മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ കൊമ്മേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലെ മുപ്പതില്‍ അധികം ആടുകളില്‍ സാംക്രമികരോഗമായ പാരാട്യൂബര്‍ക്കുലോസിസ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മൈക്കോബാക്ടീരിയം ഏവിയം പാരാട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയകളാണ് ആട്, ചെമ്മരിയാട്, പശു, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ പാരാട്യൂബര്‍കുലോസിസ് രോഗമുണ്ടാക്കുന്നത്. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന ക്ഷയം അഥവാ ട്യൂബര്‍ക്കുലോസിസ് രോഗത്തോട് ലക്ഷണങ്ങളില്‍ സമാനതയുള്ളതിനാലാണ് പാരാട്യൂബര്‍ക്കുലോസിസ് എന്ന പേര് ഈ രോഗത്തിന് ലഭിച്ചത്. ജോണീസ് ഡിസീസ് എന്നറിയപ്പെടുന്നതും പാരാട്യൂബര്‍ക്കുലോസിസ് തന്നെയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള ഒരു ജന്തുജന്യരോഗമാണിത്. 

രോഗബാധയേറ്റ മൃഗങ്ങള്‍ വിസര്‍ജ്ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും രോഗാണുക്കളെ ധാരാളമായി പുറന്തള്ളും. പ്രതികൂലകാലാവസ്ഥയെയും അണുനാശിനികളെയുമെല്ലാം അതിജീവിച്ച് ദീര്‍ഘകാലം രോഗാണുമലിനമായ പരിസരങ്ങളില്‍ നിലനില്‍ക്കാനുള്ള ശേഷി പാരാട്യൂബര്‍ക്കുലോസിസ് രോഗാണുക്കള്‍ക്കുണ്ട്. രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റ് മൃഗങ്ങള്‍ക്ക് പ്രധാനമായും രോഗബാധയുണ്ടാവുന്നത്. രോഗബാധയേറ്റ പശുക്കളുടെയും ആടുകളുടെയും പാല്‍ കുടിക്കുന്നതിലൂടെ അവയുടെ കുഞ്ഞുങ്ങള്‍ക്കും അണുബാധയേല്‍ക്കും. രോഗബാധയേറ്റ മുട്ടനാടുകളെ ബ്രീഡിങിന് ഉപയോഗിക്കുന്നതിലൂടെ പെണ്ണാടുകള്‍ക്കും രോഗം പകരും. ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന രോഗാണുക്കള്‍ ചെറുകുടലില്‍ നിന്നുള്ള പോഷകാഗിരണത്തെ തടസ്സപ്പെടുത്തും. അതോടെ രോഗബാധയേറ്റ മൃഗങ്ങള്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. മാത്രമല്ല, അവയുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനും ഇടയാക്കും.

പാരാട്യൂബര്‍ക്കുലോസിസ് ലക്ഷണങ്ങള്‍

  • ആടുകളും പശുക്കളും തീറ്റ നന്നായി കഴിക്കുമെങ്കിലും ക്രമേണയുള്ള മെലിച്ചില്‍, ഭാരക്കുറവ്.
  • പശുക്കളില്‍ ക്രമേണ ആരംഭിക്കുന്നതും നീണ്ടുനില്‍ക്കുന്നതും തീവ്രവുമായ വയറിളക്കം, ആടുകളില്‍ ഇടവിട്ടുള്ള വയറിളക്കം
  • ആന്റിബയോട്ടിക്, വിരമരുന്നുകള്‍ തുടങ്ങിയ ചികിത്സകള്‍ നല്‍കിയിട്ടും മെലിച്ചില്‍, വയറിളക്കം തുടങ്ങിയ  ലക്ഷണങ്ങള്‍ വിട്ടുമാറാതിരിക്കല്‍
  • പാലുല്‍പ്പാദനത്തില്‍ ക്രമേണയുള്ള കുറവ്
  • രോമം കൊഴിച്ചില്‍, മേനിയുടെ നിറം മങ്ങല്‍
  • താടയില്‍ വീക്കം, വിളര്‍ച്ച , ചെറിയ പനി
  • ശരീരക്ഷീണം, ഉന്മേഷക്കുറവ്, തളര്‍ച്ച
  • കുറഞ്ഞ ജനനതൂക്കവും  മുരടിച്ച വളര്‍ച്ചയുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനം
  • പ്രത്യുല്‍പ്പാദനക്ഷമത കുറയല്‍, വന്ധ്യത 

പശുക്കളിലും ആടുകളിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാരാട്യൂബര്‍കുലോസിസ് സംശയിക്കാവുന്നതാണ്. രോഗബാധയേറ്റ മൃഗങ്ങള്‍ ഉടനെ മരണപ്പെടില്ലെങ്കിലും രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കും. രോഗബാധയേറ്റ്  ഉല്‍പാദനവും പ്രത്യുല്‍പ്പാദനക്ഷമതയും വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയുമെല്ലാം മുരടിച്ച ഉരുക്കളെ സംരക്ഷിക്കേണ്ടി വരുന്നത് സംരംഭകര്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തികനഷ്ടം ഏറെയാണ്. ലക്ഷണങ്ങളില്‍ വിവിധ രോഗങ്ങളുമായി സമാനതയുള്ളതിനാല്‍ ശാസ്ത്രീയ രോഗനിര്‍ണ്ണയത്തിന് പി.സി.ആര്‍., എലീസ അടക്കമുള്ള  നൂതന മാര്‍ഗ്ഗങ്ങള്‍ വേണ്ടതുണ്ട്.

രോഗം തടയാന്‍ വാക്സിന്‍

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ ഉത്തര്‍പ്രദേശിലെ മഖ്ദൂമില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ആട് ഗവേഷണ കേന്ദ്രം പാരാട്യൂബര്‍കുലോസിസ് രോഗം തടയാന്‍ ഫലപ്രദമായ വാക്സിന്‍ വികസിപ്പിച്ചിട്ടുണ്ട്. മൂന്ന് മാസം പ്രായമെത്തിയ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കും പശുക്കിടാങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാം. ജീവിതകാലം മുഴുവനും  പ്രതിരോധശേഷി നല്‍കാന്‍ ഒറ്റ തവണ നല്‍കുന്ന വാക്സിന് സാധിക്കും. രോഗം വരാതെ പ്രതിരോധിക്കുന്നതിന് മാത്രമല്ല, രോഗം കണ്ടെത്തിയ മൃഗങ്ങളില്‍ രോഗനിവാരണത്തിനായും വാക്‌സിന്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബയോവെറ്റ് ലിമിറ്റഡ് എന്ന വാക്സിന്‍ നിര്‍മാണസ്ഥാപനം പാരാട്യൂബര്‍ക്കുലോസിസ് പ്രതിരോധവാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്.

Content Highlights: Diagnosis of paratuberculosis in cattle