ന്നിവളര്‍ത്തല്‍ മേഖലയില്‍ കനത്ത നഷ്ടമുണ്ടാക്കുന്ന സാംക്രമിക വൈറസ് രോഗമാണ് പന്നിപ്പനി അഥവാ ക്ലാസിക്കല്‍ സൈ്വന്‍ ഫീവര്‍. പന്നികളിലെ കോളറ രോഗം (ഹോഗ് കോളറ) എന്നറിയപ്പെടുന്നതും പന്നിപ്പനി തന്നെയാണ്. പന്നിപ്പനിയോളം കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു രോഗം പന്നിവളര്‍ത്തല്‍ മേഖലയില്‍ ഇല്ല. കേരളത്തില്‍ പന്നിവളര്‍ത്തല്‍ മേഖലയില്‍ ഇപ്പോള്‍ വളരെ വ്യാപകമായി ഈ രോഗം കണ്ടുവരുന്നുണ്ട്. ഫ്‌ലാവി വൈറസ് കുടുംബത്തിലെ സി.എസ്.എഫ്. വൈറസുകളാണ് രോഗമുണ്ടാക്കുന്നത്.

രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ പന്നികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെയാണ് പ്രധാനമായും പന്നിപ്പനി പടരുന്നത്. രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. ഫാമിലെത്തുന്ന തൊഴിലാളികള്‍ വഴിയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാം.

തീവ്ര വൈറസ് ബാധിച്ചാല്‍ ഒരാഴ്ചക്കകം പന്നികള്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ശക്തമായ പനി, വിറയല്‍, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്,  വയറിളക്കം, തൊലിപ്പുറത്ത് ചുവന്ന തിണര്‍പ്പുകള്‍, കണ്ണുകളില്‍ വീക്കം, കഴലകളുടെ വീക്കം, മഞ്ഞദ്രാവകം ഛര്‍ദ്ദിക്കല്‍, ശ്വാസതടസ്സം എന്നിവയാണ് തീവ്ര വൈറസ് ബാധയുടെ പ്രാരംഭ രോഗലക്ഷണങ്ങള്‍.  

രോഗം ബാധിച്ച പന്നികളില്‍ അവയുടെ പ്രായം, വൈറസിന്റെ തീവ്രത എന്നിവ അനുസരിച്ച് മരണനിരക്ക് നൂറ് ശതമാനം വരെയാവാം. വലിയ പന്നികളേക്കാള്‍ പന്നിക്കുഞ്ഞുങ്ങളിലാണ് രോഗസാധ്യതയും മരണനിരക്കും ഏറ്റവും കൂടുതല്‍. തീവ്രരോഗബാധയില്‍ രോഗബാധയേറ്റ് 5 മുതല്‍ 25 ദിവസങ്ങള്‍ക്കകം പന്നിക്കുഞ്ഞുങ്ങളില്‍ മരണം സംഭവിയ്ക്കും.  

വൈറസ് ബാധിച്ച വലിയ പന്നികള്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്റെ വാഹകരാവാന്‍ സാധ്യത കൂടുതലാണ്. രോഗവാഹകരായ ഇത്തരം പെണ്‍പന്നികളില്‍ ഗര്‍ഭം അലസല്‍ , വളര്‍ച്ച മുരടിച്ചതോ വൈകല്യങ്ങള്‍ ഉള്ളതോ ആയ കുഞ്ഞുങ്ങളുടെ ജനനം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. രോഗലക്ഷണങ്ങളിലൂടെയും ചത്തപന്നികളുടെ പോസ്റ്റ് മോര്‍ട്ടം പരിശോധനയിലൂടെയും പി. സി. ആര്‍. അടക്കമുള്ള നൂതന ലബോറട്ടറി വിദ്യകളിലൂടെയും രോഗനിര്‍ണയം നടത്താം. 

പ്രതിരോധിക്കാന്‍ വാക്‌സിന്‍

ക്ലാസിക്കല്‍ പന്നിപ്പനി രോഗം തടയാനുള്ള ഫലപ്രദമായ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്. പന്നിക്കുഞ്ഞുങ്ങള്‍ക്ക് ആറ് - എട്ട് ആഴ്ച/രണ്ടുമാസം പ്രായമെത്തുമ്പോള്‍ ആദ്യ പന്നിപ്പനി പ്രതിരോധ വാക്സിന്‍ നല്‍കണം. ഒരു വര്‍ഷം വരെ പ്രതിരോധം നല്‍കാന്‍ വാക്സിന് ശേഷിയുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ക്ലാസിക്കല്‍ പന്നിപ്പനി വളരെ വ്യാപകമായി കാണുന്നതിനാല്‍ ഓരോ ആറ് - ഒന്‍പത്  മാസം കൂടുമ്പോഴും ബ്രീഡിങിന് ഉപയോഗിക്കുന്ന പന്നികളില്‍ വാക്‌സിനേഷന്‍ ആവര്‍ത്തിക്കുന്നത് അഭികാമ്യമാണ്.

ബ്രീഡിങിന് ഒന്നോ രണ്ടോ ആഴ്ച മുന്‍പായി പെണ്‍പന്നികള്‍ക്ക് വാക്സിന്‍ നല്‍കണം. ഗര്‍ഭിണി പന്നികളെ ഈ വാക്സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണം. പ്രതിരോധകുത്തിവെയ്പുകള്‍ ഒന്നും നല്കിയിട്ടില്ലാത്ത പെണ്‍ പന്നികള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങള്‍ ആണെങ്കില്‍ രണ്ടാഴ്ച പ്രായമെത്തുമ്പോള്‍ ക്ലാസിക്കല്‍ പന്നിപ്പനിക്കെതിരെയുള്ള വാക്സിന്‍ നല്‍കണം.

വൈറസിനെ മുയലുകളില്‍ കടത്തിവിട്ട് വീര്യം കുറച്ചശേഷം നിര്‍മിക്കുന്ന ലാപിനൈസ്ഡ് വാക്‌സിനുകള്‍ക്ക് പകരം സെല്‍ കള്‍ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ കൂടുതല്‍ വേഗത്തില്‍ ക്ലാസ്സിക്കല്‍ പന്നിപ്പനി വാക്‌സിന്‍ നിര്‍മിക്കാനുള്ള നൂതന ടെക്‌നോളജി ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി ഗവേഷണ കേന്ദ്രം ഈയിടെ വികസിപ്പിച്ച് സംസ്ഥാനങ്ങള്‍ക്കും മറ്റ് സ്വകാര്യ ഗവേഷണസ്ഥാപനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

വാക്‌സിന്‍ ലഭ്യത

സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഫലപ്രദമായ പ്രതിരോധ വാക്‌സിന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ ലഭ്യമാക്കുന്ന വാക്‌സിനുകളും വിപണിയില്‍ ഉണ്ട്. തിരുവനന്തപുരം പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സില്‍ നിന്നും ക്ലാസിക്കല്‍ പന്നിപ്പനി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ ലഭ്യമാവും. കര്‍ഷകര്‍ക്ക് ആവശ്യമുള്ള പക്ഷം സ്ഥാപനത്തില്‍ നിന്നും നേരിട്ട് വാങ്ങുകയോ അടുത്തുള്ള മൃഗാശുപത്രി വെറ്ററിനറി സര്‍ജന്‍ മുഖാന്തിരം വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുകയോ ചെയ്യാവുന്നതാണ്. 

വിവരങ്ങള്‍ക്ക്:  0472 -2840262 

Content Highlights: Classical Swine Fever vaccine