമില്‍ വിവിധ പ്രായത്തിലുള്ള ആടുകളെ വാങ്ങണം. 10 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ക്രമത്തിലാണ് ഇവയെ വളര്‍ത്തേണ്ടത്. 50 ആടുകളെ വളര്‍ത്തുന്ന ഫാം തുടങ്ങാന്‍ പ്രസവിച്ച 25 ആടുകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ഒരു വയസ്സ് പ്രായമുള്ള 20 പെണ്ണാടുകള്‍, അഞ്ച് മുട്ടനാടുകള്‍ എന്നിവയാകാം. ആട്ടിന്‍കുട്ടികളെ എട്ടുമാസം പ്രായത്തില്‍ ഇറച്ചിക്കുവേണ്ടി  വില്‍പ്പന നടത്താം.  അതായത് ആദ്യത്തെ രണ്ട് വര്‍ഷക്കാലയളവില്‍ മൂന്ന് ബാച്ച് ആടുകളെ വില്‍ക്കാം. 

ആട്ടിറച്ചിക്ക് വിപണിയില്‍ മികച്ച വിലയുണ്ട്. ആട്ടിന്‍ക്കാഷ്ഠം  വില്പന നടത്തിയും വരുമാനം നേടാം. ആട്ടിന്‍പാലിനുവേണ്ടി ഫാം തുടങ്ങുന്നത് ലാഭകരമല്ല. തീറ്റയുടെ 70 ശതമാനവും പരുഷാഹാരങ്ങളിലൂടെയാകാം. കാലാവസ്ഥയ്ക്കിണങ്ങിയ  ചെലവുകുറഞ്ഞ കൂടുകള്‍ പണിയാം.

മലബാറി, സങ്കരയിനം ആടുകളെ വളര്‍ത്താം. ഫാമില്‍ യഥേഷ്ടം ശുദ്ധമായ വെള്ളം കുടിക്കാന്‍ ലഭിക്കണം. വെള്ളം കെട്ടിനില്‍ക്കാത്ത, ഭൂനിരപ്പില്‍നിന്ന് ഉയര്‍ന്ന നല്ലനീര്‍വാര്‍ച്ചയുള്ള സ്ഥലത്തുവേണം ആടുഫാം തുടങ്ങാന്‍. മുഴുവന്‍ ആടുകളെയും ഇന്‍ഷുര്‍ ചെയ്യണം. മാസംതോറും  വിരമരുന്നും പതിവായി വിറ്റാമിന്‍ ധാതുലവണ  മിശ്രിതങ്ങളും നല്‍കണം. 

ഇറച്ചിക്കുവേണ്ടി ആടുഫാം നടത്തുമ്പോള്‍ ആട്ടിന്‍കുട്ടികള്‍ക്ക് മുഴുവന്‍പാലും നല്‍കുന്നത് നല്ലതാണ്. ഫാം തുടങ്ങാന്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയും ലഭിക്കും.