ഫാം തുടങ്ങാന്‍, പശുവിനെ വാങ്ങാന്‍, തൊഴുത്ത് കെട്ടാന്‍... ഉദാരമായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, കിട്ടാനില്ലാത്തത് ഒന്നുമാത്രം- നല്ല പശുവിനെ. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് കാലികളെ കൊണ്ടുവരുന്നത് വിലക്കിയതോടെ കഷ്ടത്തിലായത് പശുവളര്‍ത്തലുകാരും ഇടനിലക്കാരും. നല്ലയിനം പശുക്കളെ കണ്ടെത്തി കരാര്‍ ഉറപ്പിച്ച് കേരളത്തിലെ കൃഷിക്കാര്‍ക്ക് കൈമാറുന്ന ഇടപാട് നിലച്ചു.

കൈവശമുള്ള നല്ല പശുക്കളെയും കിടാരികളെയും ഉടമകള്‍ വില്‍ക്കുന്നുമില്ല. ഇതോടെ പ്രാദേശിക വില്‍പ്പനയും നിലച്ചു. നാടന്‍ പശുവളര്‍ത്തലിന് പ്രാധാന്യം വന്നതോടെ അത്തരം പശുക്കളുള്ളവരും കൊടുക്കാതെയായി. പശുവിനെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയാല്‍ അന്നുതന്നെ കച്ചവടവും നടക്കും. അത്രയേറെയാണ് പശു വിപണിയിലെ ആവശ്യകത. കേരളത്തില്‍ നല്ലയിനം കിടാരികളെ ഉത്പാദിപ്പിക്കാനുള്ള കിടാരി പാര്‍ക്ക് ഇതേവരെ സഫലമായിട്ടില്ല.

നാല് ശതമാനം പലിശനിരക്കിലാണ് വായ്പ. ഒരു കൃഷിക്കാരന് അഞ്ച് പശുക്കളെയും ഗ്രൂപ്പുകള്‍ക്ക് അതിലേറെയും വാങ്ങാന്‍ സഹായം കിട്ടുന്നുണ്ട്. ഉദാരമായ പലിശ ഏറെപ്പേറെ ആകര്‍ഷിച്ചു. നല്ലയിനം പശുക്കള്‍ക്ക് ലക്ഷം രൂപ വരെ വിലയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കൗ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 1.60 ലക്ഷം രൂപ വരെ കിട്ടും. തിരിച്ചടവ് മുടക്കാത്തവര്‍ക്ക് രണ്ട് ശതമാനം സബ്സിഡിയും ഉണ്ടാകും. 1.70 ലക്ഷം സജീവ ക്ഷീരകര്‍ഷകരില്‍ ഭൂരിഭാഗവും ഇത് ഉപയോഗിച്ചെന്നാണ് കണക്ക്. 3500 സംഘങ്ങളിലായി 7.10 ലക്ഷം അംഗങ്ങളാണ് ക്ഷീരമേഖലയിലുള്ളത്.

ഉത്പാദനത്തെ ബാധിക്കാം

നല്ലയിനം കാലികളുടെ കുറവ് പാലുത്പാദനത്തെ ബാധിക്കും. കാലികളെ കണ്ടെത്താന്‍ മൃഗസംരക്ഷണവകുപ്പിന്റെ സഹായം തേടും. ഫാമുകളാണ് പ്രധാന പാല്‍ദാതാക്കള്‍. അവരെയും ഈ സ്ഥിതി ബാധിക്കുന്നുണ്ട്.  - പി.എ.ബാലന്‍, മില്‍മ ചെയര്‍മാന്‍

കാലികളെ കിട്ടാനില്ല

പശുക്ഷാമം രൂക്ഷമായതോടെ വിലയും ഉയര്‍ന്നു. 15 ലിറ്റര്‍ വരെ കിട്ടുന്ന പശുവിനും ലക്ഷം രൂപവരെയായി വില. ഇറച്ചിക്കുള്ള കാലികളും തമിഴ്‌നാട്ടില്‍നിന്ന് വരുന്നില്ല. - എബി ഐപ്പ്, ക്ഷീരകര്‍ഷകന്‍

Content Highlights: Animal Husbandry, Cows price and demand are rising