വീട്ടമ്മയായ കോഴിക്കോട് വട്ടോളിബസാറില്‍ മലയില്‍ അകത്തൂട്ട് ലീല ചന്ദ്രന്‍ 13 പശുക്കളെ അത്യാധുനിക സംവിധാനങ്ങളുള്ള ആലയില്‍ വളര്‍ത്തുന്നത് തൈര് ഉത്പാദിപ്പിക്കാന്‍ വേണ്ടിയാണ്. 50 ലിറ്റര്‍വീതം തൈര് ദിവസവും വിവിധ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളില്‍ എത്തിക്കുന്നതോടൊപ്പം 110 ലിറ്റര്‍ പാലും സ്ഥിരമായി സൊസൈറ്റിയില്‍ നല്‍കുന്നു. ഭര്‍ത്താവ് ചന്ദ്രന്‍ തുടങ്ങിയ പദ്ധതി അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം  തുടരുകയാണ് ലീല. ഏറ്റെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ ജില്ലാതലത്തില്‍ ക്ഷീരസഹകാരി, മികച്ച ക്ഷീരകര്‍ഷക, ബാലുശ്ശേരി ബ്ലോക്കിലെ മികച്ച ഡെയറിഫാം എന്നീ അംഗീകാരങ്ങള്‍ അവര്‍ നേടുകയും ചെയ്തു.

ഒരു പാത്രത്തിലെ പാല്‍ വെള്ളത്തില്‍വെച്ച് പ്രത്യേകരീതിയില്‍ തിളപ്പിച്ച് 40 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിച്ചശേഷം 50 ലിറ്റര്‍ പാലിലേക്ക് ഒരു കിലോഗ്രാം എന്ന തോതില്‍ മോര് ചേര്‍ത്ത് ഭദ്രമായി അടച്ച് സൂക്ഷിച്ച് ബാക്ടീരിയകളുടെ പ്രവര്‍ത്തനം സാധ്യമാക്കിയാണ് തൈര് ഉത്പാദിപ്പിക്കുന്നത്.

വിവാഹംപോലുള്ള ചടങ്ങുകള്‍ക്ക് ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നതും പതിവാണ്. ദിവസവും കഴുകി വൃത്തിയാക്കുന്ന തറയില്‍ പശുക്കള്‍ക്ക് കിടക്കാന്‍ റബ്ബര്‍മാറ്റുണ്ട്. എപ്പോഴും കുടിവെള്ളം കിട്ടുന്ന രീതിയില്‍ ഓരോ പശുവിനരികിലും പാത്രംവെച്ച് അതിനെ ഒരു കൊച്ചുടാങ്കുമായി പൈപ്പിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. യഥാസമയം തീറ്റനല്‍കുകയും ദിവസവും ഒരു നേരം കുളിപ്പിക്കുകയും ചെയ്യുന്നു.

അഞ്ചുമുതല്‍ 10 കിലോഗ്രാംവരെ തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവയും ഒന്നുമുതല്‍ ഒന്നരകിലോഗ്രാം വരെ പരുത്തിക്കുരുപ്പിണ്ണാക്ക്, ചോളം, ഉഴുന്നിന്‍തൊണ്ട്, രണ്ട് കിലോഗ്രാം പെല്ലറ്റ് എന്നിവ പശുവൊന്നിന് ദിവസവും നല്‍കുന്നു. പാല്‍ കൂടുതല്‍ ലഭിക്കുന്ന പശുക്കള്‍ക്ക് ഈ അളവില്‍ വര്‍ധനവരുത്തും. ഒരേക്കര്‍ സ്ഥലത്ത് സി.ഒ. 3 ഇനം തീറ്റപ്പുല്ല് കൃഷിചെയ്യുന്നു.

സ്വന്തമായുള്ള നെല്‍കൃഷിയില്‍നിന്ന് ലഭിക്കുന്നതിനുപുറമേ വിലകൊടുത്തും വൈക്കോല്‍ വാങ്ങും. ചാണകം നെല്‍കൃഷിക്കും മറ്റും വളമായി ഉപയോഗിക്കുന്നതോടൊപ്പം ബയോഗ്യാസ് പ്ലാന്റില്‍നിന്ന് വീട്ടാവശ്യത്തിനും പശുവളര്‍ത്തലിനും വേണ്ടത്ര പാചകവാതകം ലഭിക്കുന്നു. 

കാലിവളര്‍ത്തല്‍മൂലം കൃഷിയിടത്തില്‍ കൂടുതല്‍ മികവുണ്ടാക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ നേട്ടം. വിവിധതരം പച്ചക്കറികളും വീട്ടാവശ്യത്തിനുള്ള ഭക്ഷ്യപദാര്‍ഥങ്ങളും ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നാലുപേര്‍ക്ക് സ്ഥിരമായി തൊഴില്‍ നല്‍കാനും കഴിയുന്നു. വീട്ടമ്മമാര്‍ക്ക് വീട്ടില്‍ത്തന്നെ സ്വീകരിക്കാവുന്ന മികച്ച വരുമാനമാര്‍ഗമാണ് കാലിവളര്‍ത്തലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

(ഫോണ്‍: 9656603601.)