'അത്ഭൂത മരം' അഥവാ 'മിറാക്കിള്‍ ട്രീ'യെന്ന് മുരിങ്ങയെ ശാസ്ത്രലോകം വിളിക്കുന്നത് വെറുതെയല്ല. പോഷക മേന്മയിലും ഔഷധഗുണത്തിലുമെല്ലാം മുന്‍പന്തിയിലുള്ള സസ്യങ്ങളിലൊന്നാണ് മുരിങ്ങ. കറിവെച്ചും, ഉപ്പേരിയും, തോരനുമായൊക്കെ മുരിങ്ങ ആസ്വദിച്ച് കഴിക്കുന്നവരാണ് നമ്മിലേറെയും. നീരു വലിയാനും, വേദന കുറയാനും കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിനായും അങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് നാട്ടു ചികിത്സയിലും മുരിങ്ങയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താറുണ്ട്. 

മുന്നൂറോളം രോഗങ്ങള്‍ക്കുള്ള ഔഷധമായാണ് ആയുര്‍വേദം മുരിങ്ങയെ കണക്കാക്കുന്നത്. എന്തിനേറെ, അണുവിമുക്തമാക്കി ജലം ശുദ്ധീകരിക്കാന്‍ പോലും മുരിങ്ങയിലക്ക് ശേഷിയുണ്ടെന്ന് കണ്ടെത്തിയത് ഈയിടെയാണ്. ഈ എണ്ണമറ്റ സവിശേഷതകളുള്ളതിനാല്‍  'ജീവന്റെ വൃക്ഷം' എന്ന വിശേഷണവും മുരിങ്ങയ്ക്കുണ്ട്. വേരും, തൊലിയും, ഇലയും, പൂവും, കായും, തടിയും, വിത്തും എന്തിന് കറയടക്കം ഔഷധമേയുള്ളതിനാല്‍ 'സര്‍വ്വൗഷധി' എന്ന് മുരിങ്ങയെ വിളിക്കുന്നതിലും തെറ്റില്ല. 

നമ്മുടെ അടുക്കള മുറ്റത്തും, പറമ്പിലുമെല്ലാം യഥേഷ്ടം തഴച്ചു വളരുന്ന മുരിങ്ങ, നമുക്ക് മാത്രമല്ല നമ്മുടെ വളര്‍ത്തു പശുക്കള്‍ക്കും, ആടുകള്‍ക്കും, പന്നികള്‍ക്കുമെല്ലാം നല്‍കാവുന്ന  മികച്ച ഒരു പരുഷാഹാരമാണ്. ഉയര്‍ന്ന അളവിലുള്ള  നാരും മാംസ്യവും ജലാംശവും ധാതുലവണങ്ങളും ജീവകങ്ങളും അടങ്ങിയ മുരിങ്ങയിലയും, കായും പശുക്കളുടെ പ്രതിദിന തീറ്റയില്‍  ഉള്‍പ്പെടുത്തിയാല്‍  പോഷക ന്യൂനതകള്‍ പരിഹരിക്കാം, എന്ന് മാത്രമല്ല തീറ്റച്ചിലവും കുറയ്ക്കാം.

മുരിങ്ങയിലയുടെ പോഷകമേന്മയും പശുക്കളും

സാധാരണ ഉപയോഗിക്കുന്ന കാലിത്തീറ്റ വിളകളേക്കാള്‍ പോഷക സാന്ദ്രത കൂടുതലായതിനാല്‍ ഉയര്‍ന്ന ജൈവികമൂല്യം (Biological value ) മുരിങ്ങയ്ക്കുണ്ട്. അതുകൊണ്ട് തന്നെ കാലിത്തീറ്റയായി ഉപയോഗിക്കാവുന്ന വൃക്ഷവിളകളില്‍  മുഖ്യസ്ഥാനവും മുരിങ്ങയ്ക്കുണ്ട്. പോഷക സാന്ദ്രത മാത്രമല്ല, മുരിങ്ങയിലയുടെ ദഹനശേഷിയും (Digestibility) ഉയര്‍ന്നതാണ്. അതീവ രുചികരമായതിനാല്‍  ഏറെ താത്പര്യത്തോടെ പശുക്കള്‍ മുരിങ്ങയിലയും, കായും കഴിക്കുകയും ചെയ്യും. പയര്‍വര്‍ഗ്ഗ വൃക്ഷ വിളകളില്‍  കാണുന്ന തരത്തിലുള്ള സസ്യജന്യ വിഷ വസ്തുക്കള്‍ ഒന്നും തന്നെ മുരിങ്ങയില്‍  അടങ്ങിയിട്ടില്ല. ദഹനശേഷി കുറയ്ക്കുന്ന ടാനിന്റെ അളവും തുലോം കുറവാണ്.

ഓരോ നൂറുഗ്രാം മുരിങ്ങയിലയിലും നൂറു കലോറി വീതം ഊര്‍ജ്ജവും ഒന്‍പത് ഗ്രാമോളം അന്നജവും അത്രയളവില്‍  തന്നെ മാംസ്യവും അടങ്ങിയിട്ടുണ്ട്. ജീവകം എ, തയാമിന്‍, റൈബോഫ്‌ളാവിന്‍, നിയാസിന്‍, പാന്റൊത്തെനിക്ക് അമ്ലം, ഫോളിക്ക് ആസിഡ് തുടങ്ങിയ ബി. ജീവകങ്ങള്‍, ജീവകം സി. ഇ. എന്നിവയുടെയെല്ലാം നിറഞ്ഞ സ്രോതസ്സു കൂടിയാണ് മുരിങ്ങ. 

ജീവകങ്ങള്‍ മാത്രമല്ല, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനിസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയം തുടങ്ങിയവയുടെ വളര്‍ച്ചയ്ക്കും, വികാസത്തിനും അനിവാര്യമായ അവശ്യ ധാതുക്കളും മികച്ച രീതിയില്‍  മുരിങ്ങയിലയില്‍  അടങ്ങിയിട്ടുണ്ട്. വളര്‍ച്ചയ്‌ക്കൊപ്പം പശുക്കളുടെ  ഉത്പാദന, പ്രത്യുത്പാദന ക്ഷമതയും ഉയര്‍ത്താന്‍ ഈ പോഷകങ്ങളുടെ സാന്നിധ്യം സഹായിക്കും. 

മുരിങ്ങയുടെ കായും പോഷക സമൃദ്ധിയില്‍ ഒട്ടും പിന്നിലല്ല.  ഭക്ഷ്യനാരിനും, മാംസ്യങ്ങള്‍ക്കും പുറമെ മാംഗനിസ്, മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളും  ഉയര്‍ന്ന അളവില്‍  മുരിങ്ങയുടെ കായില്‍ അടങ്ങിയിട്ടുണ്ട്.  വിവിധ കരോട്ടിനോയിഡുകള്‍, സള്‍ഫര്‍ അടങ്ങിയ അമിനോ അമ്ലങ്ങള്‍ എന്നിവയുടെ സാന്നിധ്യവും മുരിങ്ങയിലയില്‍  ഉയര്‍ന്നതാണ്. 
 
മുരിങ്ങ പശുക്കള്‍ക്ക് നല്‍കേണ്ടതെങ്ങനെ

വിളവെടുത്ത മുരിങ്ങയിലതണ്ടും, കായും 2-3 സെ. മീറ്റര്‍ നീളത്തില്‍  മുറിച്ചോ പുല്ലുവെട്ടിയില്‍ അരിഞ്ഞോ പശുക്കള്‍ക്ക് നല്‍കാം. ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ കുറഞ്ഞ അളവില്‍  മാത്രം തീറ്റയില്‍  ഉള്‍പ്പെടുത്തി മുരിങ്ങ പശുക്കളെ പരിചയപ്പെടുത്തണം. തുടര്‍ന്ന് ഘട്ടം ഘട്ടമായി വേണം മുരിങ്ങ തീറ്റയില്‍ പൂര്‍ണ്ണ അളവില്‍  ഉള്‍പ്പെടുത്തേണ്ടത്. പ്രതിദിനം 15-20 കി.ഗ്രാം വരെ മുരിങ്ങ വൈക്കോലുമായോ മറ്റു പച്ചപ്പുല്ലുകള്‍ക്കൊപ്പമോ ചേര്‍ത്ത് പശുക്കള്‍ക്ക് നല്‍കാം. പ്രത്യേകിച്ച് പശുക്കളുടെ ഊര്‍ജ്ജ, പോഷക ആവശ്യങ്ങള്‍ പൊതുവെ ഉയര്‍ന്ന ഗര്‍ഭത്തിന്റെ അവസാന മൂന്ന് മാസങ്ങള്‍, പ്രസവ വേള, പാലുല്പ്പാദനത്തിന്റെ ആദ്യ രണ്ട് മാസങ്ങള്‍ തുടങ്ങിയ വേളകളില്‍  മതിയായ ഊര്‍ജ്ജ, പോഷക ലഭ്യത ഉറപ്പുവരുത്താന്‍ തീറ്റയില്‍  മുരിങ്ങ ഉള്‍പ്പെടുത്തുന്നത് വഴി സാധിക്കും. 

ഗര്‍ഭസ്ഥ കിടാവിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രധാനമായ  ജീവകം-എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍  ഗര്‍ഭിണി പശുക്കളുടെ തീറ്റയില്‍  പ്രത്യേകിച്ച് ഗര്‍ഭസ്ഥ കിടാവിന്റെ  വളര്‍ച്ചാതോത് ഏറ്റവും കൂടിയ അവസാനത്തെ മൂന്ന് മാസത്തില്‍ പച്ചപ്പുല്ലിനൊപ്പം മുരിങ്ങയും ധാരാളമായി ഉള്‍പ്പെടുത്തിയാല്‍  ഗുണകരമായിരിക്കും. കരോട്ടിനോയിഡുകളുടെ രൂപത്തിലാണ് ജീവകം-എ മുരിങ്ങയിലയിലും, കായിലും അടങ്ങിയിരിക്കുന്നത്. പച്ചപ്പുല്ല്  കൊടുത്തു തുടങ്ങുന്ന രണ്ടാം ആഴ്ച മുതല്‍ നേരിയ അളവില്‍  മുരിങ്ങയും  കിടാക്കള്‍ക്ക് നല്‍കാം.

കൊടുംവേനലിനെയും വരള്‍ച്ചയെയും അതിജീവിച്ച് തഴച്ചു വളരാനുള്ള ശേഷി മുരിങ്ങക്കുണ്ട്. അതിനാല്‍  തന്നെ പച്ചപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് പോഷകസമൃദ്ധമായ  തീറ്റയൊരുക്കാന്‍ വീട്ടില്‍ ഒരു മുരിങ്ങത്തോട്ടമൊരുക്കിയാല്‍  സാധിക്കും.  ഒപ്പം മുരിങ്ങാ തോരനും കറിയുമൊക്കെയൊരുക്കി നമ്മുടെ തീന്‍മേശകളിലും രുചികരവും പോഷക സമൃദ്ധവുമായ ആഹാര വിഭവങ്ങള്‍ വിളമ്പുകയും ചെയ്യാം. 

 വീട്ടില്‍ ഒരു മുരിങ്ങത്തോട്ടം ഒരുക്കുന്നതെങ്ങനെ ?

സ്ഥലലഭ്യതയനുസരിച്ച് കുറച്ച് മരങ്ങള്‍ മാത്രമായോ തോട്ടമായോ മുരിങ്ങ നട്ടുപിടിപ്പിക്കാം. വീട്ടുവളപ്പില്‍  വേലിയായി വരെ മുരിങ്ങ വളര്‍ത്താറുണ്ട്. ഏത് തരം മണ്ണിലും, കാലാവസ്ഥയിലും വളരാനും മുരിങ്ങയ്ക്ക് ശേഷിയുണ്ടെങ്കിലും ഫലപുഷ്ടതയുള്ള മണല്‍ കലര്‍ന്ന അമ്ലാംശമുള്ള മണ്ണും ,  ഉഷ്ണകാലാവസ്ഥയുമാണ് മുരിങ്ങക്കൃഷിയ്ക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത്. മാത്രമല്ല കറുത്ത മണ്ണിലും ലാറ്ററൈറ്റ് മണ്ണിലും മുരിങ്ങ തഴച്ച്  വളരാറുണ്ട്‌. മെയ്, ജൂണ്‍ വരെയുള്ള മാസങ്ങളാണ് മുരിങ്ങ നടാന്‍ ഏറ്റവും യോജിച്ച മാസങ്ങള്‍

ഒരു മീറ്റര്‍ നീളമുള്ള കുറഞ്ഞത് 4 സെ. മീറ്റര്‍ വണ്ണമുള്ള കമ്പുകള്‍ നടാനായി ഉപയോഗിക്കാം. 30-50 സെ.മീറ്റര്‍ ആഴത്തിലും, 20-40 സെ.മീ. വീതിയിലും കുഴിയെടുത്ത് കമ്പുകള്‍ നാട്ടാം. കുഴികളില്‍  ജൈവവളങ്ങളും നിറയ്ക്കണം.  നടാനുപയോഗിക്കുന്ന കമ്പിന്റെ മൂന്നില്‍  ഒരു ഭാഗം മണ്ണിട്ടു മൂടാന്‍ ശ്രദ്ധിക്കണം. വിത്തു പാകിയും മുരിങ്ങ വളര്‍ത്താം. 

കാട്ടു മുരിങ്ങ, ജാഫ്‌ന മുരിങ്ങ, ചെം മുരിങ്ങ തുടങ്ങിയ നാടന്‍ മുരിങ്ങകള്‍ കൂടാതെ എ.ഡി.-4, കെ.എം.-1, പി.കെ.എം.-1,2 ധന്‍രാജ്, കെ.ഡി.എം.-1,  തുടങ്ങിയ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച അത്യുല്‍പാദനശേഷിയുള്ള മുരിങ്ങകളുടെ വിത്തുകളും ലഭ്യമാണ്. പച്ചക്കറി വിളകളായി വികസിപ്പിച്ചെടുത്ത ഈ മുരിങ്ങയിനങ്ങള്‍ കാലിത്തീറ്റ വിളകളായി ഉപയോഗിക്കാനും ഉത്തമമാണ്.  ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 600 ഗ്രാം വീതം മുരിങ്ങ വിത്തുകള്‍ വേണ്ടി വരും.

നീര്‍വാര്‍ച്ചയുള്ള മണ്ണില്‍  വിത്ത് ഒരിഞ്ച് ആഴത്തില്‍  പാകണം.  അല്ലെങ്കില്‍  പോളിത്തീന്‍ ബാഗുകളില്‍  പാകി തൈകള്‍ക്ക് 25 സെ.മീ. മുകളില്‍  ഉയരം ആകുമ്പോള്‍ കുഴികളിലേക്ക് മാറ്റി നട്ടാലും മതി. തൈകളും കമ്പുകളും നടുമ്പോള്‍ വരികള്‍ തമ്മിലും, ചെടികള്‍ തമ്മിലും രണ്ടര മീറ്റര്‍ ഇടയകലം നല്‍കാന്‍ ശ്രദ്ധിക്കണം.  കൃത്യമായി  ജലസേചനം നടത്താനും, മൂന്ന് മാസത്തില്‍  ഒരിക്കല്‍  യൂറിയയും, പൊട്ടാഷും, ഫോസ്‌ഫേറ്റുമടങ്ങിയ വളങ്ങള്‍ നല്‍കാനും മറക്കരുത്.  ഒപ്പം ജൈവവളങ്ങളും പ്രയോഗിക്കാം. 

തെങ്ങ്, കവുങ്ങ്, റബ്ബര്‍ തോപ്പുകളില്‍  ഇടവിളയായി മുരിങ്ങ നടാം. കമ്പുകളോ, വിത്തുകളോ നട്ട് അറുപത്  ദിവസത്തിനകം  ഇലകള്‍ ശേഖരിക്കാം.  ബഹുവര്‍ഷി വൃക്ഷമായതുകൊണ്ട് തന്നെ മുരിങ്ങയെ വര്‍ഷത്തില്‍  പലതവണ വിളവെടുക്കാം. ഒന്നോ രണ്ടോ മാസത്തെ ഇടവേളകളില്‍  വിളവെടുക്കുന്ന മുരിങ്ങയില്‍ 16% മാംസ്യവും, 36% അസംസ്‌കൃത നാരും, 8% ത്തോളം ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. ആറ്-എട്ട് മാസമാവുമ്പോള്‍ കായകളുടെ വിളവെടുപ്പു നടത്താം. 

ആദ്യ വര്‍ഷത്തില്‍ നൂറില്‍പ്പരം കായ്കള്‍ മുരിങ്ങയില്‍ നിന്ന് ലഭിക്കും.  മുകളിലേക്ക് വളരുന്ന ശിഖരങ്ങള്‍ മുറിച്ചു നീക്കിയും, ശിഖരങ്ങളുടെ എണ്ണം നിയന്ത്രിച്ചും ഇലയുടെയും, കായയുടെയും വിളവ് വര്‍ദ്ധിപ്പിക്കാം. 10-12 മീറ്റര്‍ വരെ ഉയരത്തില്‍  വളരാന്‍ മുരിങ്ങയ്ക്ക് ശേഷിയുണ്ട്. മരത്തില്‍  നിന്നും ഒന്ന് രണ്ട് മീറ്റര്‍ ഉയരത്തില്‍ കൈകള്‍ കൊണ്ട് കായ്കളും ഇലകളും ശേഖരിക്കാന്‍ കഴിയുന്ന വിധം മരത്തെ വെട്ടി നിര്‍ത്താന്‍ ശ്രദ്ധിക്കണം. 

Content highlights: Agriculture, Organic farming, Drum stick