നാളെയുടെ കാമധേനുവായ പശുക്കിടാക്കളുടെ ആരോഗ്യ പരിപാലനത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കന്നുകുട്ടികളുടെ ആരോഗ്യം ശോഷിക്കുന്നതിന്റെ മുഖ്യകാരണങ്ങളില്‍ ഒന്നാണ് അവയെ ബാധിക്കുന്ന വിവിധ ആന്തരികപരാദങ്ങള്‍. കിടാക്കള്‍ക്ക് തീറ്റയിലൂടെ ലഭിക്കുന്ന പോഷകങ്ങള്‍ ദഹനവ്യൂഹത്തില്‍ വച്ച് ഈ ആന്തരിക പരാദങ്ങള്‍ വലിച്ചെടുക്കും. പോഷക ന്യൂനതയ്ക്കും, വിളര്‍ച്ചയ്ക്കും, വളര്‍ച്ചാ മുരടിപ്പിനും ഇത് വഴിയൊരുക്കും. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുകയും പ്രതിരോധം ഉറപ്പുവരുത്തുകയും ചെയ്തില്ലെങ്കില്‍ കന്നുകുട്ടികളുടെ അകാലമരണത്തിന് വരെ വിരബാധകള്‍ കാരണമാവും.   

തള്ളപ്പശുവില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരാന്‍ സാധ്യതയുള്ള ടോക്‌സോകാര വിറ്റുലോറം എന്നയിനം ഉരുണ്ടവിരകള്‍, പ്രോട്ടോസോവല്‍ രോഗകാരിയായ കോക്‌സീഡിയ എന്നിവയാണ് കിടാക്കളെ ബാധിക്കാന്‍ സാധ്യതയുള്ള പ്രധാന വിരബാധകള്‍. 

ഉരുളന്‍ വിരകള്‍ക്കെതിരെ കരുതല്‍ : ലാര്‍വകള്‍ പാല്‍ വഴി കിടാങ്ങളില്‍ 

ഗര്‍ഭസ്തരത്തിലൂടെയും ( ജഹമരലിമേ )  പിന്നീട് പാലിലൂടെയും അമ്മപ്പശുവില്‍ നിന്നും കുഞ്ഞിലേക്ക് പകരാന്‍ സാധ്യതയുള്ളവയാണ് ടോക്‌സോകാര വിറ്റുലോറം എന്നയിനം ഉരുളന്‍ വിരകള്‍. പശുവിന്റെ ആമാശയത്തില്‍ നിന്നും മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന വിരയുടെ ലാര്‍വകള്‍ ആമാശയ, കുടല്‍ ഭിത്തികള്‍ തുരന്ന് പുറത്തു വരികയും രക്തം വഴി വിവിധ അവയവങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും. ഇഷ്ടകേന്ദ്രങ്ങളായ അകിടുകളില്‍ ഒളിച്ചിരിക്കുന്ന വിരകകളുടെ ലാര്‍വകള്‍ പശു പ്രസവിക്കുന്നതിന് തൊട്ടു മുമ്പായി സജീവമാവുകയും പാല്‍ വഴി കിടാക്കളിലെത്തുകയും ചെയ്യും. 

കിടാക്കളിലെ  വയറിളക്കം , മണ്ണുതീറ്റ, വയറുചാടല്‍, വിളര്‍ച്ച, പല്ലരയ്ക്കല്‍, രോമം, കൊഴിച്ചില്‍, ഉന്മേഷക്കുറവ,്  കൂടുതല്‍ സമയം ക്ഷീണം കാരണം തറയില്‍ തന്നെ കിടക്കല്‍, പാല്‍ കുടിക്കാനുള്ള മടി, കണ്ണിലെയും മോണയിലെയും ശ്ലേഷ്മസ്തരങ്ങളുടെ രക്തവര്‍ണ്ണം നഷ്ടപ്പെടല്‍, താടവീക്കം എന്നിവയെല്ലാം വിരബാധയുടെ ലക്ഷണമാണ്.

ഗര്‍ഭിണിയായ പശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്റെ 7-ാം മാസത്തില്‍ ഫെന്‍ബന്‍ഡസോള്‍, ആല്‍ബന്‍ഡസോള്‍ തുടങ്ങിയ എല്ലാതരം വിരകളെയും തടയുന്ന മരുന്നുകള്‍ നല്‍കിയും, പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകള്‍ നല്‍കിയും ടോക്‌സോകാര എന്ന ഉരുളന്‍ വിരകള്‍ അമ്മപശുവില്‍ നിന്ന് കിടാക്കളിലേക്ക് പകരുന്നത് തടയാം. 

ഒപ്പം, പ്രസവിച്ചതിന്റെ പത്താംദിവസം കിടാക്കള്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം പൈപ്പരാസിന്‍, പൈറന്റല്‍, ഫെബാന്റല്‍, ഫെന്‍ബെന്റസോള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ വിരമരുന്നുകള്‍ നല്‍കുകയും ചെയ്യണം. ആവശ്യമെങ്കില്‍ രണ്ടാഴ്ചകള്‍ക്ക് ശേഷം ഒരു തവണ കൂടി വിരമരുന്ന് നല്‍കാം. ആദ്യ ആറ് മാസം വരെ മാസത്തില്‍ ഒരു തവണ നിര്‍ബന്ധമായും വിര മരുന്ന് നല്‍കണം. പിന്നീട് ഒന്നരവയസ്സുവരെ മൂന്നു മാസമിടവിട്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരമരുന്ന് നല്‍കണം. പിന്നീട് ചാണകം പരിശോധിച്ച് മരുന്ന് നല്‍കിയാല്‍ മതിയാവും. 

ചാണക പരിശോധനയ്ക്കായി പശുവിന്റെ 10-20 ഗ്രാം വീതം ചാണകം മൃഗാശുപത്രിയില്‍ എത്തിച്ചാല്‍ മതി. കരള്‍ വിരകള്‍ക്കും, പണ്ടപ്പുഴുവിനുമൊക്കെയെതിരെ പ്രത്യേക മരുന്നുകള്‍ നല്‍കേണ്ടതിനാല്‍ ചാണക പരിശോധന പ്രധാനമാണ്. മറ്റ് രോഗങ്ങള്‍ ബാധിച്ചവയെയും, ഏഴുമാസത്തില്‍ ചുവടെ ഗര്‍ഭകാലയളവിലുള്ള പശുക്കളെയും വിരമരുന്ന് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം.

കോക്‌സീഡിയ രോഗത്തിനെതിരെ കരുതല്‍

രണ്ട് മാസത്തില്‍ ചുവടെ മാത്രം പ്രായമുള്ള  കുഞ്ഞു കിടാക്കളെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗവും, രക്തവും കഫവും കലര്‍ന്ന വയറിളക്കത്തിന് കാരണമാവുകയും ചെയ്യുന്ന പ്രോട്ടോസോവല്‍ രോഗമാണ് കോക്‌സിഡിയോസിസ് അഥവാ രക്താതിസാരരോഗം. കോക്‌സീഡിയല്‍ രോഗാണു കുടുംബത്തിലെ ഐമീറിയ എന്നയിനം അണുക്കളാണ് രോഗമുണ്ടാക്കുന്നത്. ജിയാര്‍ഡിയ വിഭാഗത്തില്‍പ്പെട്ട പ്രോട്ടോസോവല്‍ രോഗാണുക്കളും ആറുമാസത്തില്‍ ചുവടെ പ്രായമുള്ള കിടാക്കളില്‍ കഫം കലര്‍ന്ന വയറിളക്കത്തിന് കാരണമാവാറുണ്ട്. (ജിയാര്‍ഡിയാസിസ്). ഉയര്‍ന്ന ഈര്‍പ്പമുളള കാലാവസ്ഥയും തൊഴുത്തും രോഗസാധ്യത കൂട്ടും. 

വൃത്തിഹീനമായ ചുറ്റുപാടിലും ചളിയിലും, ചാണകത്തിലും കാണുന്ന കോക്‌സീഡിയല്‍ രോഗാണുക്കള്‍ തീറ്റയിലും പാലിലും കുടിവെള്ളത്തിലും കലര്‍ന്ന് ശരീരത്തിനകത്തെത്തിയാണ് കിടാങ്ങള്‍ക്ക് രോഗമുണ്ടാവുന്നത്. നനഞ്ഞ അന്തരീക്ഷത്തില്‍ ദീര്‍ഘനാള്‍ ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കാനുള്ള കഴിവ് കോക്‌സീഡിയല്‍ രോഗാണുവിനുണ്ട്.   

കോക്‌സീഡിയ രോഗം ഗുരുതരമായാല്‍ കിടാക്കളില്‍ നാഡീതളര്‍ച്ചയുടെ ബാഹ്യമായ ലക്ഷണങ്ങളും പ്രകടമാവും. കൃത്യമായ ചികിത്സ ലഭ്യമാക്കാത്ത പക്ഷം വയറിളക്കം മൂര്‍ച്ഛിച്ച് കുടലിലെ സ്തരങ്ങള്‍ ഇളകി പുറത്തു വരുന്നതിനും തുടര്‍ന്ന് മരണത്തിന് തന്നെയും കാരണമാവും. കാഷ്ട പരിശോധന നടത്തി രോഗം സ്ഥിതീകരിച്ച് ഉടന്‍ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. സള്‍ഫണമൈഡ്, മെട്രാനിഡസോള്‍ തുടങ്ങിയ ഘടകങ്ങള്‍ മരുന്നുകള്‍ കോക്‌സീഡിയല്‍ രോഗാണുക്കള്‍ക്കെതിരെ ഏറെ ഫലപ്രദമാണ്.

രോഗബാധ തടയുന്നതിനായി  തീറ്റയിലും, കുടിവെള്ളത്തിലും ചാണകം കലരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം തൊഴുത്തില്‍ മതിയായ സ്ഥലലഭ്യതയും വായുസഞ്ചാരവും ഉറപ്പുവരുത്തണം. കിടാവ് പാല്‍ കുടിക്കുന്നതിനു മുമ്പായി അകിടുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് നേര്‍പ്പിച്ച ലായനി കൊണ്ട് കഴുകി വൃത്തിയാക്കണം. കിടാവിനെ കറന്നെടുത്ത് കുടിപ്പിക്കുകയാണെങ്കില്‍ പാത്രങ്ങള്‍ പാല്‍ നിറക്കുന്നതിന് മുന്‍പായി ക്ലോറിന്‍ ജലത്തില്‍ കഴുകി വൃത്തിയാക്കണം. പ്രോട്ടോസോവകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള രോഗാണുക്കള്‍ക്കെതിരെ മതിയായ പ്രതിരോധശോഷിയാര്‍ജിക്കുന്നതിനായി പിറന്ന പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ശരീരഭാഗത്തിന്റെ പത്തിലൊന്ന് എന്ന അളവില്‍ കന്നിപ്പാല്‍ കിടാങ്ങളെ കുടിപ്പിക്കാന്‍ മറക്കരുത്.

Content highlights:Deworming, Animal husbandry,Coccidiosis, Cow